കോണ്‍ഗ്രസുകാരും ഇനി സഹപ്രവര്‍ത്തകരെ സഖാവെ എന്ന് വിളിക്കും 
Kerala

'എന്തുണ്ട് സഖാവേ' ഇനി യൂത്ത് കോണ്‍ഗ്രസുകാരും വിളിക്കും; അഭിസംബോധന ഏറ്റെടുത്ത് കോണ്‍ഗ്രസ് യുവജന സംഘടന

ഇടതുപക്ഷ പ്രസ്ഥാനവുമായുള്ള ബന്ധത്തിനപ്പുറം ഈ വാക്കിന് സാംസ്‌കാരികവും ചരിത്രപരവുമായ പശ്ചാത്തലമുണ്ടെന്ന് കേരളത്തിലെ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു

Author : കെഎസ് ശ്രീജിത്ത്
Edited By : Sujith

തിരുവനന്തപുരം: ഇടതുപക്ഷം മാത്രമല്ല, യൂത്തു കോണ്‍ഗ്രസുകാരും ഇനി സഹപ്രവര്‍ത്തകരെ സഖാവെ എന്ന് വിളിക്കും. യൂത്ത് കോണ്‍ഗ്രസിന്റെ ദേശീയ സംഘടനാ പരീശീലന പരിപാടിയിലാണ് സഹപ്രവര്‍ത്തകരെ സഖാവെ എന്നുവിളിക്കാനുള്ള തീരുമാനമുണ്ടായത്. ആശയപരമായ കാരണങ്ങളെക്കാള്‍ ലിംഗ നിഷ്പക്ഷത മുന്‍നിര്‍ത്തിയാണ് ഈ തീരുമാനമെന്നാണ് യൂത്ത് കോണ്‍ഗ്രസ് നേതൃത്വം പറയുന്നത്.

താഴെത്തട്ടുമുതല്‍ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിനും നേതൃപാടവം മെച്ചപ്പെടുത്തുന്നതിനുമായി ബ്ലോക്ക് തലം മുതല്‍ മുകളിലേക്കുള്ള പ്രവര്‍ത്തകര്‍ക്കായി ചിട്ടയായ പരിശീലന പരിപാടിക്ക് ദേശീയ നേതൃത്വം തുടക്കം കുറിച്ചു. പഠനം, അവസരം, നീതി, ജനപങ്കാളിത്തം, സ്വാതന്ത്ര്യം എന്നിവ ഉള്‍പ്പെടുന്ന 'നിര്‍മാണ്‍' എന്ന് പേരിട്ടിരിക്കുന്ന പരിപാടിയിലൂടെ പ്രവര്‍ത്തകര്‍ക്ക് രാഷ്ട്രീയ വിദ്യാഭ്യാസവം ഉറപ്പാക്കുകയാണ് ലക്ഷ്യമിടുന്നത്. എഐസിസി പരിശീലന വിഭാഗവും ന്യൂഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്റു ലീഡര്‍ഷിപ്പ് ഇന്‍സ്റ്റിറ്റ്യൂട്ടും സംയുക്തമായാണ് സംഘടിപ്പിച്ചത്.

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കായുള്ള പരിശീലന പരിപാടി കര്‍ണാടകയിലാണ് നടന്നത്. രാഷ്ട്രീയ വിദ്യാഭ്യാസം, നേതൃപാടവം, സംഘടനാ പരിശീലനം എന്നിവയ്ക്ക് വലിയ പ്രാധാന്യം നല്‍കുന്നതാണ് നിര്‍മ്മാണ്‍ എന്ന് പേരിട്ട് ഈ പരിപാടിയെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. ലിംഗഭേദമില്ലാതെ എല്ലാവരെയും അഭിസംബോധന ചെയ്യാന്‍ കഴിയുന്ന വാക്ക് എന്ന നിലയിലാണ് സഖാവ് എന്ന പദം തെരഞ്ഞെടുത്തതെന്നും അദ്ദേഹം പറഞ്ഞു. പുരുഷന്മാരെ വിളിക്കാന്‍ ഉപയോഗിക്കുന്ന സഖാ എന്നും സ്ത്രീകളെ വിളിക്കാന്‍ ഉപയോഗിക്കുന്ന സഖി എന്നുമുള്ള ഹിന്ദി പദത്തില്‍ നിന്നാണ് ഈ വാക്ക് ഉരുത്തിരിഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സാധാരണയായി കേരളത്തില്‍ ഈ വാക്ക് ഇടതുപാര്‍ട്ടികളുമായി ബന്ധപ്പെട്ടാണ് ഉപയോഗിക്കപ്പെടുന്നത്. എന്നാല്‍, എല്ലാ സംസ്ഥാനങ്ങളിലെയും കോര്‍ഡിനേറ്റര്‍മാരുടെ യോഗത്തില്‍, പുരുഷന്മാരെയും സ്ത്രീകളെയും ഒരുപോലെ അഭിസംബോധന ചെയ്യാന്‍ കഴിയുന്നതിനാല്‍ 'സഖാവേ' എന്ന പദം ഉപയോഗിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. എല്ലാവരും ഈ നിര്‍ദ്ദേശം അംഗീകരിക്കുകയും ചെയ്തു,' അവര്‍ പറഞ്ഞു.

അതേസമയം, ഇടതുപക്ഷ പ്രസ്ഥാനവുമായുള്ള ബന്ധത്തിനപ്പുറം ഈ വാക്കിന് സാംസ്‌കാരികവും ചരിത്രപരവുമായ പശ്ചാത്തലമുണ്ടെന്ന് കേരളത്തിലെ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. കവിയും സ്വാതന്ത്ര്യസമര സേനാനിയുമായ അംശി നാരായണ പിള്ള 1930-ല്‍ രചിച്ച 'വരിക വരിക സഹജരേ, സഹന സമര സമയമായി' എന്ന പ്രശസ്തമായ ഗാനം അവര്‍ ചൂണ്ടിക്കാണിക്കുന്നു. ഈ ഗാനത്തിന്റെ മൂന്നാം ചരണത്തില്‍ 'എത്ര നാള്‍ അടിമയായി കിടക്കണം സഖാക്കളെ...' എന്ന് കവി പ്രയോഗിച്ചിട്ടുണ്ട്. 'അര്‍ജ്ജുനന്‍ പോലും ശ്രീകൃഷ്ണനെ 'സഖാ' എന്നാണ് അഭിസംബോധന ചെയ്തിരുന്നത്,' ഈ പരിപാടിയുടെ കേരള സംസ്ഥാന കോര്‍ഡിനേറ്ററും കോണ്‍ഗ്രസ് കൊല്ലം ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റുമായ ഗീത കൃഷ്ണന്‍ പറഞ്ഞു.

സ്ത്രീകള്‍ ഉള്‍പ്പെടെ കേരളത്തില്‍ നിന്നുള്ള 18 അംഗ സംഘം 'ട്രെയിനിങ്-ഓഫ്-ട്രെയിനേഴ്‌സ്' പരിപാടി പൂര്‍ത്തിയാക്കിയതായി ഗീത കൃഷ്ണന്‍ പറഞ്ഞു 'നല്ല ശ്രോതാക്കളാകാന്‍ പഠിപ്പിക്കുക എന്നതാണ് ഞങ്ങള്‍ അവര്‍ക്ക് നല്‍കുന്ന പ്രധാന പരിശീലനം. നല്ലൊരു ശ്രോതാവിന് മാത്രമേ നല്ലൊരു നേതാവാകാന്‍ കഴിയൂ,' അവര്‍ പറഞ്ഞു.

യു.പി.എ സര്‍ക്കാര്‍ കൊണ്ടുവന്ന മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഭക്ഷ്യസുരക്ഷാ നിയമം, വിദ്യാഭ്യാസ അവകാശ നിയമം, വനാവകാശ നിയമം തുടങ്ങിയ പ്രധാന ക്ഷേമപദ്ധതികളെയും അവകാശാധിഷ്ഠിത നിയമനിര്‍മ്മാണങ്ങളെയും കുറിച്ച് പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് കൃത്യമായ അറിവ് നല്‍കുകയും ഇതിലൂടെ ലക്ഷ്യമിടുന്നു. യൂത്ത് കോണ്‍ഗ്രസിന്റെ താഴത്തട്ടുമുതലുള്ള പ്രവര്‍ത്തങ്ങള്‍ സംഘടനാഘടകങ്ങള്‍ക്ക് അപ് ലോഡ് ചെയ്യാന്‍ കഴിയുന്ന 'യൂത്ത് കോണ്‍ഗ്രസ് ആപ്പിനെ' കുറിച്ച് പ്രവര്‍ത്തകര്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കും. കൂടുതല്‍ സ്ത്രീകളെ നേതൃത്വസ്ഥാനങ്ങളിലേക്ക് കൊണ്ടുവരാന്‍ ലക്ഷ്യമിട്ടുള്ള 'ശക്തി അഭിയാന്‍' എന്ന സംരംഭവും പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

'Entha Sakhave?': Left's familiar salutation finds a place in Youth Congress

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കുല്‍ഗാമില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍ നേതാവ് വലയിലായതായി സൂചന

ഡോക്ടറെ ഭീഷണിപ്പെടുത്തി പണം തട്ടുന്ന ദൃശ്യങ്ങള്‍ പുറത്ത്; സുഹൈലിനെ പുറത്താക്കി കോണ്‍ഗ്രസ്

കോഴിക്കോട് ബിച്ചില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി, അന്വേഷണം

ആര്‍എസ്എസ് നേതാവ് മണ്ണന്തല രഞ്ജിത്ത് വധക്കേസില്‍ ശിക്ഷ ഇന്ന്; കോടതി വളപ്പില്‍ വന്‍ സുരക്ഷ

മെസി ഇല്ലാതെ അര്‍ജന്റീനയുടെ വിജയം; ഏഴ് ഗോളിന് കോസ്റ്റാറിക്കയെ തകര്‍ത്തു