Anupama TV ias 
Kerala

'ഞങ്ങള്‍ക്ക് ഇത് വെറും ഭരണപരിപാടിയല്ലായിരുന്നു, ഒരായിരം മനുഷ്യരുടെ ജീവിതവുമായി ചേര്‍ന്ന് നടന്നൊരു യാത്ര'

പ്രതീക്ഷയിലേക്കും, ഉപജീവനത്തിലെക്കുമുള്ള പുതുവഴികള്‍ തേടുകയും ജീവിതം മാറ്റിയെടുക്കുന്ന മനുഷ്യരെയും കണ്ടു

സമകാലിക മലയാളം ഡെസ്ക്

രാജ്യത്തെ പ്രഥമ അതിദാരിദ്ര്യ മുക്ത സംസ്ഥാനമെന്ന നേട്ടം കേരളം കൈവരിക്കുമ്പോള്‍ അതിന്റെ നടപടിക്രമങ്ങളില്‍ നേരിട്ട അനുഭവങ്ങള്‍ പങ്കുവച്ച് തദ്ദേശ സ്വയംഭരണ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി അനുപമ ടി വി ഐഎഎസ്. പദ്ധതിയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥര്‍ക്ക് ഇത് വെറും ഭരണപരിപാടിയല്ലായിരുന്നു മറിച്ച് ഒരായിരം മനുഷ്യരുടെ ജീവിതവുമായി ചേര്‍ന്ന് നടന്നൊരു യാത്രയായിരുന്നു എന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

അതിദാരിദ്ര്യ നിര്‍മ്മാര്‍ജന പദ്ധതിയ്ക്ക് നേതൃത്വം നല്‍കിയതും വിവിധ വകുപ്പുകളുടെ സ്‌ക്രീമുകളും പരിപാടികളും തദേശസ്ഥാപന തലത്തില്‍ ഏകോപിപ്പിച്ചതും തദ്ദേശസ്വയം ഭരണവകുപ്പായിരുന്നു. ഇതിന്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായപ്പോള്‍ അനുഭവിച്ചറിഞ്ഞത് ജന ജീവിതത്തിന്റെ മറ്റൊരു തലമായിരുന്നു. പ്രതീക്ഷയിലേക്കും, ഉപജീവനത്തിലെക്കുമുള്ള പുതുവഴികള്‍ തേടുകയും ജീവിതം മാറ്റിയെടുക്കുന്ന മനുഷ്യരെയുമാണ്. സര്‍ക്കാര്‍ തലത്തിലുള്ള വിവിധ വകുപ്പുകളുടെ മതിലുകള്‍ ഏതാണ്ട് പൂര്‍ണമായും ഇല്ലാതായ ഒരു പദ്ധതിയായിരുന്നു ഇതെന്നും അനുപമ പറയുന്നു.

കേരളം, അതിദാരിദ്ര്യ മുക്തമെന്ന് പ്രഖ്യാപിക്കപ്പെടുമ്പോഴും ഏതൊരു പദ്ധതിയെയും പോലെ ഈ പദ്ധതിയും പൂര്‍ണമെന്ന് അവകാശപ്പെടുന്നില്ല. വിട്ടുപോകലുകള്‍ ഉണ്ടായേക്കാം. നിസ്സഹായരായ മനുഷ്യരുടെ അന്തസും ആത്മാഭിമാനവും ഉയര്‍ത്തിപ്പിടിച്ച് പദ്ധതിയെ പൂര്‍ണ്ണമാക്കേണ്ടത് മലയാളികളായ ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ്. സര്‍ക്കാര്‍ നേട്ടം ഔദ്യോഗികമായി പ്രഖ്യാപിക്കുമ്പോഴും തുടര്‍നടപടികള്‍ ഉണ്ടാകേണ്ടതുണ്ട്. നാളെ മുതല്‍ നന്നായി ഉറങ്ങുന്നതിനെക്കുറിച്ചല്ല മറിച്ച് വിട്ടുപോയവ കണ്ടെത്തുന്നതിനെയും കൂട്ടിചേര്‍ക്കുന്നതിനെയും കുറിച്ചായിരിക്കും ചിന്തയെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി പറയുന്നു.

പോസ്റ്റ് പൂര്‍ണരൂപം-

കേരളം ഒരിക്കല്‍ കൂടി ചരിത്രത്തിന്റെ ഭാഗമാവുകയാണ്. രാജ്യത്തെ പ്രഥമ അതിദാരിദ്ര്യ മുക്ത സംസ്ഥാനമെന്ന ഖ്യാതിയിലേക്ക് കേരളം ഉയരുമ്പോള്‍ ആ ചരിത്ര യാത്രയുടെ ഭാഗമാകാനായതില്‍ അഭിമാനമുണ്ട്.

2018-ലെ വെള്ളപ്പൊക്കത്തിന്റെ പുനരധിവാസത്തിന് ശേഷം സൂക്ഷ്മതലത്തിലുള്ള പദ്ധതികളില്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് തദ്ദേശസ്വയംഭരണവകുപ്പിലാണ്. അതിദാരിദ്ര്യ നിര്‍മ്മാര്‍ജന പദ്ധതിയ്ക്ക് നേതൃത്വം നല്‍കിയതും വിവിധ വകുപ്പുകളുടെ സ്‌ക്രീമുകളും പരിപാടികളും തദേശസ്ഥാപന തലത്തില്‍ ഏകോപിപ്പിച്ചതും തദ്ദേശസ്വയം ഭരണവകുപ്പാണ്. തദേശസ്ഥാപനങ്ങളുടെ ചിട്ടയായ പ്രവര്‍ത്തനത്തിലൂടെയാണ് ഇന്നത്തെ നിലയിലേക്ക് പദ്ധതിഉയര്‍ന്നതും!

അതിദാരിദ്ര്യനിര്‍മ്മാര്‍ജ്ജന പദ്ധതിയുടെ മൈക്രോപ്ലാന്‍ തയ്യാറാക്കുന്ന ഘട്ടം കഴിഞ്ഞാണ് ഞാന്‍ വകുപ്പിലെതിയത്. പക്ഷെ ശാരദമുരളീധരന്‍ മാഡത്തിന്റെ ഉപദേശമനുസരിച്ച് ഈ മാതൃക വയനാട് മേപ്പാടി ദുരന്തത്തിലുപ്പെട്ടവരുടെ മൈക്രോപ്ലാന്‍ തയ്യാറാക്കുന്നതിന് വേണ്ടി പഠിച്ചു നടപ്പാക്കുകയും ഏതാണ്ട് ആ സമയം മുതല്‍ തന്നെ സര്‍ക്കാരില്‍ അതിദാരിദ്ര്യനിര്‍മ്മാര്‍ജ്ജന പദ്ധതി കൈകാര്യം ചെയ്യാന്‍ അവസരം ലഭിക്കുകയും ചെയ്തത് മുതല്‍ തുടങ്ങുന്നു ഈ പദ്ധതിയുമായുള്ള എന്റെ ബന്ധം.

അതുകൊണ്ട് തന്നെ ഞാനിവിടെ കുറിക്കുന്നത് പദ്ധതിയില്‍ നേരിട്ട് പങ്കെടുത്തവരുടെ വികാരങ്ങള്‍ കൂടി ഉള്‍ക്കൊണ്ടുകൊണ്ടാണ്.

ഞങ്ങള്‍ക്ക് ഇത് വെറും ഒരു ഭരണപരിപാടിയല്ലായിരുന്നു മറിച്ച് ഒരായിരം മനുഷ്യരുടെ ജീവിതവുമായി ചേര്‍ന്ന് നടന്നൊരു യാത്രയായിരുന്നു.

ആ വഴികളിലൂടെ നടന്നപ്പോള്‍ കാണാനായത് പ്രതീക്ഷയിലേക്കും, ഉപജീവനത്തിലെക്കുമുള്ള പുതുവഴികളാണ്, ജീവിതം മാറ്റിയെടുക്കുന്ന മനുഷ്യരെയാണ്..

ചേര്‍ത്ത്പിടിക്കലിന്റെ കഥകളും ഏറെ കാണാനായി. പല തദ്ദേശസ്ഥാപനങ്ങളും ഉദ്യോഗസ്ഥരും സന്നദ്ധ സംഘടനകളും ഇതിനെ കണ്ടത് ഒരു പദ്ധതി മാത്രമായിട്ടല്ല, ഓരോ ജീവിതവും മാറ്റിയെടുക്കണമെന്ന ദൃഢനിശ്ചയത്തോടെ ഒരു ദൗത്യമായാണ് .

സര്‍ക്കാരില്‍ വളരെ ആലോചിച്ചു തീരുമാനമെടുക്കേണ്ട വിഷയങ്ങളും വളരെപ്പെട്ടെന്ന് തീരുമാനമെടുക്കേണ്ട വിഷയങ്ങളും ഉണ്ടാകും.

അതിദാരിദ്ര്യനിര്‍മ്മാര്‍ജ്ജന പദ്ധതിയുടെ തുടക്കം ആദ്യഗണത്തിലുലള്‍പ്പെട്ടതാണെങ്കില്‍ കഴിഞ്ഞ കുറെ ദിവസങ്ങളിലെ പ്രവര്‍ത്തനം രണ്ടാം ഗണത്തിലായിരുന്നു. നിലവിലുള്ള സര്‍ക്കാര്‍ തീരുമാനങ്ങല്‍ക്കുപരിയായുള്ള തീരുമാനങ്ങള്‍, പുതിയ സര്‍ക്കാര്‍ ഉത്തരവുകള്‍, പ്രത്യേക കേസുകള്‍ പരിഹരിക്കുന്നതിനുള്ള ക്രിയാത്മകമായ ഇടപെടലുകള്‍, മറ്റുവകുപ്പുകളുമായുള്ള ഏകോപനം അത്യന്തം ആവശ്യമായ വിഷയങ്ങള്‍, വിട്ടുപോയവ കണ്ടെത്താനും പെട്ടെന്ന് പരിഹരിക്കാനുമുള്ള ശ്രമങ്ങള്‍, കഴിഞ്ഞ രണ്ടുമൂന്നു കാബിനെറ്റുകളില്‍ പോലും എത്തിയ പ്രത്യേക വിഷയങ്ങള്‍ അങ്ങനെയങ്ങനെ...

വകുപ്പുകളുടെ മതിലുകള്‍ ഏതാണ്ട് പൂര്‍ണമായും ഇല്ലാതായ ഒരു പദ്ധതിയായിരുന്നു ഇതെന്നും നിസ്സംശയം പറയാം..

ഏതൊരു പദ്ധതിയെയും പോലെ ഈ പദ്ധതിയും പൂര്‍ണമെന്ന് അവകാശപ്പെടുന്നില്ല. വിട്ടുപോകലുകള്‍ ഉണ്ടായേക്കാം. നിസ്സഹായരായ മനുഷ്യരുടെ അന്തസും ആത്മാഭിമാനവും ഉയര്‍ത്തിപ്പിടിച്ചു തന്നെ ഈ പദ്ധതിയെ പൂര്‍ണ്ണമാക്കേണ്ടത് മലയാളികളായ ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ്.

ഇന്നിവിടെ സംസ്ഥാനസര്‍ക്കാര്‍ ഈയൊരു പ്രഖ്യാപനത്തിലേക്ക് കടക്കുമ്പോഴും നാളെ മുതല്‍ നന്നായി ഉറങ്ങുന്നതിനെക്കുറിച്ചല്ല മറിച്ച് വിട്ടുപോയവ കണ്ടെത്തുന്നതിനെയും കൂട്ടിചേര്‍ക്കുന്നതിനെയും കുറിച്ചായിരിക്കും ഞങ്ങളുടെ ചിന്ത.

അഭിമാനം. നന്ദി....

അനുപമ ടി വി

സ്‌പെഷ്യല്‍ സെക്രട്ടറി

തദ്ദേശ സ്വയംഭരണ വകുപ്പ്

extreme poverty-free kerala Department of Local Self-Government Special Secretary Anupama TV ias reaction

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

ഈ നക്ഷത്രക്കാർക്ക് സന്തോഷ വാർത്ത കാത്തിരിക്കുന്നു! സാമ്പത്തിക കാര്യങ്ങളിൽ മുൻകരുതൽ വേണം

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

SCROLL FOR NEXT