Pinarayi Vijayan 
Kerala

'എല്ലാം മറയ്ക്കാൻ കഴിയുന്ന വികസനം എന്ന മറ; പിണറായി ഇല്ലെങ്കിൽ ഇവിടെ ഇതൊന്നും നടക്കില്ല !'

'ഇടതുപക്ഷ ഗവർൺമെൻ്റ് എന്നതിന് പകരം പിണറായി ഉള്ളതു കൊണ്ടുണ്ടായ വികസനം എന്ന് പ്രചരിപ്പിക്കപ്പെടുകയാണ്'

സമകാലിക മലയാളം ഡെസ്ക്

കണ്ണൂർ: നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണം അന്തിമഘട്ടത്തോട് അടുത്തിരിക്കെ, സിപിഎമ്മിലെ സമീപകാല പ്രവണതകളെ രൂക്ഷമായി വിമർശിച്ച് മുൻ ഡിവൈഎഫ്ഐ നേതാവ് മനു തോമസ്. വികസനം എന്ന മുദ്രാവാക്യം ഉയർത്തി. കുടുംബ വാഴ്ചയ്ക്കും പാർട്ടിനയങ്ങളുടെ ബലികഴിക്കലിനും അഴിമതിക്കും മുകളിൽ ന്യായീകരണ മറ തീർക്കുകയാണ്. ഇടതുപക്ഷ ഗവർൺമെൻ്റ് എന്നതിന് പകരം പിണറായി ഉള്ളതുകൊണ്ടുണ്ടായ വികസനം എന്ന് പ്രചരിപ്പിക്കപ്പെടുകയാണെന്നും മനു തോമസ് ഫെയ്സ്ബുക്ക് കുറിപ്പിൽ സൂചിപ്പിക്കുന്നു.

എല്ലാ സംഘടന -രാഷ്ട്രീയ വ്യതിയാനങ്ങൾക്കും മുകളിൽ വികസനം എന്ന മറകൊണ്ട് മൂടുന്നു. ഇരുപത്താഞ്ചാമത്തെ വയസിൽ എംഎൽഎയും പാർട്ടി ഉയർന്ന നേതാവുമായ ഒരാൾ എൺപത്തിരണ്ടാം വയസിലും എം എൽ എ ആയി മുഖ്യമന്ത്രിസ്ഥാനത്തേക്ക് മത്സരിക്കാൻ തയ്യാറാകുന്നു. പുതിയ തലമുറയെ പ്രവർത്തിക്കാൻ സ്വാതന്ത്ര്യം നല്കാതെ കർമ്മശേഷിയെ മുഴുവൻ അടിമത്തത്തിൻ്റെ വിലാപങ്ങളിൽ മുക്കിയ നേതാവാണ് പിണറായി വിജയൻ. പിണറായിസ്റ്റ് സ്കൂളിൽ പഠിച്ച ചില പുതിയ തലമുറ നേതാക്കളും ഇതേ ഏകാധിപത്യ സ്വഭാവത്തിൻ്റെ വക്താക്കളായി പരിവർത്തനം ചെയ്യപ്പെട്ടുകൊണ്ടിരിക്കപ്പെടുന്നു.

പൊതുവെ കമ്മ്യൂണിസ്റ്റുകാർ അവരുടെ ഭാര്യ, മക്കൾ , ബന്ധുമിത്രാദികൾ എന്നിവരെ തങ്ങളുടെ പൊതുജീവിതത്തിൽ ഏതെങ്കിലും തരത്തിൽ പ്രദശിപ്പിക്കുന്ന രീതി മുമ്പുണ്ടാകാത്തതായിരുന്നു. തികഞ്ഞ വലതുപക്ഷവത്കരണത്തിൻ്റെ ശൈലിയിലേക്ക് സിപിഎം മാറിയിരിക്കുന്നു. ക്ലിഫ് ഹൗസിലെ പുതിയ ബന്ധുക്കാരൻ വളരെ വേഗത്തിൽ സിപിഎമ്മിൻ്റെ രാഷ്ട്രീയ തീരുമാനകേന്ദ്രമായി. ഈ തുടർച്ചയാണ് സംസ്ഥാന സെക്രട്ടറിയുടെ ഭാര്യയുടെ സ്ഥാനാർത്ഥിത്വവുമെന്നും മനു തോമസ് മറ്റൊരു കുറിപ്പിൽ വിമർശിക്കുന്നു.

ഫെയ്സ്ബുക്ക് കുറിപ്പ്:

എല്ലാം മറയ്ക്കാൻ കഴിയുന്ന വികസനം എന്ന മറ…

കേരളത്തിലെ പശ്ചാത്തല -സാമൂഹ്യ സുരക്ഷ - വിദ്യാദ്യാസ മേഖലയിലെ വികാസം പടിപടിയായി മുന്നേറ്റമുണ്ടാക്കിയിട്ടുള്ള ഒന്നാണ്

ഇതിൽ ഇടതുപക്ഷത്തിൻ്റെ റോൾ ആർക്കും തർക്കമില്ലാത്തതുമാണ്.

പക്ഷെ കഴിഞ്ഞ പത്തുവർഷത്തിൻ്റെ വികസനത്തെ മാത്രം ഹൈലൈറ്റ് ചെയ്യുന്നതിനുള്ള ബോധപൂർവ്വമായ ശ്രമമുണ്ട് ,

ഇടതുപക്ഷ ഗവർൺമെൻ്റ് എന്നതിന് പകരം പിണറായി ഉള്ളതുകൊണ്ടുണ്ടായ വികസനം എന്ന് പ്രചരിപ്പിക്കപ്പെടുന്നു ഇത് മേൽപറഞ്ഞ എല്ലാ പ്രശ്നങ്ങൾക്കും ഉള്ള മറുപടിയായി

മേൽപറഞ്ഞ കുടുംബ വാഴ്ചയ്ക്കും പാർട്ടിനയങ്ങളുടെ ബലികഴിക്കലിനും അഴിമതിക്കും മുകളിൽ ന്യായികരണമായി പാർട്ടിയുടെ അണികളോട് നേതൃത്വം പറയുന്നത് അല്ലെങ്കിൽ കേരളത്തിലെ ജനങ്ങളോട് പാർട്ടിനേതൃത്വവും മുഖ്യമന്ത്രിയും പറഞ്ഞു കൊണ്ടിരിക്കുന്നത് ഒറ്റകാര്യം മാത്രമാണ് ..." ഇവിടെ വികസനം നടക്കുന്നില്ലെ . .. ?കേരളം മാറുന്നത് നിങ്ങൾ കാണുന്നില്ലെ. ..?"

എല്ലാ സംഘടന ~രാഷ്ട്രീയ വ്യതിയാനങ്ങൾക്കും മുകളിൽ വികസനം എന്ന മറകൊണ്ട് മൂടുന്നു

പിണറായി ഇല്ലെങ്കിൽ ഇവിടെ ഇതൊന്നും നടക്കില്ല : എന്ന വാഴ്‌ത്തുപാട്ടുകാരുടെ മുദ്രാവാക്യം

ഇരുപത്താഞ്ചാമത്തെ വയസിൽ എം.എൽ എ. യും പാർട്ടി ഉയർന്ന നേതാവുമായ ഒരാൾ എൺപത്തിരണ്ടാം വയസിലും എം. എൽ എ ആയി മുഖ്യമന്ത്രിസ്ഥാനത്തേക്ക് മത്സരിക്കാൻ തയ്യാറാകുന്നു.

പുതിയ തലമുറയെ പ്രവർത്തിക്കാൻ സ്വാതന്ത്ര്യം നല്കാതെ കർമ്മശേഷിയെ മുഴുവൻ അടിമത്തത്തിൻ്റെ വിലാപങ്ങളിൽ മുക്കിയ നേതാവാണ് പിണറായി എന്ന് പറയേണ്ടിവരും

പാർട്ടിയിലും അല്ലാതെയും ഒരാളെയും പിണറായി വിജയൻ എന്ന നേതാവ് തന്നോടോപ്പം വളരാൻ അനുവദിക്കാറില്ല _ പിണറായിയ്ക്ക് ശേഷം ആര് എന്ന ചോദ്യം പലരും ചോദിക്കുന്നുണ്ട് പുതിയ തലമുറയ്ക്ക് പ്രവർത്തന സ്വാതന്ത്ര്യവും അഭിപ്രായ സ്വാന്തന്ത്ര്യവും കൊടുത്തിരുന്നു എങ്കിൽ പത്ത് പിണറായിമാർ ഉണ്ടാകുമായിരിരുന്നു. പക്ഷെ അതുണ്ടായില്ല , ഇ എം എസും ,എ. കെ.ജിയും , നായനാരും , വി.എസും ഗരിയമ്മയും . ഇ. ബാലാനന്ദനും ഉള്ള കാലത്തുതന്നെയാണ് പിണറായി നേതാവായി പരിണമിച്ചത് ,പക്ഷെ പിണറായിയുടെ കാലത്ത് തലയെടുപ്പുള്ള നേതാക്കൾ പിണറായി വിജയനല്ലാതെ മറ്റാരുമില്ലാതായിരിക്കുന്നു.

ആരുടെ കഴിവും പരീക്ഷിക്കാൻ ഒരു തവണ പോലും പിണറായി തയ്യാറായില്ല.

പിണറായിസ്റ്റ് സ്കൂളിൽ പഠിച്ച ചില പുതിയ തലമുറ നേതാക്കളും ഇതേ ഏകാധിപത്യ സ്വഭാവത്തിൻ്റെ വക്താക്കളായി പരിവർത്തനം ചെയ്യപെട്ടുകൊണ്ടിരിക്കപ്പെടുന്നു.

കോൺഗ്രസിൽ ഗ്രൂപ്പ് തിരിഞ്ഞാണെങ്കിലും മുഖ്യമന്ത്രിയാകാൻ യോഗ്യർ എന്ന് അവർ തന്നെ അവകാശപ്പെടുന്ന മൂന്നോ നാലോ ആളുകൾ ഉള്ളപ്പോൾ ഇടതുപക്ഷത്തെ നയിക്കുന്ന സി. പി.ഐ എമ്മിൽ ഇന്നും നാളെയും ആ.. സ്ഥാനത്തേക്ക് പരിഗണിക്കാൻ ഒറ്റപേര് മാത്രമെ ഉള്ളു അത് 82 കഴിഞ്ഞ പിണറായി വിജയൻ മാത്രമാണ്.

കുടുംബ വാഴ്ചകൾ :

പൊതുവെ കമ്മ്യൂണിസ്റ്റുകാർ അവരുടെ ഭാര്യ, മക്കൾ , ബന്ധുമിത്രാദികൾ എന്നിവരെ തങ്ങളുടെ പൊതു ജീവിവിതത്തിൽ ഏതെങ്കിലും തരത്തിൽ പ്രദശിപ്പിക്കുന്ന രീതി മുമ്പുണ്ടാകാത്തതായിരുന്നു.

വലതുപക്ഷ രാഷ്ട്രീയത്തിൽ പ്രത്യേകിച്ച് കോൺഗ്രസിൽ നമ്മുടെ രാജ്യത്തും സംസ്ഥാനത്തും രാഷ്ട്രീയത്തിലെ കുടുംബ പാരമ്പര്യ ത്തിൻ്റെ നേരിട്ടുള്ള പ്രവേശനവും മറ്റും വളരെ വിമർശന വിധേയമായതാണ്

ഭാര്യയോ മക്കളോ സ്വയം രാഷ്ട്രീയ പ്രവർത്തകർ ആയി തീരുന്നുവെങ്കിൽ അവരവവരുടെ കഴിവിനും സാധ്യതയ്ക്കും അനുസരിച്ച് പൊതുമണ്ഡലത്തിൽ അവർ ഇടപെടുക എന്നതാണ് പൊതു രീതി

പണ്ട് പാർട്ടിയിൽ ഉള്ള ആരെങ്കിലും. ഒരാൾ ഇതിന് മാറ്റം വരുത്തിയാൽ ആദ്യം നെറ്റി ചുളിക്കുക പിണറായി എന്ന കാർകശ്യകാരനായ പാർട്ടിക്കാരൻ ആയിരിക്കും എന്നതുകൊണ്ട് ആരും അതിന് മുതിർന്നിട്ടുമില്ല.

പിണറായിയുടെ ശൈലിമാറ്റം:

മുമ്പ് കാണാത്ത പിണറായി എന്ന നേതാവിനെ കഴിഞ്ഞ നാളുകളിൽ കേരളം കണ്ടു

താൻ പോകുന്ന പ്രധാനയിടങ്ങളിൽ എല്ലാം ഒഫീഷ്യൽ വാഹനത്തിലും അല്ലാതെയും പാർട്ടി സമ്മേളനങ്ങളിലും സർക്കാർ പരിപാടികളിലും സന്ദർശനങ്ങളിലും ഭാര്യയും മകളും പേരമകനും നിത്യകാഴ്ചയായി.

സമയത്തിൻ്റെ കാര്യത്തിൽ പലയിടത്തും കൃത്യത പുലർത്തുന്ന അതിൻ്റെ പേരിൽ ഉദ്യോഗസ്ഥരെയും സഹപ്രവർത്തകരെയും ശാസിക്കുന്ന മുഖ്യമന്ത്രി ഭാര്യയെയും മക്കളെയും പലപരിപാടികളുടെ മുമ്പിലും കാത്തുനില്ക്കുന്ന കാഴ്ചയും കാണാൻ സാധിച്ചു.

വിഴിഞ്ഞം സീപോർട്ട് സന്ദർശനത്തിൽ നഗര മേയർ പിന്നോട്ട് തള്ളപ്പെടുകയും പ്രോട്ടോകോളിൽ മറികടന്ന് കുടുംബാങ്ങൾ മുമ്പിലെത്തുകയും ചെയ്തു.പോർട്ട് ഡയറക്ടർ ബോർഡ് മീറ്റിങ്ങ് ടേബിളിൽ വരെ കുടുംബസാനിധ്യം കാണാൻകഴിഞ്ഞു.

ഈയവസരത്തിൽ പിണറായി ഇത്തരം ശൈലിയെ എതിർക്കുന്നയാളന്നെന്ന് ഒന്ന് വെറുതെ സങ്കല്പിക്കു. ..അതെ സമയം സി.പി.എം ൻ്റെ മറ്റേതെങ്കിലും ഒരു നേതാവോ മന്ത്രിയോ ആയിരുന്നു ഇങ്ങനെ ചെയ്തതെങ്കിൽ എന്ന് ഇതോടോപ്പം ആലോചിച്ച് മാത്രം നോക്കാവുന്നതെ ഉള്ളു. ഉദാഹരണം വി.എസ് മന്ത്രിസഭയുടെ കാലത്ത് അന്നത്തെ ചില സിപിഎം മന്ത്രിമാർ വിദേശയാത്രനടത്തിയപ്പോൾ കുടുംബത്തെ കൂടെ കൂട്ടിയതിനെ തുടർന്ന് അന്ന് പാർട്ടിസെക്രട്ടറി ആയിരുന്ന പിണറായി ആ പ്രവണതക്കെതിരെ പാർട്ടി കമ്മറ്റിയിൽ കർശന താക്കീത് നല്‌കിയിരുന്നു. ഇത് കൂടി കൂട്ടിവായിക്കുമ്പോഴാണ്

സിപിഎമ്മിൽ പിണറായി വരുത്തിയിരിക്കുന്ന കൾച്ചറൽ ഡി-കൺഷ്ട്രകഷൻ്റെ വ്യാപ്തിയെ കുറിച്ച് പറയാൻകഴിയൂ.

അതോടെ പിണറായി ചെയ്യുന്നതെന്തോ അത് ഞങ്ങൾക്കും ചെയ്യാം എന്നതാണ് ഇപ്പോഴെത്തെ പാർട്ടിയിലെ സ്ഥിതിയായിരിക്കുന്നു. അങ്ങനെ മുഖ്യമന്ത്രിക്ക് പുറകെ മറ്റു ചിലമന്ത്രിമാരും യുവനേതാക്കളും ഇപ്പോൾ ഭാര്യമാരെ കൂടെകൂട്ടാൻ തുടങ്ങുന്നു.

ഒരുപടി കടന്ന് പാർട്ടിസെക്രട്ടറി തന്നെ പ്രാദേശിക പാർട്ടി നേതാവായ ഭാര്യയെ സംസ്ഥാന തലത്തിൽ സന്ദർശനങ്ങൾക്കും പരിപാടികൾക്കും കൂടെകൂട്ടാൻതുടങ്ങി...

ഈ കുടുബ പരിലാളന കാറിൽ ഒന്നിച്ചു സഞ്ചരിക്കുക അല്ലെങ്കിൽ - തനിക്ക് പങ്കെടുക്കാൻ ചുമതലയില്ലാത്ത പരിപാടികളിൽ പങ്കെടുക്കുക എന്ന നിലയിൽ നിന്ന് മാറി ഭാര്യയും മകളും മരുമകനും രാഷ്ട്രീയ സംഘടനാ രംഗത്തും പാലമെൻ്ററി സ്ഥാനത്തേക്ക് കൂടി അനർഹമായി പരിഗണിക്കപെടുന്ന തികഞ്ഞ വലതുപക്ഷവത്കരണത്തിൻ്റെ ശൈലിയിലേക്ക് മാറ്റിയിരിക്കുന്നു.

ക്ലിഫ് ഹൗസിലെ പുതിയ ബന്ധുക്കാരൻ വളരെ വേഗത്തിൽ CPM ൻ്റെ രാഷ്ട്രീയ തീരുമാനകേന്ദ്രമായി, യുവജന വിദ്യാർത്ഥി സംഘടനകളിലെ സ്ഥാനമോഹികളായ മുഴുവൻ നേതാക്കളും മരുമകൻ്റെ ആളാണെന്ന് തെളിയിക്കാൻ ഉള്ള പ്രവർത്തനങ്ങൾ നടത്തലാണ് ഇപ്പോൾ പ്രധാന സമരസംഘടന പ്രവർത്തനമായി കാണുന്നത് എന്ന് കേൾക്കുന്നു. അവർ മാത്രമല്ല സി പിഐ. എമ്മിൻ്റെ തലമുതിർന്ന നേതാക്കൾപോലും മുഹമ്മദ് റിയാസിൻ്റെ അധികാര കേന്ദ്രത്തെ വണങ്ങി നില്ക്കാൻ തുടങ്ങി.

മരുമകന് ഭാവി തെളിയിക്കുന്ന കുടുംബനാഥനായ പിണറായി:

അതുവരെ ഉണ്ടായിരുന്ന പിണറായിയുടെ ശൈലിയെ മാറ്റിമറിക്കുന്നതായിരുന്നു.

പുതിയ കുടുംബബാന്ധവം ഇത് തികച്ചും പ്രൊഫഷണലി ഫ്രെയിംവർക്ക് ചെയ്ത ബന്ധമായി സി.പി.എം ൻ്റെ അകത്തങ്ങളിൽ വ്യാഖ്യാനിക്കപ്പെട്ടു. പക്ഷെ ഭയം നിമിത്തം പലരും പറയാൻമടിച്ചു

യഥാർത്ഥത്തിൽ പിണറായി വിജയൻ എന്ന ഉറച്ച നിലപാടുകാരനിലെ കൗണ്ട് ഡൗൺ ആരംഭിച്ചത് ഇവിടെയാണ്സംസ്ഥാന സെക്രട്ടറിയേറ്റിലും മന്ത്രിസഭയിലും അംഗങ്ങളെ ഉൾപ്പെടുത്തുന്നതിൽ ഈ കുടുംബ താല്പര്യം മുമ്പിലേക്ക് വന്നു.

മറ്റാർക്കും മനസിലാകാത്ത തരത്തിൽ മരുമകന് ഭാവിയിൽ ഉണ്ടാകാവുന്ന തടസങ്ങളെ മുമ്പിൽ കണ്ടുകൊണ്ടുള്ള റിക്രൂട്ട് മെൻ്റാണ് രണ്ടു കാര്യത്തിലും സംഭവിച്ചത്.

കഴിവും പ്രാപ്തിയുമുള്ളൻ മാറ്റി നിർത്തപെട്ടു. പിണറായിയുടെ ചുറ്റും ഉറ്റ സ്നേഹിതരായി കണക്കാക്കപെട്ടിരുന്ന പലരും മാനസികമായി അകന്നു തുടങ്ങി,മലബാറിൽ പ്രത്യേകിച്ച് മലപ്പുറം,കോഴിക്കോട് ജില്ലകളിൽ മുസ്ലിംസമുദായത്തിൽ നിന്നുള്ള സമ്പന്നരും വൻകിട ബിസിനസ്‌കാരും ആയ ലീഗ് ഇതരരായവരും അല്ലാത്തവരുമായ പലരെയും പിണറായി പാർട്ടി നേതൃത്വത്തിൽ വന്നതിനുശേഷമുള്ള കാലത്ത് ചേർത്തുനിർത്തിയിരുന്നെങ്കിൽ മരുമകൻ്റെ വരോടെ പിണറായിയുടെ ഏറനാടൻ സൗഹൃദങ്ങൾ ഓരോന്നായി ഒഴിവാക്കപെട്ടു..

ഈ പ്രദേശങ്ങളിലെ പല ബിസിനസ് ബന്ധങ്ങളും സാമ്രാജ്യവിപുലീകരണവും സ്വന്തംനിലയ്ക്ക് ഇനി നടത്താം എന്ന തോന്നലാവാം ഈ ഒഴിവാക്കലിന് പിന്നിൽ,കഴിഞ്ഞ എൽഡിഫ് മന്ത്രിസഭ നോക്കു... മുൻകാലങ്ങളിൽ നിന്ന് വിത്യസ്തമായ ചിലത് നിങ്ങൾക്കതിൽ നിന്ന് വായിക്കാം.

സീനിയർ ലിഡേർസ് ആയവരെയും ജനകീയത ഉള്ളവരെയും ടേം..വ്യവസ്ഥ ,പ്രായം , തുടങ്ങിയ പല പല നിയമാവലികൾ കൊണ്ട് പുറത്തു നിർത്തി മഴകൊള്ളിച്ചു. ഇത്തരക്കാർക്ക് ഇടയ്ക്കിടയ്ക്ക് ചില പ്രതീക്ഷകൾ നല്കി അവരുടെ അമർഷത്തിൻ്റെ നാമ്പ് ഒടിച്ചുകളഞ്ഞു.

അങ്ങനെ ഒരു കുടുംബത്തിലെ അടുക്കള താല്പര്യങ്ങൾ കേരളത്തിലെ സി.പിഎമ്മിൽ കൃത്യമായി പരീക്ഷിക്കപ്പെട്ടു. ആദ്യമായി ജനപ്രതിനിധിയായ മകളുടെ ഭർത്താവിനെ മന്ത്രിയാക്ക്കുക മാത്രമല്ല തൻ്റെ വകുപ്പ് കഴിഞ്ഞാൻ CPMഎടുക്കുന്നതിൽ ഏറ്റവും നല്ല വകുപ്പുകൾ തന്നെ മാറ്റി വച്ചു.

ആർക്കും പ്രധിഷേധം പ്രകടിപ്പിക്കാൻ ആയില്ല പാർട്ടി സെക്രട്ടറിയായിരുന്ന കോടിയേരിയുടെ അഭിപ്രായം പോലും പരിഗണിക്കപ്പെട്ടില്ല, കോടിയേരിക്ക് കടുത്ത പ്രതിഷേധം ഉണ്ടായിരുന്നെങ്കിലും അദ്ദേഹത്തിന് അത് പ്രകടിപ്പിക്കാൻ കഴിയുന്ന സാഹചര്യമായിരുന്നില്ല:

എന്തുകൊണ്ട് നിലവിലെ തളിപ്പറമ്പ് എം.എൽ. എ ആയിരിക്കുന്ന സംസ്ഥാന സെക്രട്ടറിക്ക് പകരം ഭാര്യ പരിഗണിക്കപ്പെടുന്നു.?

ഇത് സി.പി എമ്മിനെ സംബന്ധിച്ച് അണികൾ മനസിൽ പുതുക്കി പണിയേണ്ട പുതിയ ഒരു പാർട്ടി നയമാണ് , കഴിഞ്ഞ കാലങ്ങളിൽ നെഹ്റു കുടുംബത്തേകുറിച്ചും കരുണാകരൻ്റെ പുത്ര പുത്രി വാത്നല്യത്തെ കുറിച്ചും താഴെതലം വരെ വിമർശിച്ച -പരിഹസിച്ച ഇടതുപക്ഷത്തിന് വിശിഷ്യ സി.പി.എം പ്രവർത്തകരുടെ മാനസിക സംഘർഷങ്ങളെ അവർ തന്നെ ഇനി കണ്ടില്ലെന്ന് നടിക്കേണ്ടിവരും,

പാർട്ടിസെക്രട്ടറിയുടെ ഭാര്യക്ക് എം . എൽ എ. ആയാൽ കൊള്ളമെന്നുണ്ടെങ്കിലും പാർട്ടി സെക്രട്ടറിയുടെ മകന് അഛൻ അടുത്ത മുഖ്യമന്ത്രി ആയികാണാൻ ആഗ്രഹമുണ്ടായിരുന്നു എങ്കിലും

ഈ നയം ഗോവിന്ദൻ എന്ന പാർട്ടിസെക്രട്ടറിയുടെ മാത്രം താല്പര്യത്തിൽ നിന്നല്ല എന്നത് വ്യക്തമാണ് , പിണറായി മനസു വയ്ക്കാതെ ഇങ്ങനെഒരു തീരുമാനം എടുക്കാനുള്ള ത്രാണി പഴയ എം.വിരാഘവൻ്റെ ശിഷ്യനാണെങ്കിൽ കൂടി എം.വി ഗോവിന്ദന് ഇല്ല എന്നത് കണ്ണൂർക്കാർക്ക് അറിയാം

എന്തുകൊണ്ടാവും പിണറായി ഗോവിന്ദൻമാഷിൻ്റെ മനസിലിരിപ്പ് നടപ്പിലാക്കികൊടുത്തത് ..!

വരാനിരിക്കുന്ന. അവസരങ്ങളുടെ ഘട്ടത്തിൽ ഇത്തരം പല നയവ്യതിയാനങ്ങളിലൂടെയും തനിക്ക് സഞ്ചരിക്കേണ്ടി വന്നേക്കാം എന്ന മുൻധാരണയിലാണ് സംഭവിച്ചത്,

കൂടാതെ ശൈലജ ടീച്ചർക്ക് പകരം പരിഗണിക്കപ്പെടാൻ വനിതയായി ഒരു സി.പിഎം പ്രതിനിധി ഉണ്ടാകുന്നതും നല്ലതാണ് ഭരണംകിട്ടിയാൽ വേണ്ടിവന്നാൽ മന്ത്രിയുമാക്കാം .

സി.പി.എം ലെ സ്ഥാനാർത്ഥി നിർണ്ണയത്തിൽ വന്ന പിണറായി കാലത്തെ പരിഷ്കാരങ്ങൾ:

മുൻകാലങ്ങളിൽ ഒരു നിയമ സഭ തെരഞ്ഞെടുപ്പ് വന്നാൽ

പി.ബിയുടെ സഹായത്തോടെ സ്റ്റേറ്റിലെ കേന്ദ്രകമ്മറ്റിഅംഗങ്ങൾ

പി.ബി അംഗങ്ങൾ എന്നിവർ കൂടിആലോചന നടത്തി ഈ തിരഞെടുപ്പിൽ നേതൃത്വംകൊടുക്കേണ്ട ടീം ആരായിരിക്കണം അതിനെ നയിക്കാൻ ആര് എന്ന് ഒരു ധാരണഉണ്ടാക്കി അവർ ഏത് മണ്ഡലങ്ങളിൽ എവിടെ ഒക്കെ മത്സരിക്കണം എന്നു ഒരു ധാരണവരുത്തുന്നു കൂടാതെ ജില്ലകളിലെ മണ്ഡലങ്ങളിൽ ആരോക്കെ വരണംഎന്ന നിർദ്ദേശങ്ങളും അതാണ് ജില്ലയിലുള്ള കേന്ദ്ര സംസ്ഥാന നേതാക്കളുടെ സഹായത്തോടെ തയ്യാറാക്കി കേന്ദ്രകമ്മറ്റിയുടെ അംഗീകാരത്തോടെ സംസ്ഥാന സെക്രട്ടിയേറ്റിൻ്റെ നിർദ്ദേശമായി താഴെ കമ്മറ്റികളിൽ അവതരിപ്പിക്കുന്നതായിരുന്നു പതിവ്

എന്നാൽ കഴിഞ്ഞ രണ്ട്തിരഞ്ഞെടുപ്പിൽ ഇത് ഇല്ലാതായി , എന്നാൽ ഇപ്പോൾ ജില്ലാ സെക്രട്ടറി ആരോടും ആലോചിക്കാതെ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥിയെ നിർദ്ദേശിക്കുന്നു

ഈ ലിസ്റ്റ് ഇദ്ദേഹത്തിന് എവിടുന്ന് കിട്ടി? അല്ലെങ്കിൽ ഇത് അവതരിപ്പിക്കാൻ അദ്ദേഹത്തിനുള്ള ധൈര്യം എന്താണ് ..!

അത് പരിശോധിക്കുമ്പോൾ ആണ്

കഴിഞ്ഞ കുറച്ചു കാലമായി സംസ്ഥാന പാർട്ടി കേന്ദ്രത്തുനിന്ന് ആരോ..കൊടുക്കുന്ന ഒരു ലിസ്റ്റ് വായിക്കാൻ ജില്ലാ സെക്രട്ടറി നിയോഗിക്കപ്പെടുകയാണ് എന്ന് മനസിലാവുന്നത്. ഇനിയി ജില്ലാ സെക്രട്ടറി തന്നെ സെക്രട്ടറിമത്സരിക്കാൻ പ്രാപ്തിയുള്ള - മത്സരിക്കേണ്ട ഒരാൾ ആണെന്ന് കരുതുക . . .അത് പറയാൻ പോലും ആർക്കും അവകാശമോ അവസരമോ.. ഇല്ല

മുകളിൽ ഇരിക്കുന്ന ആളും ജില്ലാ സെക്രട്ടറിയും ചേർന്നാൽ സ്ഥാനാർത്ഥി നിർണ്ണയത്തിലെ പാർട്ടി ജനാധിപത്യം പൂർത്തിയാകുന്നു. അപ്പോൾ ഈ മുകളിൽ നിന്നുള്ള സി. പി.എം ഹൈക്കമാഡ് ആരാണ്.?

അഭിപ്രായം പറയാനുള്ള അവസരവും അവകാശവും

സി.പിഎം. ഉള്ളിൽ അഭിപ്രായം പറയാൻ സ്വാതന്ത്ര്യമുള്ള പാർട്ടി എന്നതാണ് സ്വയം പറയപ്പെടാറ് അത് കുറെയൊക്കെ പഴയ കാലങ്ങളിൽ ശരിയായിരുന്നു. കഴിഞ്ഞ കുറെ കാലമായി സ്ഥിതിഗതികൾ മാറിയിരിക്കുന്നു എല്ലാ അഭിപ്രായങ്ങളും വിമർശനങ്ങളും എല്ലാ കമ്മറ്റിയിലും നിങ്ങൾക്ക് പറയാനാകില്ല.

താഴെ കമ്മറ്റികളിൽ കുറെയൊക്കെ സ്വതന്ത്രമായി ചർച്ചകൾ സാധ്യമായതിനാൽ താഴെയുള്ള കേഡറുമാർ ധരിച്ചിരിക്കുന്നത് ജില്ലാ കമ്മറ്റിയും സംസ്ഥാനകമ്മറ്റിയും ഇവിടുത്തെക്കാൻ ഗൗരവ്വത്തിൽ കാര്യങ്ങൾ ചർച്ചകൾ ചെയ്യാറുണ്ട് എന്നാണ് . എന്നാൽ മുകളിലേക്ക് പോകും തോറും വിമർശനങ്ങളുടെ ശക്തി കുറയുകയാണ് . ..പേടി രൂപപ്പെടുകയാണ് . . . എന്തൊക്കെ പറയണം പറയണ്ട എന്ന് സെൽഫ് സെൻസറിംങ്ങ് ഉണ്ടാകുന്നു.

മുൻകാലങ്ങളിൽ നിന്ന് വിഭിന്നമായി എന്തുകൊണ്ട് കഴിഞ്ഞ സമ്മേളനത്തിൽ കേന്ദ്ര കമ്മറ്റിയിലെ അംഗങ്ങളെ സ്ഥസ്ഥാന കമ്മറ്റി -സെക്രട്ടറിയേറ്റിൽ നിന്നും ഒഴിവാക്കുകയും പിണറായി മാത്രം തുടരുകയും ചെയ്തു അതെന്തെ അങ്ങനെ എന്ന് ആർക്കും ചോദിക്കാൻ നാവ് ഉയർന്നില്ല.പ്രായവും വ്യവസ്ഥയും എന്തുകൊണ്ട് ബാധകമായില്ല എന്നും ആരും ചോദിച്ചില്ല : സി പിഎമ്മിൻ്റെ രീതി അനുസരിച്ച് ഇരിക്കുന്ന ഘടകത്തിൽ ഉണ്ടെങ്കിൽ മാത്രമെ മേൽഘടകത്തിൽ ഉള്ളവർക്ക് അതിനുള്ളിൽ നടക്കുന്ന ചർച്ചകളിൽ ഇടപെടാൻ കഴിയൂ... അല്ലെങ്കിൽ കേട്ടിരിക്കാം

ഇപ്പോൾ പിണറായിമാത്രമാണ് സെക്രട്ടറിയേറ്റിലെ ആ. . . പവർ ഉളളയാൾ എം.വി ഗോവിന്ദനെ പോലും സംസ്ഥാന സെക്രട്ടിയേറ്റിൽ സമ്മേളനശേഷം ഉൾപ്പെടുത്തിയിരുന്നില്ല എന്നോർക്കണം

ഈ അടുത്തയിടയ്ക്ക് ഏറ്റവും ഉയർന്ന ഘടകമായ സംസ്ഥാന സെക്രട്ടറിയേറ്റിൽ ഉണ്ടായ ഒരു സംഭവം പറയാം..

മുഖ്യമന്ത്രി കുറച്ചു നാൾ മുമ്പ് അസാധരണമായ വിധം കേരള ഗവർണറെ സന്ദർശിച്ചു.

ഈ വിഷയം സംസ്ഥാന സെക്രട്ടറിയേറ്റിൽ ഒരു യുവനേതാവ് വിമർശനമായി ഉന്നയിക്കാൻ ശ്രമിച്ചു.

മുഖ്യമന്ത്രി ഗവർണറെ കാണാൻ പോയത് പാർട്ടികേന്ദ്രത്തെ-സെക്രട്ടറിയേറ്റിനെ അറിയിച്ചുകൊണ്ടാണോ എന്നതായിരുന്നു വിമശനം.

"ഇതൊന്നും ഇവിടെ പറയേണ്ട ..."എന്നാണ് സംസ്ഥാന സെക്രട്ടറിയെ ഇരുത്തികൊണ്ട് പി.ബി അംഗമായ പിണായി ഉടൻ ഇടപെട്ട് ക്ഷുഭിതനായി പറഞ്ഞത്

സെക്രട്ടിയേറ്റ്അംഗം വഴങ്ങാൻ തയ്യാറായില്ല പിന്നെ ഞാൻ ഇതെവിടെയാണ് പറയേണ്ടത് എന്നായി അദ്ദേഹം. . .!

വീണ്ടും വായടപ്പിക്കാൻ ശ്രമമുണ്ടായെങ്കിലും സെക്രട്ടറിയേറ്റ് അംഗം അയാൾക്ക് പറയാൻഉള്ളത് പറഞ്ഞു തീർത്തു...മറ്റാരും ഒന്നും മിണ്ടിയില്ല "തോന്നുന്നതെല്ലാം പറയാനുള്ള സ്ഥലമല്ല ഇവിടെ "എന്ന ശാസന മാത്രം നടത്തി വിമർശനത്തിന് മറുപടിപറയാതെ പിണറായി എഴുന്നേറ്റ് പോയി.

ഉയർന്ന ബോഡിയായ സംസ്ഥാന സെക്രട്ടറിയേറ്റിൽ ഇങ്ങനെയൊക്കെയാണ് ഉൾപാർട്ടി ജനാധിപത്യം നടപ്പിലാക്കപ്പെടുന്നത് എന്നതിന് ഒരു ചെറിയ ഉദാഹരണം മാത്രമാണിത് .

ഇതെങ്ങനെ പുറത്ത് അറിയുന്നു എന്നാണെങ്കിൽ പി.ബി മുതൽ താഴെ പല പ്രധാന കമ്മറ്റികളിലെയും കാര്യങ്ങൾ പാർട്ടി കീഴ് ഘടകങ്ങൾ , മെമ്പറുമാർ അറിയുന്നതിന് മുമ്പെ നമ്മുടെ നാട്ടിലെ മാധ്യമങ്ങളിലൂടെ യാണ് അവർ മനസിലാക്കുന്നത് എന്നത് ഇവിടെയും ബാധകമാണ്. ഓരോത്തർക്കും അറിയിക്കേണ്ട കാര്യങ്ങൾ സെലക്ടീവ് ആണെന്നുമാത്രം.

Former DYFI leader Manu Thomas has strongly criticized recent trends in the CPM.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒളരിക്ക് പിന്നാലെ വാടാനപ്പള്ളിയിലും കിറ്റ് വിവാദം; സൂപ്പര്‍മാർക്കറ്റ് ഉടമ കസ്റ്റഡിയില്‍, ഗോഡൗണിന്റെ മുകളിലെ മുറിയില്‍ ദേവന്‍

ആ നടി എന്നെ ആട്ടിയോടിച്ചു, സംവിധായകന്‍ മോശമായി പെരുമാറി; നടനെ കാണാന്‍ 3 മണിക്കൂര്‍ കാത്തു നിന്നു: രണ്‍ബീര്‍ കപൂര്‍

കേരളത്തിലെ സ്ഥാനാര്‍ഥികളില്‍ 38 ശതമാനവും ക്രിമിനല്‍ കേസ് പ്രതികള്‍; 15 പേര്‍ക്കെതിരെ സ്ത്രീകള്‍ക്കെതിരായ അതിക്രമത്തിനും കേസ്

'അടുത്ത് വന്നാല്‍ അപ്പോള്‍ ബ്ലൗസ് കീറിക്കോണം, പിന്നെ വകുപ്പ് നമുക്കറിയാം'; സ്ത്രീവിരുദ്ധ പരാമര്‍ശവുമായി ഇടുക്കി ഡിസിസി പ്രസിഡന്റ്

വേനലിൽ എനർജികൂട്ടാൻ ഇവ കുടിക്കാം

SCROLL FOR NEXT