കൊച്ചി: അവയവക്കടത്തിനായി വ്യാജരേഖ ഉണ്ടാക്കിയ സംഘത്തിന്റെ മുഖ്യസൂത്രധാരന്‍ നജീബിനായി അന്വേഷണം ഊര്‍ജിതം. ഇയാള്‍ സംസ്ഥാനം വിട്ടതായാണ് സൂചന. എറണാകുളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച മാഫിയയ്ക്ക് വിവിധ ജില്ലകളില്‍ ശൃംഖലകള്‍ ഉണ്ടെന്ന് പൊലീസ് പറയുന്നു. വൃക്കയക്ക് വേണ്ടി രോഗിയില്‍ നിന്ന് സംഘം 20 ലക്ഷം രൂപ ആവശ്യപ്പെട്ടതായും പൊലീസ് പറയുന്നു.
കഴിഞ്ഞ ദിവസം അവയവക്കടത്തുമായി ബന്ധപ്പെട്ട് കിഴക്കമ്പലം പള്ളിക്കരയിലെ ഫോട്ടോസ്റ്റാറ്റ് കടയില്‍ നിന്ന് ജനപ്രതിനിധികളുടെയും പൊലീസിന്റെയും പേരിലുള്ള കത്തുകള്‍ കണ്ടെത്തിയിരുന്നു. ഇത് എവിടെ നിന്നാണ് കിട്ടിയത് എന്ന അന്വേഷണത്തില്‍ ആറു പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ കേസുമായി ബന്ധപ്പെട്ട് മുഖ്യസൂത്രധാരന്‍ നജീബ് ഒളിവിലാണ്. ഇയാള്‍ സംസ്ഥാനം വിട്ടതായാണ് പൊലീസ് നല്‍കുന്ന സൂചന. കാസര്‍കോടും മലപ്പുറത്തും മേല്‍വിലാസമുള്ള ഇയാള്‍ കഴിഞ്ഞ കുറെ നാളുകളായി കുന്നത്തുനാട്ടിലാണ് താമസിച്ചിരുന്നത്. പൊലീസിന് ലഭിച്ച രഹസ്യമൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് അവയവക്കടത്തുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്.
ഇതിന് മുന്‍പ് തന്നെ ഇതുസംബന്ധിച്ച് സൂചന ലഭിച്ച പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. ആലുവ റൂറല്‍ പൊലീസിന്റെ പരിധിയിലാണ് കഴിഞ്ഞ വര്‍ഷം മുതല്‍ അവയവക്കടത്തുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുന്നത്. വടക്കേക്കര സ്വദേശിയായ 35കാരിയുടെ മൊഴിയാണ് അവയവക്കടത്തുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാന്‍ പൊലീസിന് സഹായകമായത്.
വൃക്ക കൈമാറുന്നതിന് അനുമതി തേടി യുവതി ജില്ലാ തലത്തിലുള്ള ഓതറൈസേഷന്‍ സമിതിയെ സമീപിച്ചിരുന്നു. സമിതി ആവശ്യം തള്ളി. തുടര്‍ന്ന് യുവതി സംസ്ഥാന തല സമിതിയെയും സമീപിച്ചു. അവിടെയും അനുമതി നിഷേധിച്ചതോടെ വൃക്ക കൈമാറുന്നതിന് അനുമതി തേടി പിന്നീട് യുവതി ഹൈക്കോടതിയെ സമീപിച്ചു. വീണ്ടും സംസ്ഥാന തല സമിതിയെ സമീപിക്കാനാണ് ഹൈക്കോടതി നിര്‍ദേശിച്ചത്. വീണ്ടും ഈ ആവശ്യം സംസ്ഥാന തല സമിതി തള്ളി. ഈ യുവതി വൃക്ക സ്വമേധാ നല്‍കുന്നതല്ലെന്നും സാമ്പത്തിക ഇടപാടുകള്‍ നടന്നിട്ടുണ്ടെന്നും വ്യക്തമായ സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന, ജില്ലാതല സമിതികള്‍ ആവശ്യം തള്ളിയത്. ഇതിന് പിന്നാലെ യുവതി പൊലീസ് നിരീക്ഷണത്തിലായിരുന്നു.
അതിനിടെയാണ് കഴിഞ്ഞവര്‍ഷം യുവതി വൃക്ക കൈമാറിയതിന്റെ രേഖകള്‍ പൊലീസിന് ലഭിച്ചത്. നിയമപ്രകാരമല്ല ഈ കൈമാറ്റം നടത്തിയത് എന്ന് പൊലീസ് കണ്ടെത്തി. അവര്‍ക്ക് ആശുപത്രികളെ സമീപിച്ച് വൃക്ക കൈമാറാന്‍ കഴിഞ്ഞെങ്കില്‍ അത് വ്യാജ രേഖകളുടെ അടിസ്ഥാനത്തിലാണെന്നും പൊലീ്‌സ് പറയുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് അവയവമാറ്റ കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയത്.
കുന്നത്തുനാട് കേന്ദ്രീകരിച്ച് വിവരങ്ങള്‍ ശേഖരിക്കാനാണ് പൊലീസ് പ്രധാനമായി ശ്രമിക്കുന്നത്. ഈ അന്വേഷണത്തില്‍ കുന്നത്തുനാട് മാത്രമല്ല, കാസര്‍കോട്, കൊല്ലം, തിരുവനന്തപുരം റൂറല്‍ പരിധിയിലുള്ള വിവിധ ശൃംഖലകളുമായി നജീബ് എന്ന വ്യക്തിക്ക് ബന്ധമുള്ളതായും കണ്ടെത്തി. വടക്കേക്കര സ്വദേശിനിയുടെ മൊഴി പ്രകാരം വൃക്കയക്ക് വേണ്ടി രോഗിയില്‍ നിന്ന് സംഘം 20 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. വൃക്ക കൈമാറിയ യുവതിക്ക് 9 ലക്ഷം രൂപ മാത്രമാണ് ലഭിച്ചത്. ബാക്കി തുക കമ്മീഷനായി സംഘം കൈവശം വച്ചിരിക്കുകയാണെന്നും പൊലീസ് പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates