തൃശൂര്‍: തെരഞ്ഞെടുപ്പ് കാലത്ത് തൃശൂര്‍ ബിജെപി ഓഫിസിലേക്ക് 17 ചാക്കുകളിലായി 25 കോടിയുടെ കള്ളപ്പണം എത്തിയെന്ന് മുന്‍ ഓഫിസ് സെക്രട്ടറി പി അക്ഷയ്‌യുടെ വെളിപ്പെടുത്തല്‍. സംഘടന സെക്രട്ടറിയുടെ മുറിയിലേക്കാണ് പണം കൊണ്ടുവന്നത്. തമിഴനാട് രജിസ്‌ട്രേഷനുള്ള കാറില്‍ ഒരു കോടിയും കൊണ്ടുവന്നു. സാമ്പത്തിക ഇടപാട് അറിഞ്ഞതിന്റെ വൈരാഗ്യത്തിലാണ് തന്നെ ഓഫിസ് സെക്രട്ടറി സ്ഥാനത്തുനിന്ന് പുറത്താക്കിയതെന്നും തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അത് നേതാക്കളുടെ അറിവോടെയായിരിക്കുമെന്നും അക്ഷയ് പറഞ്ഞു.
തെരഞ്ഞെടുപ്പ് ഫണ്ടിനു പുറമെയാണ് ഓഫിസില്‍ പണം എത്തിയത്. ഈ പണം നേതാക്കള്‍ പലരും സ്വന്തം പോക്കറ്റിലാക്കി. സംഘടനാ സെക്രട്ടറിയുടെ മുറിയിലേക്കാണ് പണം എത്തിയതെന്നും അവിടെ വെച്ചുതന്നെയാണ് വിതരണം ചെയ്തതെന്നും അക്ഷയ് പറഞ്ഞു. ഈ വിവരം തൃശൂര്‍ സിറ്റി പ്രസിഡന്റിനെ അറിയിച്ചതാണ് തന്നെ പുറത്താക്കാനുള്ള കാരണമെന്നും അക്ഷയ് മാധ്യമങ്ങളോട് പറഞ്ഞു. സംഘടന സെക്രട്ടറി, അദ്ദേഹത്തിന്റെ ഡ്രൈവര്‍ രാജേഷ്, മുരളി എന്നീ മൂന്നുപേരുമാണ് ഈ പണം കൈകാര്യം ചെയ്തത്. ഇതിനായി ഒരു വീട് വാടകക്കെടുത്തു. തെരഞ്ഞെടുപ്പ് ഫലം വരുന്നതിനു രണ്ടു ദിവസം മുമ്പ് തൃശൂര്‍ ജില്ല ഓഫിസിലാണ് പണം എത്തിയതെന്നും അദ്ദേഹം പറഞ്ഞു.
ഓഫീസിലെ സിസിടിവി ഓഫ് ചെയ്യാന്‍ പറഞ്ഞതായും അക്ഷയ് പറയുന്നു. അതേസമയം ആക്ഷയ് യുടെ ആരോപണം ബിജെപി തൃശൂര്‍ ജില്ലാ നേതൃത്വം നിഷേധിച്ചു. സ്വഭാവദൂഷ്യത്തിന്റെ പേരിലാണ് അക്ഷയിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതെന്നാണ് നേൃത്വത്തിന്റെ വിശദീകരണം. കൊടകര കുഴല്‍പണക്കേസിനു പിന്നാലെയാണ് പാര്‍ട്ടിയെ വെട്ടിലാക്കി മറ്റൊരു വെളിപ്പെടുത്തല്‍ കൂടി പുറത്തുവരുന്നത്. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിനു മൂന്നു ദിവസം മുമ്പ് ഏപ്രില്‍ മൂന്നിനു പുലര്‍ച്ചെ ദേശീയപാതയിലൂടെ പോയ കാര്‍ ആക്രമിച്ചു ക്രിമിനല്‍ സംഘം മൂന്നരക്കോടി രൂപ കവര്‍ന്നതാണ് കൊടകര കുഴല്‍പണക്കേസ്. ബിജെപി സ്ഥാനാര്‍ഥികളുടെ പ്രചാരണത്തിനു വേണ്ടി എത്തിച്ച പണമാണ് തട്ടിയെടുത്തതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates