തൃശ്ശൂര്‍: അടച്ചുപൂട്ടല്‍ ഭീഷണിയില്‍ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന സ്‌കൂളിന് സ്വന്തമായി ഭൂമി വാങ്ങി നല്‍കി പൂര്‍വ വിദ്യാര്‍ഥിയുടെ കൈത്താങ്ങ്. 124 വര്‍ഷം വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന വടക്കേപുന്നയൂര്‍ ജിഎംഎല്‍പി സ്‌കൂളാണ് (Gmlps Punnayur North) പുതിയ പ്രതീക്ഷയിലേക്ക് വളരുന്നത്. വ്യവസായിയായ എം വി കുഞ്ഞിമുഹമ്മദ് ഹാജിയാണ് താന്‍ പഠിച്ച സ്‌കൂളിന് സഹായവുമായി എത്തിയത്.
51.9 ലക്ഷം രൂപ ചെലവില്‍ 30.25 സെന്റ് ഭൂമിയാണ് വടക്കേപുന്നയൂര്‍ ജിഎംഎല്‍പി സ്‌കൂളിനായി വ്യവസായി എം വി കുഞ്ഞിമുഹമ്മദ് ഹാജി സംഭാവന ചെയ്തത്. ഭൂമിയുടെ രേഖകള്‍ എം വി കുഞ്ഞിമുഹമ്മദ് ഹാജിയില്‍ നിന്നും മന്ത്രി ആര്‍ ബിന്ദു ഏറ്റുവാങ്ങി. പഞ്ചായത്ത് പ്രസിഡന്റ് ടി വി സുരേന്ദ്രന്‍ അധ്യക്ഷനായി.
തന്റെ ബാല്യകാലത്ത് സ്‌കൂള്‍ കാലഘട്ടത്തില്‍ തനിക്ക് നേരിട്ട പ്രയാസങ്ങള്‍ ഒരിക്കലും വരും തലമുറ നേരിടേണ്ടി വരരുത് എന്ന നിശ്ചയദാര്‍ഢ്യവും നന്മ നിറഞ്ഞ ഒരു മനസ്സുമാണ് എം വി കുഞ്ഞിമുഹമ്മദ് ഹാജിയെ സ്‌കൂളിനായി സ്ഥലം വാങ്ങി നല്‍കാന്‍ പ്രേരിപ്പിച്ചതെന്ന് മന്ത്രി ആര്‍ ബിന്ദു പ്രതികരിച്ചു. ഭൂമിക്കും സമ്പത്തിനും വേണ്ടി കലഹിക്കുന്ന മനുഷ്യരുള്ള ലോകത്ത് കുഞ്ഞിമുഹമ്മദ് ഹാജിയുടെ ഭൂമി ദാനം ഏറെ മാതൃകാപരമാണെന്നും മന്ത്രി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പ്രതികരിച്ചു.
അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയാതെ അടച്ചുപൂട്ടല്‍ ഭീഷണിയിലായിരുന്നു സ്‌കൂള്‍. പഞ്ചായത്ത് ഭരണസമിതിയുടെയും വാര്‍ഡ് അംഗം സെലീന നാസറിന്റെയും ഇടപെടലാണ് എം വി കുഞ്ഞിമുഹമ്മദ് ഹാജിയുടെ ഇടപെടലിലേക്ക് എത്തിച്ചത്. ഭൂമി കൈമാറ്റചടങ്ങില്‍ ജില്ലാപഞ്ചായത്തംഗം റഹീം വീട്ടിപ്പറമ്പില്‍, പുന്നയൂര്‍ക്കുളം പഞ്ചായത്ത് പ്രസിഡന്റ് ജാസ്മിന്‍ ഷഹീര്‍, വടക്കേക്കാട് പഞ്ചായത്ത് പ്രസിഡന്റ് എന്‍ എം കെ നബീല്‍, ബ്ലോക്ക് പഞ്ചായത്തംഗം ജിസ്‌ന ലത്തീഫ്, എന്‍ പി ഷീജ, റാഷിദ ഷിഹാബുദ്ദീന്‍, സുഹറ, പി സി വിലാസിനി എന്നിവരും പങ്കെടുത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates