കൊച്ചി: ഫാസിസത്തിന്റെ ഏറ്റവും താഴെയുള്ള ഘടകം നമ്മുടെ കുടുംബങ്ങള്‍ തന്നെയാണെന്ന് എഴുത്തുകാരി കെ ആര്‍ മീര. അടിച്ചമര്‍ത്തലിന്റെ ആദ്യ പാഠങ്ങള്‍ പഠിപ്പിക്കുന്നത് കുടുംബത്തില്‍ നിന്നാണ്. നിലവിലെ രൂപത്തില്‍ ഒരു കുടുംബം ഗുണത്തേക്കാള്‍ കൂടുതല്‍ ദോഷം ചെയ്യുന്നുവെന്ന് മീര അഭിപ്രായപ്പെട്ടു. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗ്‌സില്‍ സംസാരിക്കുകയായിരുന്നു അവര്‍.
ശാരീരികമോ, വൈകാരികമോ, ആത്മീയമോ, വാക്കാലോ ഉള്ള അക്രമമോ വിവേചനമോ ഇല്ലാത്ത, എല്ലാവര്‍ക്കും വളരാന്‍ അവസരം ലഭിക്കുന്നതുമായ ഒരു കുടുംബമാണ് ആദര്‍ശ കുടുംബം. എന്നാല്‍ ഇന്നത്തെ കുടുംബ ഘടന കര്‍ശനമായ അധികാര വിതരണത്തിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. അത് പരിചിതവും സൗകര്യപ്രദവുമായതിനാല്‍, സ്വാഭാവികമായും, ആളുകള്‍ ഈ ഘടന തന്നെ സമൂഹത്തിലും അനുവര്‍ത്തിക്കുന്നുവെന്ന് കെ ആര്‍ മീര പറഞ്ഞു.
നിലവിലെ വിവാഹ മാതൃകകളോട് തനിക്ക് യോജിപ്പില്ല. ഏതെങ്കിലും പേപ്പറില്‍ ഒപ്പിടുന്നതു തന്നെ നിയന്ത്രണങ്ങള്‍ നിറഞ്ഞതാണ്. വലതുപക്ഷ ആശയങ്ങള്‍ സ്ത്രീകളെ രണ്ടാംകിട പൗരന്മാരായാണ് കണക്കാക്കുന്നത്. എല്ലാ എഴുത്തുകാരും ഏതെങ്കിലും വിധത്തില്‍ ആക്ടിവിസ്റ്റുകളാണ്. എഴുത്തുകാര്‍ രാഷ്ട്രീയ ജീവികളല്ലേയെന്ന് കെ ആര്‍ മീര ചോദിച്ചു.
ഏതെങ്കിലും കൃതി യഥാര്‍ത്ഥത്തില്‍ അരാഷ്ട്രീയമാണോ? എഴുത്തും ഒരു ഉപജീവനമാര്‍ഗ്ഗമാണ്. കോണ്‍ഗ്രസ്- ആര്‍എസ്എസ് പ്രവര്‍ത്തകര്‍ എന്റെ പുസ്തകങ്ങള്‍ വായിക്കുന്നുണ്ടോ എന്നത് എനിക്ക് പ്രശ്‌നമല്ല. ഓരോ കഥയും തകര്‍ന്ന കലങ്ങളില്‍ വെള്ളം നിറയ്ക്കാനുള്ള ശ്രമമാണ്. കെ ആര്‍ മീര കൂട്ടിച്ചേര്‍ത്തു.
ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖത്തില്‍ വിശ്വസിക്കുന്ന ഏതൊരാളും ഒരു ഫെമിനിസ്റ്റാണ്. ആമുഖത്തിലെ മൂല്യങ്ങള്‍ അടിസ്ഥാനപരമായി സ്ത്രീവാദത്തിന്റെ അടിസ്ഥാനങ്ങളാണ്. നിങ്ങള്‍ അതില്‍ വിശ്വസിക്കുന്നുവെങ്കില്‍, നിങ്ങള്‍ ഒരു ഫെമിനിസ്റ്റാണ്. പൊളിറ്റിക്കല്‍ കറക്ട്‌നെസ് എന്നത് മനുഷ്യത്വത്തിന്റെ തിരുത്തലാണ്. കാലത്തിന് അനുസരിച്ച് അതു മാറുന്നു. എന്തെങ്കിലും മനുഷ്യത്വ വിരുദ്ധമാണെന്ന് പറയുകയാണെങ്കില്‍, നമ്മള്‍ പുരോഗതിയിലേക്ക് മുന്നേറണമെന്നാണ് മനസ്സിലാക്കേണ്ടത്. അല്ലാതെ മുമ്പൊരിക്കല്‍ ഉണ്ടായിരുന്നതിലേക്ക് വലിച്ചിടരുതെന്നും കെ ആര്‍ മീര പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates