
ഇന്ത്യയിൽ കാസ്റ്റ് സെൻസസ് അഥവാ ജാതി സെൻസസ് നടത്തുന്ന കാര്യം കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നു. ഏറെക്കാലമായി ഇന്ത്യയിലെ പ്രധാന പ്രതിപക്ഷ കക്ഷിയായ കോൺഗ്രസ് ജാതി സെൻസസ് നടത്തണമെന്ന് ആവശ്യപ്പെടുന്നുണ്ടായിരന്നു. മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കുമെന്ന പ്രഖ്യാപനത്തിന് ശേഷം രാജ്യത്ത് ഏറ്റവും വലിയ സാമൂഹിക വിഷയമായി ചർച്ച ചെയ്യപ്പെട്ട ഒന്നായി മാറിയതാണ് ജാതി സെൻസസ് നടത്തണമെന്ന വാദം. അനുകൂലിച്ചും എതിർത്തും നിരവധി വാദമുഖങ്ങൾ ഉയർന്നു.
ആദ്യഘട്ടത്തിൽ ഭരണകക്ഷിയായ ബി ജെ പിയും ആർ എസ് എസ്സും ജാതി സെൻസസിനെ അനുകൂലിച്ചിരുന്നില്ല. എന്നാൽ വളരെ അപ്രതീക്ഷിതമായാണ് ജാതി സെൻസസ് നടത്തുമെന്ന പ്രഖ്യാപനം നടത്തിയത്. ഇതോടെ ജാതി വിഭജനം സംബന്ധിച്ചും ജാതിയുടെ ചരിത്രം സംബന്ധിച്ചുമൊക്കെ വളരെയധികം ചർച്ചകൾ ഉയർന്നു വന്നു. ബ്രിട്ടീഷ് ഭരണകാലത്താണ് ജാതി ഉണ്ടായതെന്നുള്ള വാദങ്ങളും ഉയർന്നു.
ഇന്ത്യാ ചരിത്രത്തിൽ ജാതി അഥവാ കാസ്റ്റ് എന്നതിന്റെ ചരിത്രം പരിശോധിച്ചാൽ ഈ രണ്ട് വാക്കുകളും വന്ന വഴികളും അവയുടെ കാരണങ്ങളും കാണാനാകും. പാരമ്പര്യം, തൊഴിൽ, വംശം, രാഷ്ട്രീയം,പരിണാമം എന്നിങ്ങനെ വിവിധ സിദ്ധാന്തങ്ങൾ ഈ വാക്ക് രൂപപ്പെട്ടുവന്നതിന് കാണാനാകും. വാക്കുകളുടെ വരവിനും ആര്യാധിനിവേശവും കൊളോണിയൽ അധിനിവേശവും കാണാനാകുമെന്ന് ഇതേക്കുറിച്ച് വിവിധ ഗവേഷകർ തങ്ങളുടെ പഠനങ്ങളിൽ വിശദീകരിക്കുന്നുണ്ട്.
ഇന്ത്യയിൽ ജാതി സമ്പ്രദായവും ജാതി എന്ന വാക്കും രൂപപ്പെട്ടതിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ബ്രിട്ടീഷ് ഭരണത്തിന് മുമ്പ് വിവിധ രാജഭരണ പ്രദേശങ്ങളായി കിടന്നിരുന്ന ഇന്ത്യയിൽ നിറം, തൊഴിൽ, ജനനം എന്നിവ അടിസ്ഥാനമാക്കിയ വേർതിരിവുകൾ നിലനിന്നിരുന്നു എന്നത് രേഖപ്പെടുത്തപ്പെട്ട ചരിത്രത്തിലും കണ്ടെടുക്കപ്പെട്ട തെളിവുകളിലും കാണാനാകുമെന്ന് ചരിത്ര ഗവേഷകർ അടയാളപ്പെടുത്തിയിട്ടുണ്ട്.
പോർച്ചുഗീസുകാരുടെ ഇന്ത്യയിലേക്കുള്ള വരവോടെയാണ് ജാതി എന്നതിന് കാസ്റ്റ് എന്ന വാക്ക് വരുന്നത്. ലാറ്റിനിൽ നിന്നും രൂപപ്പെട്ട സ്പാനിഷ് വാക്കിൽ നിന്നാണ് കാസ്റ്റ് എന്ന വാക്ക് പോർച്ചുഗീസുകാരിലൂടെ എത്തിയതാണ് എന്നാണ് നിഗമനം.
കാസ്റ്റ് (caste) എന്ന വാക്കിന്റെ മൂലരൂപം സ്പാനിഷിൽ ഭാഷയിലെ ലാറ്റിൻ വാക്കായ കാസ്റ്റസ് (castes) ആണെന്നാണ് പണ്ഡിതമതം. കാസ്റ്റസ് എന്ന വാക്കിന് "പാരമ്പര്യമുള്ളത്", "വിശുദ്ധമായത്", "ശുദ്ധിയുള്ളത്" "വേർതിരിവുള്ളത്" (chaste)എന്നെല്ലാമാണ് അർത്ഥം. ഈ വാക്കിൽ നിന്നുത്ഭവിച്ച കാസ്റ്റ (casta)എന്ന പോർച്ചുഗീസ് വാക്ക് വഴിയാണ് ഇത് ഇംഗ്ലീഷിൽ എത്തിയത്. കാസ്റ്റ എന്ന പോർച്ചുഗീസ് വാക്കിന് "വംശം", "തലമുറ", "ഗോത്രം", "ഗണം", "തരം" എന്നൊക്കെയും അർത്ഥമുണ്ട്. ഇതെല്ലാം വേർതിരിവുള്ളവർ, പാരമ്പര്യമുള്ളവർ, ശുദ്ധിയുള്ളവർ എന്നൊക്കെയുള്ളതുമായി ബന്ധപ്പെട്ട് തന്നെ രൂപപ്പെട്ടുവന്നതാണ്. 1700-കളിൽ ഹിന്ദുമതത്തിന്റെ സാമൂഹികമായി വേർതിരിക്കുന്ന വ്യവസ്ഥയെ പരാമർശിക്കാനാണ് പോർച്ചുഗീസുകാർ ഈ വാക്ക് ആദ്യമായി ഉപയോഗിച്ചത് എന്ന് കരുതപ്പെടുന്നു.
കാസ്റ്റ എന്ന വാക്ക് വരുന്നത് കട്ട് ഓഫ് എന്നതിൽ നിന്നാണ് എന്ന് ഭാഷാ പണ്ഡിതനായ ഡോ. രവിശങ്കർ എസ് നായർ എറ്റിമോളജിക്കൽ ഡിക്ഷ്ണറി അടിസ്ഥാനമാക്കി വിശദീകരിച്ചു.
സ്പെയിനും പോർച്ചുഗീസും ഉൾപ്പെടുന്ന ഐബിരീയൻ ഉപദ്വീപുമായി ബന്ധപ്പെട്ട് ഈ കാസ്റ്റസ് എന്നും കാസ്റ്റ എന്നുമുള്ള വാക്കുകൾ രൂപപ്പെടുന്നതിൽ അക്കാലത്തെ കൊളേണിയൽ അധിനിവേശ ചരിത്രവുും അടിമവ്യാപാരവും ഉൾപ്പടെയുള്ള ചരിത്രമുണ്ട്. ലോകത്തെ ഏറ്റവും വലിയ അടിമവ്യാപാരം നടന്ന കാലമാണ് ഐബീരിയൻ ഉപദ്വീപ് കേന്ദ്രമായി ആറ് നൂറ്റാണ്ടുകൾക്ക് മുമ്പ് നടന്നത്.
ലിസ്ബൺ, സെവില്ലെ, കാഡിസ് തുടങ്ങിയ തുറമുഖങ്ങൾ ആഫ്രിക്കക്കാരെ അടിമകളാക്കാനും കൊണ്ടുപോകാനുമുള്ള പ്രധാന കേന്ദ്രങ്ങളായിരുന്നു. അറ്റ്ലാന്റിക് സമുദ്ര അടിമ വ്യാപാരത്തിൽ ഈ പ്രദേശം നിർണ്ണായക പങ്ക് വഹിച്ചിരുന്നു. അതുമായി ബന്ധപ്പെട്ട് തങ്ങളുടെ വംശശുദ്ധിയെ അടയാളപ്പെടുത്തുന്നതിനായി നിർണ്ണയിച്ച വാക്കാണ് കാസ്റ്റസും പിന്നീട് പോർച്ചുഗീസിൽ കാസ്റ്റയുമായി മാറിയതെന്ന് കരുതപ്പെടുന്നു. ഈ വംശശുദ്ധിയുടെ പല രൂപങ്ങൾ അന്ന് ലോകത്തെ വിവിധയിടങ്ങളിൽ നിലനിന്നിരുന്നു. ഇന്ത്യയിൽ അതിന് തൊഴിൽ വർണ്ണം ജനനം എന്നിവ കൊണ്ട് അടയാളപ്പെടുത്തുന്നവയായി. വർണ്ണവ്യവസ്ഥയും ജാതിവ്യവസ്ഥയുമായി അവ നിലകൊണ്ടു.
പോർച്ചുഗീസുകാർ 1498 ൽ ഇന്ത്യയിലെത്തുകയും അടുത്ത നൂറ്റാണ്ടിന്റെ തുടക്കത്തോടെ തന്നെ പലപ്രദേശങ്ങളെയും അവരുടെ അധീനതയിലേക്ക് കൊണ്ടുവരുകയും ചെയ്യുന്നുണ്ട്. ഇതേ കാലത്ത് പോർച്ചുഗീസ് ആസ്ഥാനമാക്കി അതിശക്തമായ അടിമവ്യാപാരം നടക്കുന്നുമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ നിറം, ഭാഷ, അടിമത്തം തുടങ്ങി ശുദ്ധരക്തവാദത്തിന്റെ ഭാഗമായായിരിക്കാം ഇന്ത്യയിലെ ജാതി എന്നതിനെ സൂചിപ്പിക്കാനായി പോർച്ചുഗീസ് വാക്കായ കാസ്റ്റ എന്നത് നിലവിൽ വന്നിരിക്കുക. രണ്ട് സ്ഥലത്തെയും സാമൂഹികാവസ്ഥയുടെ സ്വാഭവത്തിന് ചേരുന്ന പദം എന്ന നിലയിൽ കൂടിയായിരിക്കും പോർച്ചുഗീസുകാർ ഈ പദം ഉപയോഗിച്ചിരുക്കുകയെന്ന് കരുതുന്നു.
ജാതി എന്ന വാക്ക് രൂപപ്പെടുന്നത് സംസ്കൃതത്തിൽ നിന്നാണ്. സംസ്കൃതത്തിലെ ജാത എന്ന വാക്കിൽ നിന്നാണ് ഇന്ന് ഇന്ത്യയിൽ വിവിധ ഭാഷകളിൽ ഉപയോഗിക്കുന്ന ജാതി എന്ന വാക്ക് രൂപം കൊണ്ട്. ജാത എന്നാൽ ജനിച്ചത് എന്ന അർത്ഥമാണ്. ജാതി എന്നത് ജനനം എന്നതിനെ അടിസ്ഥാനമാക്കിയാണ് രൂപപ്പെട്ട വാക്കാണ്. ഇത് സംസ്കൃതത്തിൽ നിന്നുള്ളതാണെന്ന് മോണിയർ വില്യംസിന്റെ എറ്റിമോളജിക്കൽ ഡിക്ഷ്ണറിയെ അടിസ്ഥാനമാക്കി അദ്ദേഹം പറഞ്ഞു.
.ഒരാൾ എത് തലമുറയിൽ ഏത് വിഭാഗത്തിൽ ജനിച്ചു എന്നതാണ് ജാതി കൊണ്ട് അർത്ഥമാക്കുന്നത്. ഇന്ത്യയുടെ വർണവ്യവസ്ഥയും അക്കാലത്തെ തൊഴിൽ വർഗീകരണവും ജനിക്കുന്ന വിഭാഗത്തെ അടയാളപ്പെടുത്തുന്നതിനും അതുവഴി വർണ്ണവ്യവസ്ഥയും ജാതി വ്യവസ്ഥയും ശക്തമാക്കുന്നതിനും വഴിയൊരുക്കിയിട്ടുണ്ടാകാം. ഇത് പിന്നീട് പൊതുവിൽ ജാതി എന്ന നിലയിൽ അടയാളപ്പെടുത്തപ്പെടുകയും ഇതിന് തുല്യമായ ഒരു വാക്ക് പോർച്ചുഗീസുകാർക്ക് അവരുടെ നിറപരവും തൊഴിൽപരവുമായ അടിമ വ്യവസ്ഥയുമായുള്ള സാമ്യത്താൽ ജാതിക്ക് കാസ്റ്റ് എന്ന വാക്ക് ഉപയോഗിച്ചുണ്ടാകുമെന്നുള്ളതാണ് ചില നിഗമനങ്ങൾ.
വർണ്ണവും ജാതിയും തമ്മിൽ ചില വ്യത്യാസങ്ങളുണ്ടെന്ന് ചില പണ്ഡിതർ അഭിപ്രായപ്പെടുന്നുണ്ട്. വർണ്ണം എന്നത് നിറം കൊണ്ടും തൊഴിൽ കൊണ്ടും നിർണ്ണയിക്കപ്പെടുന്നതാണ്. ജാതി എന്നത് ജന്മം കൊണ്ട് തീരുമാനിക്കപ്പെടുന്നതും. വർണ്ണം എന്നത് നാലെണ്ണമാണ്. അത് ബ്രാഹ്മണർ, ക്ഷത്രിയർ, വൈശ്യർ, ശൂദ്രർ. എന്നാൽ ജാതി നിരവധിയുണ്ട്. അതിൽ തന്നെ ഉപജാതികളുമുണ്ടെന്ന് അവർ പറയുന്നു. ജാതിവ്യവസ്ഥയുടെ അടിസ്ഥാനമെന്നത് വർണവ്യവസ്ഥയാണെന്നും അവർ നിരീക്ഷിക്കുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ