ഡോ. ഷിംന അസീസ്, ആലിന്റെ മാതാപിതാക്കള്‍ Dr. Shimna Azeez, Alin Sherin Parents  Facebook
Kerala

'ഷെറിന്‍ പെറ്റമ്മ തന്നെയാണോ' എന്നൊക്കെ അവര്‍ക്ക് സംശയമുണ്ടത്രേ! മരണവീടും ഷോ മാര്‍ക്കറ്റ് ആകുന്ന കാലം!; കുറിപ്പ്

സമകാലിക മലയാളം ഡെസ്ക്

ഞ്ചു കുഞ്ഞുങ്ങള്‍ക്കു പുതു ജീവനേകി, സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായി മാറിയ ആലിന്‍ ഷെറിന് കണ്ണീരില്‍ കുതിര്‍ന്ന യാത്രയയപ്പാണ് കഴിഞ്ഞ ദിവസം കേരളം നല്‍കിയത്. ആയിരങ്ങളാണ്, പത്തനംതിട്ട മല്ലപ്പള്ളിയിലെ ആലിന്റെ വീട്ടില്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയത്. വാഹനാപകടത്തില്‍ പരിക്കേറ്റു മസ്തിഷ്‌ക മരണം സംഭവിച്ച ആലിന്റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ മാതാപിതാക്കള്‍ തീരുമാനിക്കുകയായിരുന്നു. ഏറെ ശ്ലാഘിക്കപ്പെട്ട ഈ തീരുമാനത്തിനു കൈയടികള്‍ കിട്ടുമ്പോഴും സോഷ്യല്‍ മീഡിയയില്‍ ചിലര്‍ വിമര്‍ശനവുമായി രംഗത്തുവന്നതും ചര്‍ച്ചയായി. ആലിന്റെ സംസ്‌കാര ചടങ്ങില്‍ മാതാപിതാക്കള്‍ വലിയ വിഷയമൊന്നുമില്ലാത്ത പോലെ നിന്നു എന്നായിരുന്നു ഇവരുടെ വിമര്‍ശനം. ഇതു ചൂണ്ടിക്കാട്ടി, എഴുതുകയാണ് ഡോ. ഷിംന അസീസ് ഈ കുറിപ്പില്‍. മരണത്തോട് പലരും പല രീതിയിലാണ് പ്രതികരിക്കുകയെന്ന്, സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പില്‍ ഡോ. ഷിംന പറയുന്നു.

കുറിപ്പ് വായിക്കാം:

വീട്ടിലൊരാള്‍ മരണപ്പെട്ടാല്‍ പലരും പല രീതിയിലാണ് പ്രതികരിക്കുക. ചിലര്‍ നിയന്ത്രണം വിട്ട് കരയും, വേറെ ചിലര്‍ ആകെ അന്ധാളിച്ചു തീരേ മിണ്ടാതായിപ്പോകും. ഹൗസ് സര്‍ജന്‍സിക്കാലത്ത് ഐസിയുവില്‍ നിന്ന് ബാഡ് ന്യൂസ് ബ്രേക്ക് ചെയ്യാനിറങ്ങി, അത് ചെയ്ത് ഒന്ന് തിരിഞ്ഞപ്പഴേക്ക് 'ഡോക്ടറേ' എന്ന ഉച്ചത്തിലുള്ള വിളി കേട്ട് വീണ്ടും ഓടി ചെന്നപ്പോള്‍ അവരുടെ പങ്കാളി ബോധം കെട്ട് കിടക്കുന്നതൊക്കെ കണ്ടിട്ടുണ്ട്. അടഞ്ഞു പോയ കണ്ണിന് പിടിച്ചു വെക്കാനാകാത്ത തളം കെട്ടിയ കണ്ണീര്‍ പുറത്തേക്ക് ഒഴുകുന്നതെത്ര കണ്ടിരിക്കുന്നു. മനസ്സില്‍ തോന്നുന്ന വിഷമമൊക്കെ കാറ്റില്‍ പറത്തി ഡോക്ടര്‍ മാത്രമായി നിലകൊള്ളേണ്ട അങ്ങനത്തെ നേരങ്ങളേറെ കടന്ന് പോയി.

ഐസിയു ഡ്യൂട്ടികളില്‍ കിട്ടിയ ഏറ്റവും ബുദ്ധിമുട്ടുള്ള ജോലികളില്‍ ഒന്ന് ഈ 'മരണമറിയിക്കല്‍' തന്നെയായിരുന്നു. കൈകളിലെ തരിപ്പ് കാണിക്കാന്‍ ഒന്നാം നിലയിലെ ന്യൂറോളജിയില്‍ അയല്‍വാസിയെ കൂട്ടി കേറിവന്ന് കാത്തിരിക്കുന്നതിനിടെ ഒരു മധ്യവയസ്‌കന്‍ ഹൃദയാഘാതം വന്ന് കുഴഞ്ഞു വീണു. തൊട്ടടുത്തുള്ള ഐസിയുവില്‍ എത്തിച്ചെങ്കിലും, ഏറെ ശ്രമിച്ചെങ്കിലും അദ്ദേഹം തിരിച്ച് വന്നില്ല. വിവരം കേട്ട് ഓടിയെത്തിയ മകനോട് എന്റെ അധ്യാപകന്‍ കൂടിയായ കാര്‍ഡിയോളജിസ്റ്റ് അങ്ങേയറ്റം അനുകമ്പയോടെ വിവരം അറിയിക്കുമ്പോള്‍ തൊട്ടരികില്‍ ഞാനുണ്ട്. ആശയറ്റ കുഴി പോലെയുള്ള കണ്ണുകള്‍ എന്റെ സാറിന്റെ കണ്ണിലേക്ക് തറച്ചു വെച്ച് മരണപ്പെട്ടയാളുടെ മകന്‍ നിന്നു. 'രാവിലെ പത്തിരിയും മത്തി മൊളുട്ടൗവും ബാപ്ച്ചി കയ്ച്ചിക്കി. ഞാളും പോരാന്നു പറഞ്ഞേനു സാറേ... എന്തായിപ്പോയെനോ' എന്ന് നിര്‍വികാരമായി പറഞ്ഞ് അയാള്‍ ആരെയോ ഫോണ്‍ ചെയ്യാന്‍ പോയി. പിന്നെപ്പോഴോ സഹ ഹൗസ് സര്‍ജന്‍ പറഞ്ഞറിഞ്ഞു, പിറ്റേന്ന് ഖബറിലേക്ക് മണ്ണിടുന്നേരം കുഴഞ്ഞ് വീണ് ആ മകനെ കാഷ്വാലിറ്റിയില്‍ കൊണ്ട് വന്നിരുന്നെന്ന്.

ചിലരെയൊക്കെ കാണുമ്പോള്‍ അവരൊന്ന് മനസ്സ് തുറന്ന് കരഞ്ഞിരുന്നെങ്കില്‍ എന്ന് നമുക്ക് തോന്നിപ്പോകും. 'ഇപ്പൊ പൊട്ടും' എന്ന് തോന്നുന്നൊരണക്കെട്ട് നെഞ്ചിലുണ്ടെന്ന് ഭയപ്പെടുത്തുന്ന മനുഷ്യര്‍. ആലിന്‍ പോയപ്പോള്‍ അവളിലൂടെ അഞ്ച് മക്കളെ നേടിയ അരുണും ഷെറിനും കുഞ്ഞിന്റെ സംസ്‌കാരച്ചടങ്ങില്‍ ഒരു പൊടിക്ക് പോലും കരയാത്തതില്‍ ദു:ഖാര്‍ത്തരായ കുറേ തല്‍പരകക്ഷികളെ സോഷ്യല്‍ മീഡിയയില്‍ കണ്ടു. 'ഷെറിന്‍ പെറ്റമ്മ തന്നെയാണോ' എന്നൊക്കെ അവര്‍ക്ക് സംശയമുണ്ടത്രേ. മരണവീടും ഷോ മാര്‍ക്കറ്റ് ആകുന്ന കാലം!

മരണവീട്ടില്‍ ചെന്നാല്‍ വിട ചൊല്ലിയ മനുഷ്യന്റെ ഏറ്റവുമടുത്തവരുടെ അണ്ണാക്കില്‍ കൊണ്ട് പോയി ക്യാമറ സൂം ചെയ്ത് വെക്കുന്ന മാധ്യമങ്ങളെയാണ് ആദ്യം പറയേണ്ടത്. മനുഷ്യന് 'സ്വകാര്യത' എന്നൊരു സാധനമുണ്ട്. ഏറ്റവും കൂടുതല്‍ സ്വകാര്യത ആവശ്യമുള്ള മരണം കവര്‍ ചെയ്യുമ്പോള്‍ അടിസ്ഥാനമായ കോമണ്‍ സെന്‍സ് ഉപയോഗിക്കുക എന്ന ഒന്നുണ്ടല്ലോ. ഉള്ളിലും പുറത്തുമായി ഇരുപത് മാസത്തെ ബന്ധമുള്ള പൊന്നുമോള് പോയൊരു കുടുംബമാണത്. സര്‍വ്വോപരി, അചഞ്ചലമായ ധൈര്യത്തോടെ സ്വന്തം മകളിലൂടെ അഞ്ച് മനുഷ്യര്‍ക്ക് ജീവന്‍ പകരാന്‍ ഒപ്പിട്ട് കൊടുത്ത 'മനുഷ്യര്‍' എന്ന് അക്ഷരതെറ്റില്ലാതെ വിളിക്കേണ്ടവര്‍. മഹനീയമായ മാതൃകയാണ് ആ കുടുംബം. ഇത്ര ഡിഗ്നിറ്റിയോടെ ആകസ്മികമരണത്തെ ആക്സപ്റ്റ് ചെയ്തൊരു കുടുംബം അടുത്ത കാലത്തൊന്നും കണ്ട ഓര്‍മ്മയില്ല.

മെഗാസീരിയല്‍ കാണുന്ന പോലെ മരണവീട്ടിലെ ദുഃഖം കാണാന്‍ പോകുന്ന മലയാളി വികാരജീവികള്‍ തരുന്ന ഹിറ്റും ലൈക്കും സ്വന്തം വീട്ടില്‍ ഒരു ട്രാജഡി ഉണ്ടാകുമ്പോഴും ഉണ്ടാക്കാന്‍ ശ്രമിക്കുമോ എന്ന് മാത്രം അവരെ ദീര്‍ഘനേരം ഫോക്കസ് ചെയ്ത് വെച്ച് റീലുണ്ടാക്കുന്നവര്‍ ആലോചിച്ചാല്‍ മതി. അവരുടെ ദുഃഖം നോക്കാന്‍ അവരുണ്ട്. ആലിന്‍ എന്ന കുഞ്ഞുമോളെയും കുടുംബത്തെയും ഹൃദയം കൊണ്ട് വന്ദിക്കുന്ന എണ്ണമറ്റവര്‍ കൂടെയുണ്ട്. സ്ട്രീമില്‍ വന്നത് ഓടിച്ചു കണ്ടു ജഡ്ജ് ചെയ്ത് മാര്‍ക്കിട്ട് പോകാന്‍ മോണോ ആക്റ്റ് കൊമ്പറ്റീഷന്‍ അല്ലവിടെ. സ്‌നേഹമുണ്ടോ ദുഃഖമുണ്ടോ എന്നൊക്കെ തുരന്ന് നോക്കി കണ്ടുപിടിക്കാന്‍ അവര്‍ കൂഴച്ചക്കയുമല്ല, പ്രാണനായ പൈതല്‍ പോയ പെറ്റ് പോറ്റിയവരാണ്.

വിവരദോഷത്തിന്റെ ഘോഷയാത്രക്കിടയിലെ സോഷ്യല്‍ മീഡിയ ആഭാസങ്ങള്‍ക്കിടയിലും നമ്മുടെ കൊച്ചുകേരളത്തിന്റെ അവയവദാന ഇന്‍സ്റ്റിറ്റിയുട്ടിന് നമ്മുടെയൊക്കെ പൊന്നോമനയായ ആലിന്റെ പേരിടുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം നെഞ്ച് നിറക്കുന്നതാണ്, കാലമുള്ളിടത്തോളം അവളുടെ പേരുയര്‍ന്ന് തന്നെ കേള്‍ക്കട്ടെ...

അഭിമാനമാണ്, ആദരവിന്റെ പര്യായമാണ് ആലിന്‍, അവളുടെ കുടുംബവും...

സ്നേഹാദരവുകള്‍ വാനോളം.

Dr. Shimna Azeez about Aalin Sherin death

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സര്‍ക്കാരിന് വന്‍ തിരിച്ചടി; നവകേരള സര്‍വേ ഹൈക്കോടതി റദ്ദാക്കി

'പത്ത് കോടി മുടക്കിയാലും എനിക്കിത്ര പബ്ലിസിറ്റി കിട്ടില്ല'; ധനുഷുമായുള്ള പ്രണയ ഗോസിപ്പുകളെപ്പറ്റി മൃണാള്‍ ഠാക്കൂര്‍

'പണം ഒരു പ്രശ്നമല്ല': ഗംഭീറിനെ ടീമിലെത്തിക്കാൻ വൻ ഓഫറുകളുമായി രാജസ്ഥാൻ റോയൽസ്

എഐ ഉച്ചകോടിക്ക് സൈബര്‍ സുരക്ഷാ ഭീഷണി; 'വാട്ടറിങ് ഹോള്‍ ആക്രമണങ്ങള്‍'ക്ക് സാധ്യത, മുന്നറിയിപ്പ്

മുന്തിരിയിലെ വിഷാംശം കളയാം

SCROLL FOR NEXT