കൊല്ലം: പത്തനാപുരം നിയമസഭാ മണ്ഡലത്തിലുണ്ടായ അപ്രതീക്ഷിത പരാജയത്തിന് പിന്നിൽ യുഡിഎഫും ബിജെപിയും തമ്മിലുള്ള വോട്ട് കച്ചവടമാണെന്ന ഗുരുതര ആരോപണവുമായി മുൻ മന്ത്രിയും കേരള കോൺഗ്രസ് (ബി) നേതാവുമായ കെ ബി ഗണേഷ് കുമാർ. 2001 മുതൽ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ഗണേഷ് കുമാറിനെ കോൺഗ്രസ് സ്ഥാനാർത്ഥി ജ്യോതികുമാർ ചാമക്കാലയാണ് ഇത്തവണ പരാജയപ്പെടുത്തിയത്.
ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഗണേഷ് കുമാർ ബിജെപിയുടെ വോട്ട് വിഹിതത്തിലുണ്ടായ വലിയ ഇടിവ് ചൂണ്ടിക്കാട്ടി രംഗത്തെത്തിയത്. "2016-ൽ 11,700 വോട്ടും 2021-ൽ 12,398 വോട്ടും ബിജെപിക്ക് മണ്ഡലത്തിൽ ലഭിച്ചിരുന്നു. 2025-ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ ഇത് 23,000 വരെയായി ഉയർന്നു. എന്നാൽ സംസ്ഥാനത്ത് മൂന്ന് സീറ്റുകളിൽ ബിജെപി വിജയിച്ച ഇത്തവണ പത്തനാപുരത്ത് അവർക്ക് ലഭിച്ചത് വെറും 7,031 വോട്ടുകൾ മാത്രമാണ്," അദ്ദേഹം കുറിപ്പിൽ വ്യക്തമാക്കി.
ബിജെപി തങ്ങളുടെ സ്വാധീനമുള്ള സീറ്റ് സഖ്യകക്ഷിയായ ട്വന്റി20-ക്ക് നൽകിയത് വോട്ട് മറിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമാണെന്നും അദ്ദേഹം ആരോപിച്ചു. ബിജെപി വിജയിച്ച വാർഡുകളിൽ പോലും ഇത്തവണ എൻഡിഎ സ്ഥാനാർത്ഥിക്ക് രണ്ടക്ക വോട്ട് പോലും ലഭിക്കാത്തത് ഈ 'ഡീലിന്' തെളിവാണ്. പത്തനാപുരത്ത് മാത്രമല്ല, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇത്തരത്തിൽ എൽഡിഎഫിനെ തോൽപ്പിക്കാൻ വോട്ട് കച്ചവടം നടന്നതായും ഗണേഷ് കുമാർ ആരോപിച്ചു.
ഗണേഷ് കുമാറിൻറെ പോസ്റ്റിൻറെ പൂർണ്ണ രൂപം
പത്തനാപുരത്തും യുഡിഎഫ് -ബിജെപി ഡീൽ
.................................
2016 ൽ ബിജെപി സ്ഥാനാർഥി ഭീമൻ രഘുവിന് ലഭിച്ച വോട്ട് 11,700.
2021 ൽ ബിജെപി സ്ഥാനാർത്ഥിയ്ക്ക് ലഭിച്ച വോട്ട് 12,398.
2025 ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപിയ്ക്ക് മാത്രം നിയോജക മണ്ഡലത്തിൽ നിന്നും ലഭിച്ചത് 23,000 ഓളം വോട്ടുകളാണ്...
ആ സ്ഥാനത്താണ് സംസ്ഥാനത്ത് ഇപ്രാവശ്യം 3 സീറ്റുകളിൽ ജയിച്ച ബിജെപിയ്ക്ക് പത്തനാപുരത്ത് ലഭിച്ചത് ആകെ 7,031 മാത്രം...അതും ബിജെപിയ്ക്ക് വേണ്ടി മത്സരിച്ചത് പത്തനാപുരത്ത് പ്രാതിനിധ്യമില്ലാത്ത ട്വൻറി ട്വൻറി പാർട്ടിയും. തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി ജയിച്ച പല പഞ്ചായത്ത് വാർഡുകളിൽ പോലും വോട്ടുകൾ രണ്ടക്കം കടക്കുവാൻ ബിജെപിയ്ക്ക് കഴിഞ്ഞിട്ടില്ല.ഇതിൽ നിന്നുതന്നെ കാര്യം വ്യക്തമാണ്. പ്രചാരണ രംഗത്ത് പോലും സജീവമായി എൻ.ഡി.എ മുന്നണി ഇല്ലായിരുന്നു..യുഡിഎഫ് -ബിജെപി ഡീലിന്റെ ഭാഗമായാണ് പത്തനാപുരം മണ്ഡലത്തിലും ഇരു കൂട്ടരും എൽഡിഎഫ് നു എതിരെ പ്രവർത്തിച്ചത്. ഇവിടെ ചക്ക ചിഹ്നത്തിൽ ടെന്റി ടെന്റി യ്ക്ക് സീറ്റ് നൽകിയത് വഴി അവരുടെ ഡീൽ ആരംഭിച്ചു.സംസ്ഥാനത്തിന്റെ പല ഭാഗത്തും ഇത്തരം ഡീലുകൾ ഉണ്ടായിരുന്നു.പാർട്ടികൾക്ക് കിട്ടിയ വോട്ട് ഷെയറുകൾ നോക്കിയാൽ മനസിലാകും. സംസ്ഥാനത്ത് തന്നെ ബിജെപി ജയിച്ച മൂന്ന് മണ്ഡലങ്ങളിലും രണ്ടാം സ്ഥാനത്ത് എത്തിയത് എൽഡിഎഫ്ആണ്, വളരെ കുറഞ്ഞ വോട്ടുകൾക്കാണ് മൂന്ന് സ്ഥലത്തും ബിജെപിയ്ക്ക് ജയിക്കാൻ കഴിഞ്ഞത് . മൂന്ന് സ്ഥലത്തും കോൺഗ്രസ് മൂന്നാം സ്ഥാനത്താണ്.. ആ സ്ഥലങ്ങളിൽ കഴിഞ്ഞ പാർലമെന്റ്,തദ്ദേശ തെരഞ്ഞെടുപ്പുകളിലെ വോട്ടുകൾ പോലും കോൺഗ്രസ് നു ലഭിച്ചില്ല..
140 അംഗ നിയമസഭയിൽ 102 സീറ്റുകൾ നേടി യുഡിഎഫ് ഭരണമുറപ്പിച്ചപ്പോൾ, എൽഡിഎഫ് 35 സീറ്റുകളിലേക്ക് ഒതുങ്ങി. ഗണേഷ് കുമാറിന്റെ പാർട്ടിയായ കേരള കോൺഗ്രസ് (ബി)-ക്ക് ഇത്തവണ സീറ്റുകളൊന്നും നേടാനായില്ല
English Summary: Former minister and Kerala Congress (B) leader K B Ganesh Kumar on Sunday alleged that a political deal between the UDF and BJP led to his defeat in the Pathanapuram constituency here in the recently held Assembly elections.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates