

തിരുവനന്തപുരം: കേരളത്തിലെ രണ്ട് മുന്‍ ഡിജിപിമാരായ സെന്‍കുമാറിന്റെയും ശ്രീലേഖയുടെയും പോലുള്ള അധ:പതനത്തിനു സമാനതകളുണ്ടാവില്ലെന്ന് മുന്‍മന്ത്രിയും സിപിഎം നേതാവുമായ തോമസ് ഐസക്. രണ്ട് പേരുടെയും ഇപ്പോഴത്തെ ഹോബി ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തലാണെന്നും 'തൂക്കുമന്ത്രിസഭ ഉണ്ടായാല്‍ കേരളത്തില്‍ പ്രസിഡന്‍ഷ്യല്‍ ഭരണമുണ്ടാകുമെന്ന് ഉദ്യോഗസ്ഥര്‍ ഓര്‍ത്തോ'യെന്നുള്ള ഭീഷണിയാണ് സെന്‍കുമാറിന്റെ ലേറ്റസ്‌റ്റെന്നും ഐസക് സാമൂഹിക മാധ്യത്തില്‍ കുറിച്ചു.
'ഈ മഹാനും മഹതിയും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ പൊലീസിനെ കേരളത്തിലെ പൊലീസുമായി ഒരുനിമിഷം താരതമ്യപ്പെടുത്തിയിരുന്നെങ്കില്‍ ഈ കോമാളി വേഷം കെട്ടില്ലായിരുന്നു. നെട്ടയത്ത് അതിക്രമം കാണിച്ച ബിജെപി ഗുണ്ടകളെ അറസ്റ്റ് ചെയ്യും, നിയമത്തിനു മുന്നില്‍ കൊണ്ടുവരും. ആരാധനാലയങ്ങള്‍ ക്രിമിനലുകള്‍ക്കുള്ള ഒളിത്താവളങ്ങളാക്കരുത്. സമരം ചെയ്ത് പൊലീസിനെ ഭയപ്പെടുത്താന്‍ നോക്കുകയും വേണ്ട'- തോമസ് ഐസക്കിന്റെ കുറിപ്പില്‍ പറയുന്നു.
അധ:പതനം പലരുടെയും കണ്ടിട്ടുണ്ട്. എന്നാലും കേരളത്തിലെ രണ്ട് മുൻ ഡിജിപിമാരായ സെൻകുമാറിന്റെയും ശ്രീലേഖയുടെയും പോലുള്ള അധ:പതനത്തിനു സമാനതകളുണ്ടാവില്ല. രണ്ട് പേരുടെയും ഇപ്പോഴത്തെ ഹോബി ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തലാണ്. ‘തൂക്കുമന്ത്രിസഭ ഉണ്ടായാൽ കേരളത്തിൽ പ്രസിഡൻഷ്യൽ ഭരണമുണ്ടാകുമെന്ന് ഉദ്യോഗസ്ഥർ ഓർത്തോ’യെന്നുള്ള ഭീഷണിയാണ് സെൻകുമാറിന്റെ ലേറ്റസ്റ്റ്. സെൻകുമാർ ഏതാനും വർഷങ്ങളായി പൊലീസ് സേന വിട്ടിട്ടെന്നു കരുതാം. എന്നാൽ ഏതാനും മാസം മുമ്പ് വരെ പൊലീസിൽ ഉണ്ടായിരുന്ന ശ്രീലേഖ ‘പോടാ പുല്ലേ പൊലീസേ’ എന്നു വെല്ലുവിളിക്കുന്ന കാഴ്ച അതീവദയനീയമാണ് (pathetic). ഒരുകാലത്ത് തന്റെ കീഴ് ഉദ്യോഗസ്ഥർ ആയിരുന്നവർക്ക് ആജ്ഞാസ്വരത്തിൽ വാട്സാപ്പ് മെസേജ് അയക്കാനും അവർക്ക് മടിയില്ല.
ഈ മഹാനും മഹതിയും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ പൊലീസിനെ കേരളത്തിലെ പൊലീസുമായി ഒരുനിമിഷം താരതമ്യപ്പെടുത്തിയിരുന്നെങ്കിൽ ഈ കോമാളി വേഷം കെട്ടില്ലായിരുന്നു. ഏറ്റവും പുതിയ India Justice Report പ്രകാരം 10-ൽ കേരളത്തിന്റെ സ്കോർ 6.09 ആണ്. മുകളിൽ കർണ്ണാടക (6.78), ആന്ധ്രാപ്രദേശ് (6.32), തെലുങ്കാന (6.15) എന്നീ മൂന്ന് സംസ്ഥാനങ്ങളേയുള്ളൂ. തൊട്ടുതാഴെ തമിഴ്നാട് (5.62). എന്നാൽ നിങ്ങളുടെ യുപിക്ക് 17-ാം സ്ഥാനമാണുള്ളത് (3.92). ഉത്തരാഖണ്ഡിന് 16-ാം സ്ഥാനം (4.41). രാജസ്ഥാന് 14-ാം സ്ഥാനം (4.83), ബീഹാറിന് 13-ാം സ്ഥാനം (4.88). നിങ്ങളുടെ പുണ്യഭൂമി ഗുജറാത്തിന് 11-ാം സ്ഥാനമേയുള്ളൂ (5.07). ഇത് മനസിലുണ്ടായിരുന്നെങ്കിൽ ‘33 വർഷം താൻ സേവിച്ച സേനയെ ഓർത്ത് ഇപ്പോൾ നാണം തോന്നുന്നു’വെന്ന് ശ്രീലേഖയ്ക്ക് പറയേണ്ടി വരുമായിരുന്നില്ല.
കേരളത്തിലെ പൊലീസ് സേനയെ കൂടുതൽ ജനകീയവും കാര്യക്ഷമവുമാക്കുന്നതിനുള്ള പരിഷ്കാരങ്ങൾ കൊണ്ടുവന്നത് ഇടതുപക്ഷമാണ്. 1957-ൽ കൊളോണിയൽ പൊലീസിനെ തിരുത്തുന്നതിനുള്ള പരിഷ്കാരങ്ങൾ ആരംഭിച്ചു. സ. കോടിയേരി ബാലകൃഷ്ണൻ പൊലീസ് മന്ത്രി ആയിരിക്കുമ്പോൾ കമ്മ്യൂണിറ്റി പൊലീസ് പരിഷ്കാരങ്ങളുടെ ഭാഗമായി ജനമൈത്രി പൊലീസ് ആരംഭിച്ചു. ചട്ടങ്ങളും നിയമങ്ങളും പരിഷ്കരിച്ചു. കഴിഞ്ഞ പത്ത് വർഷക്കാലത്തിനിടയിലുണ്ടായ ഏറ്റവും പ്രധാനപ്പെട്ട മാറ്റം സേനയുടെ വിപുലീകരണം, പരിശീലനം, ഡിജിറ്റലൈസേഷനുമാണ്. ഇവയൊന്നും പൂർണ്ണമായിട്ടില്ല. ഇനിയുമേറെ ചെയ്യാനുണ്ട്.
ഇനി ചെയ്യാൻ ഉദ്ദേശിക്കുന്ന കാര്യങ്ങൾ സംബന്ധിച്ച് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രകടനപത്രികയിൽ വളരെ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. അവ കമന്റായി നൽകിയിട്ടുണ്ട്. അവ വായിച്ച് എന്താണ് അഭിപ്രായ വ്യത്യാസമുള്ളതെന്ന് രണ്ട് മുൻ ഡിജിപിമാരും പറഞ്ഞാൽ നന്നായിരിക്കും.
പക്ഷേ, ഒന്നുണ്ട്. ഡൽഹിയിൽ ഭരിക്കുന്നത് ബിജെപി ആണെന്നതുകൊണ്ട് ആജ്ഞാനുവർത്തികളായ ചില പൊലീസ് ഉദ്യോഗസ്ഥരെ ഉപയോഗപ്പെടുത്തി കേരളത്തിലെ പൊലീസിനെ ഭരിക്കാമെന്നുള്ള ചിന്ത ബിജെപിക്ക് ഉണ്ടെങ്കിൽ അത് നടക്കില്ല. അതുകൊണ്ട് മുൻ ഡിജിപിമാർ വാട്സാപ്പ് വഴിയൊന്നും ഉത്തരവ് ഇറക്കിയിട്ടൊന്നും ഒരു കാര്യവുമില്ല.
നെട്ടയത്ത് അതിക്രമം കാണിച്ച ബിജെപി ഗുണ്ടകളെ അറസ്റ്റ് ചെയ്യും, നിയമത്തിനു മുന്നിൽ കൊണ്ടുവരും. ആരാധനാലയങ്ങൾ ക്രിമിനലുകൾക്കുള്ള ഒളിത്താവളങ്ങളാക്കരുത്. സമരം ചെയ്ത് പൊലീസിനെ ഭയപ്പെടുത്താൻ നോക്കുകയും വേണ്ട.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates