ആലപ്പുഴ: കൊലപാതക കേസിൽ വീട്ടുകാരെല്ലാം റിമാൻഡിലായതോടെ പൊലീസിന്റെ അധീനതയിലായിരുന്ന വീട്ടിൽ മോഷണം. ആലപ്പുഴയിലാണ് സംഭവം. 10 പവൻ സ്വർണവും 10000 രൂപയുമാണ് മോഷണം പോയത്. മണ്ണഞ്ചേരി പഞ്ചായത്ത് 21ാം വാർഡ് പട്ടാട്ടുചിറയിൽ ലോകേശന്റെ വീട്ടിലാണ് മോഷണം നടന്നത്.
അയൽവാസി കുഞ്ഞുമോനെ കൊലപ്പെടുത്തിയ കേസിൽ ലോകേശനും ഭാര്യ അജിതകുമാരിയും മകൾ അരുന്ധതിയും റിമാൻഡ‍് തടവുകാരായി ജയിലിലാണ്. കഴിഞ്ഞ 21നായിരുന്നു കൊലപാതകം. മണ്ണഞ്ചേരി പൊലീസ് മൂവരെയും വീട്ടിൽ നിന്നു അറസ്റ്റ് ചെയ്തതിനെ തുടർന്ന് ലോകേശന്റെ സഹോദരൻ സതീശനാണ് വീടിന്റെ താക്കോൽ സൂക്ഷിച്ചിരുന്നത്.
എന്നാൽ പിന്നീട് പൊലീസെത്തി താക്കോൽ വാങ്ങിക്കൊണ്ടുപോയതായി സതീശൻ പറഞ്ഞു. കഴിഞ്ഞ ദിവസം പ്രതികളെ ഇവരുടെ വീട്ടിൽ തെളിവെടുപ്പിന് എത്തിച്ചപ്പോഴാണ് ഓടിളക്കി അകത്തു കടന്ന മോഷ്ടാവ് അലമാരയിൽ നിന്നു പണവും സ്വർണവും രേഖകളും കവർന്നതായി മനസിലായത്.
എന്നാൽ ഇക്കാര്യം പൊലീസ് രഹസ്യമാക്കിവച്ചെന്ന് ആരോപണമുണ്ട്. പൊലീസ് കാവലിൽ എത്തിച്ച പ്രതികൾക്ക് ഇക്കാര്യം ബന്ധുക്കളെയോ മറ്റുള്ളവരെയോ അറിയിക്കാനും കഴിഞ്ഞില്ല. പിന്നീട് ജാമ്യാപേക്ഷ പരിഗണിക്കവേ കോടതിയിൽ എത്തിയപ്പോഴാണ് ലോകേശൻ ബന്ധുവിനോട് മോഷണ വിവരം പറഞ്ഞത്.
തുടർന്ന് പൊലീസിനെ ബന്ധപ്പെട്ടെങ്കിലും പരാതിയുമായി വന്നാൽ ലോകേശന്റെ മറ്റ് 2 മക്കളെ കൂടി പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി ലോകേശന്റെ സഹോദരപുത്രൻ എസ് പ്രണവ് പറഞ്ഞു. പരാതിയുമായി കോടതിയെ സമീപിക്കുമെന്നും പ്രണവ് പറഞ്ഞു. എന്നാൽ ഇത്തരമൊരു മോഷണം നടന്നതായി വിവരമില്ലെന്നും പ്രതികളുടെ വീടിന്റെ താക്കോൽ പൊലീസ് സൂക്ഷിച്ചിട്ടില്ലെന്നും മണ്ണഞ്ചേരി സിഐ രവി സന്തോഷ് പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates