ചിത്രം: പിടിഐ 
Kerala

പെരുന്നാള്‍ ഇളവുകള്‍ നല്‍കിയത് വിദഗ്ധരുമായി കൂടിയാലോചിച്ച്; സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി സര്‍ക്കാര്‍

സംസ്ഥാനത്തെ പെരുന്നാള്‍ ഇളവുകള്‍ സംബന്ധിച്ച ഹര്‍ജിയില്‍ സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ മറുപടി സമര്‍പ്പിച്ചു

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: സംസ്ഥാനത്തെ പെരുന്നാള്‍ ഇളവുകള്‍ സംബന്ധിച്ച ഹര്‍ജിയില്‍ സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ മറുപടി സമര്‍പ്പിച്ചു. ഇളവുകള്‍ നല്‍കിയത് വിദഗ്ധരുമായി കൂടിയാലോചന നടത്തിയ ശേഷമാണെന്ന് കേരളം കോടതിയെ അറിയിച്ചു. ചില മേഖലകളില്‍ മാത്രമാണ് വ്യാപാരികള്‍ക്ക് കടകള്‍ തുറക്കാന്‍ അനുമതി നല്‍കിയത്. കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കുമെന്നും ടിപിആര്‍ കുറച്ചുകൊണ്ടുവരാന്‍ ശ്രമം തുടരുകയാണെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. 

നാളെ വാദം കേള്‍ക്കാനിരിക്കുന്ന ഹര്‍ജിയില്‍ ഇന്നുതന്നെ മറുപടി നല്‍കണമെന്ന് സുപ്രീംകോടതി കേരള സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. മറുപടി നല്‍കാന്‍ കൂടുതല്‍ സമയം നല്‍കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം സുപ്രീംകോടതി തള്ളുകയായിരുന്നു. നാളെ ആദ്യത്തെ ഹര്‍ജിയായി ഇത് പരിഗണിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി. ഡല്‍ഹി മലയാളിയായ പി കെ ഡി നമ്പ്യാരാണ് സര്‍ക്കാരിനെതിരെ ഹര്‍ജി നല്‍കിയത്.

കഴിഞ്ഞ ദിവസമാണ് ബക്രീദ് പ്രമാണിച്ച് സംസ്ഥാന സര്‍ക്കാര്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ മൂന്ന് ദിവസത്തെ ഇളവ് അനുവദിച്ചത്. ഇത് ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജിയാണ് സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് റോഹിങ്ടണ്‍ നരിമാന്‍ അധ്യക്ഷനായുള്ള ബഞ്ച് പരിഗണിച്ചത്. ലോക്ക്ഡൗണ്‍ ഇളവ് ഇപ്പോള്‍ തന്നെ ആരംഭിച്ച് കഴിഞ്ഞു. മൂന്ന് ദിവസത്തേയ്ക്കാണ് ഇളവ്. അതിനാല്‍ കൂടുതല്‍ സമയം നല്‍കാന്‍ സാധിക്കില്ലെന്നും ഇന്ന് തന്നെ വിശദീകരണം നല്‍കണമെന്നും സുപ്രീംകോടതി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ബക്രീദുമായി ബന്ധപ്പെട്ട് മതപരമായ ചടങ്ങുകള്‍ നടത്തുന്നതിന് കൂടുതല്‍ ഇളവുകള്‍ നല്‍കിയിട്ടില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. ഏതാനും കടകള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും മാത്രമാണ് ഇളവ് നല്‍കിയത്. കര്‍ശന സുരക്ഷാ മാനദണ്ഡങ്ങളോടെയാണ് ഇളവ് അനുവദിച്ചത്. ഇത് പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുന്നുണ്ട് എന്നും സംസ്ഥാന സര്‍ക്കാര്‍ കോടതിയെ ധരിപ്പിച്ചു. 

രാജ്യത്ത് ഏറ്റവുമധികം കോവിഡ് രോഗികള്‍ ചികിത്സയിലുള്ള സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളമെന്ന് ഹര്‍ജിക്കാരന്‍ കോടതിയെ ബോധിപ്പിച്ചു. മഹാരാഷ്ട്രയിലെയും കേരളത്തിലെയും കോവിഡ് സാഹചര്യത്തില്‍ കഴിഞ്ഞദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി ആശങ്ക അറിയിച്ചിരുന്നു. സംസ്ഥാനത്ത് ആരോഗ്യ അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യമാണ് നിലനില്‍ക്കുന്നത്. ഈ പശ്ചാത്തലത്തില്‍ മനുഷ്യരുടെ ജീവന്‍ വച്ച് സര്‍ക്കാര്‍ പന്താടുകയാണ് എന്ന് സൂചിപ്പിച്ച് കൊണ്ടാണ് സര്‍ക്കാരിനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്.

കാന്‍വാര്‍ യാത്രയുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം സുപ്രീംകോടതി സ്വമേധയാ കേസ് എടുത്തിരുന്നു. കോവിഡ് സാഹചര്യത്തില്‍ കാന്‍വാര്‍ യാത്ര നടത്തുന്നതിനെതിരെയാണ് സുപ്രീംകോടതിയുടെ ഇടപെടല്‍ ഉണ്ടായത്. ഇതില്‍ കക്ഷി ചേരാനാണ് പി കെ ഡി നമ്പ്യാര്‍ ഹര്‍ജി നല്‍കിയത്. കേസ് പരിഗണിക്കുന്ന വേളയില്‍ ജീവിക്കാനുള്ള അവകാശത്തിന് മുകളിലല്ല മതപരമായ അവകാശങ്ങളെന്ന് സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് റോഹിങ്ടണ്‍ നരിമാന്‍ അധ്യക്ഷനായുള്ള ബഞ്ച് നിരീക്ഷിച്ചിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അതിദാരിദ്ര്യമുക്ത സംസ്ഥാനം എന്ന പ്രഖ്യാപനം ശുദ്ധ തട്ടിപ്പെന്ന് വി ഡി സതീശന്‍; തട്ടിപ്പ് എന്ന് പറയുന്നത് സ്വന്തം ശീലങ്ങളില്‍ നിന്നെന്ന് മുഖ്യമന്ത്രി, സഭയില്‍ കൊമ്പുകോര്‍ക്കല്‍

സിനിമാ പ്രേമിയാണോ?; സൗജന്യമായി ടിക്കറ്റ് ലഭിക്കും, ചെയ്യേണ്ടത് ഇത്രമാത്രം

നൃത്തത്തിലും വിസ്മയമാകുന്ന ആഷ്; താരറാണിയുടെ അഞ്ച് ഐക്കണിക് ഡാൻസ് പെർഫോമൻസുകൾ

'കരിക്ക്' ടീം ഇനി ബിഗ് സ്‌ക്രീനിൽ; ആവേശത്തോടെ ആരാധകർ

'എന്റെ കൈ മുറിഞ്ഞ് മൊത്തം ചോരയായി; വിരലിനിടയില്‍ ബ്ലെയ്ഡ് വച്ച് കൈ തന്നു'; ആരാധന ഭ്രാന്തായി മാറരുതെന്ന് അജിത്

SCROLL FOR NEXT