

ഇടുക്കിയിലെ കാന്തല്ലൂർ പഞ്ചായത്തിലെ കുളച്ചിവയൽ എന്ന ഗോത്രഗ്രാമത്തിൽ, ആഴത്തിൽ വേരൂന്നിയ പാരമ്പര്യങ്ങൾക്ക് മുകളിൽ സ്വപ്നങ്ങൾ തുന്നിയെടുത്തൊരു സ്ത്രീയുണ്ട്: സുധാലക്ഷ്മി.
പൊതുസമൂഹത്തിലെന്ന പോലെ തലമുറകളായി പുരുഷന്മാർ ആധിപത്യം പുലർത്തുന്ന ആദിവാസി സമൂഹമാണ് മുതുവ വിഭാഗം. സ്ത്രീകൾ പൊതുരംഗത്തേക്ക് പ്രവേശിക്കുന്നത് പോലും അവർ നിരുത്സാഹപ്പെടുത്തുന്നു. ഈ വിഭാഗത്തിലെ സ്ത്രീകളെ ഇന്നും ആർത്തവ സമയത്ത് ഒറ്റപ്പെട്ട കുടിലുകളിൽ (വാലായ്മപ്പുര) താമസിപ്പിക്കുന്നു. അപ്രതീക്ഷിതമായി അപരിചിതരായവരെ കണ്ടുമുട്ടിയാൽ, അവർ കാടിനുള്ളിലേക്കോ മറ്റോ ഒഴിഞ്ഞുമാറും. ഇങ്ങനെ നിലനിൽക്കുന്ന സാമൂഹിക സാഹചര്യത്തെ മറികടന്നാണ് സുധാലക്ഷ്മി എന്ന ഗോത്രവനിത, വെളിച്ചത്തിളക്കമുള്ള വേദിയിലേക്ക് കയറുന്നത്.
കൊച്ചി ആസ്ഥാനമായുള്ള ഓറോറ ഫിലിം കമ്പനി സംഘടിപ്പിക്കുന്ന 'മിസ് കേരള ഫോറസ്റ്റ് ഗോഡസ്' ഫാഷൻ ആൻഡ് ഫിറ്റ്നസ് മത്സരത്തിൽ പങ്കെടുക്കുന്ന ഇടുക്കിയിലെ ഗോത്ര സമൂഹത്തിൽ നിന്നുള്ള ഏക മത്സരാര്‍ഥിയാണ് ഈ 29 കാരി.
സ്ത്രീകൾ പൊതുസ്ഥലങ്ങളിൽ പ്രത്യക്ഷപ്പെടുന്നത് നിഷിദ്ധമായി കണക്കാക്കപ്പെടുന്ന പാരമ്പര്യമുള്ള ഗോത്ര സമൂഹത്തിൽ ജനിച്ചതിനാൽ, കഠിനാധ്വാനത്തിലൂടെയും കഷ്ടപ്പാടിലൂടെയും സുധാലക്ഷ്മി നടത്തിയ അതിജീവനമാണ് ഇതിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നിൽ. "കാന്തല്ലൂർ, മറയൂർ പ്രദേശങ്ങളിൽ സ്ഥിരതാമസമാക്കിയ മുതുവാൻ, മലയപ്പുലയ സമുദായങ്ങളിലെ മറ്റ് ആദിവാസി സ്ത്രീകൾക്ക് ഈ പരിപാടിയെക്കുറിച്ച് അറിയാമായിരുന്നുവെങ്കിലും സാമുദായികമായ നിലപാടുകൾ അവർക്ക് അവസരം ലഭിക്കുന്നതിന് തടസ്സമായി," സുധാലക്ഷ്മി ന്യൂ ഇന്ത്യൻ എക്സ് പ്രസ്സിനോട് പറഞ്ഞു.
താൻ ഉൾപ്പെടുന്ന സമുദായത്തിലെ മിക്ക സ്ത്രീകളും പത്താം ക്ലാസ് വരെ വിദ്യാഭ്യാസം നേടിയവരാണ്. "ലിംഗവിവേചനം ശക്തമായതിനാൽ തുടർ പഠനം നടത്തുന്നത് ഒരു യഥാർത്ഥ പോരാട്ടമാണ്," സുധാലക്ഷ്മി പറയുന്നു. ഉന്നത വിദ്യാഭ്യാസം എന്ന സുധാലക്ഷ്മിയുടെ സ്വപ്നത്തെ, മാതാപിതാക്കൾ പിന്തുണച്ചു. അടിമാലിയിലെ ഒരു സ്വകാര്യ കോളേജിൽ നിന്ന് ഓക്സിലറി നഴ്സിങ് മിഡ്‌വൈഫറി (ANM) കോഴ്‌സിന് ശേഷം, സുധാലക്ഷ്മി തമിഴ്‌നാട്ടിൽ നിന്ന് മെഡിക്കൽ ലബോറട്ടറി ടെക്‌നോളജിയിൽ (DMLT) ഡിപ്ലോമ പൂർത്തിയാക്കി.
ജോലി വാഗ്ദാനങ്ങൾ പിന്നാലെ വന്നു, പക്ഷേ എല്ലാം ദൂരെ സ്ഥലങ്ങളിൽ നിന്നായിരുന്നു. ജീവിതശൈലി രോഗങ്ങളാൽ വലയുന്ന മാതാപിതാക്കളിൽ നിന്ന് മാറി നിൽക്കാൻ സാധിക്കാത്തതിനാൽ സുധ ആ ജോലികൾ ഒന്നും സ്വീകരിച്ചില്ല, പകരം, അടുത്തുള്ള മറയൂരിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ജോലി ലഭിച്ചു, അവിടെ പ്രതിമാസം 2,000 രൂപ ശമ്പളം. എന്നാൽ, അപകടത്തെത്തുടർന്ന്,ജോലിയിൽ പ്രവേശിച്ച് ആറ് മാസമായപ്പോൾ, അത് ഉപേക്ഷിക്കേണ്ടിവന്നു.
പിന്നീട്, പഴയ തയ്യൽ മെഷീൻ വാങ്ങി, ട്യൂട്ടോറിയൽ വീഡിയോകൾ കണ്ട് സുധാലക്ഷ്മി സ്വയം തയ്യൽ പഠിച്ചു. വസ്ത്രങ്ങൾ തുന്നി നൽകുന്നതിന് പുറമെ കുടുംബ ചെലവുകൾക്കായി അവർ താൽക്കാലിക ജോലിയും ചെയ്യുന്നു.
ഗോത്രവനിതകൾക്കായി സംസ്ഥാനത്ത് ആദ്യമായി സംഘടിപ്പിക്കുന്ന ഈ പരിപാടിയിലേക്കുള്ള ക്ഷണം അപ്രതീക്ഷിതമായിരുന്നുവെന്ന് സുധാലക്ഷ്മി പറയുന്നു. എന്നാൽ അത് വീണ്ടും സ്വപ്നം കാണാനുള്ള ശക്തി നൽകി. "മെയ് 12 മുതൽ 16 വരെ കൊച്ചിയിലാണ് തിരഞ്ഞെടുപ്പും പരിശീലന പ്രക്രിയയും നടന്നത്, ജൂൺ 15 ന് മുമ്പ് ഗ്രാൻഡ് ഫിനാലെ നടക്കുമെന്ന് പ്രതീക്ഷിക്കുന്നു," അവർ പറഞ്ഞു.
എറണാകുളം, തിരുവനന്തപുരം, വയനാട്, കൊല്ലം ജില്ലകളിൽ നിന്നുള്ളവരാണ് തന്റെ സഹ മത്സരാർത്ഥികളെന്ന് സുധ പറഞ്ഞു. "ഫലത്തെക്കുറിച്ച് എനിക്ക് ആശങ്കയില്ലെങ്കിലും, പാരമ്പര്യം ലംഘിച്ച് ആത്മാഭിമാനം നേടാനുള്ള അവസരം തന്നെയാണ് ആദിവാസി സ്ത്രീകൾക്ക് ലഭിക്കുന്ന ഏറ്റവും വലിയ പ്രതിഫലം," സുധ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
