Global Ayyappa Sangamam  
Kerala

അയ്യപ്പ സംഗമം: 'കണക്കുകളില്‍ ചില പൊരുത്തക്കേടുകള്‍ മാത്രം'; ആരോപണങ്ങള്‍ നിഷേധിച്ച് ദേവസ്വം ബോര്‍ഡ്

കേന്ദ്ര മന്ത്രിമാരും ന്യായാധിപന്മാരും ഉള്‍പ്പെടെ എത്തുന്ന പമ്പയിലെ ഗസ്റ്റ് ഹൗസ് നവീകരണത്തിന്റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങളെ മുഖ്യമന്ത്രിക്കായി പ്രത്യേകം കട്ടില്‍ വാങ്ങിയെന്ന തരത്തില്‍ ദുഷ്പ്രചാരണം നടത്തുന്നത് അങ്ങേയറ്റം ദൗര്‍ഭാഗ്യകരവും പ്രതിഷേധാര്‍ഹവുമാണ്.

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പമ്പയില്‍ സംഘടിപ്പിച്ച ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട ക്രമക്കേട് ആരോപണങ്ങൾ നിഷേധിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. കണക്കുകളിലുള്ളത് തിരക്കിട്ട് തയ്യാറാക്കിയപ്പോൾ ഉണ്ടായ പൊരുത്തക്കേടുകൾ മാത്രമാണ്. മുഖ്യമന്ത്രിക്ക് കട്ടില്‍ വാങ്ങാന്‍ തുക ചെലവഴിച്ചു എന്നതുൾപ്പെടുള്ള ആരോപണങ്ങൾ തെറ്റാണെന്നാണും ദേവസ്വം ബോര്‍ഡ് പറയുന്നു.

ദേവസ്വം ഓഡിറ്റ് റിപ്പോര്‍ട്ടിലോ, സ്‌പെഷ്യല്‍ കമ്മീഷണര്‍ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലോ മുഖ്യമന്ത്രിക്ക് കട്ടില്‍ വാങ്ങാന്‍ തുക ചെലവഴിച്ചു എന്ന ഒരു പരാമര്‍ശവും ഇല്ല. അങ്ങനെ ഒരു വാര്‍ത്ത എങ്ങനെ പ്രചരിച്ചു എന്നത് അതിശയകരമാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ചില മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തകള്‍ വേദനാജനകവും സത്യവിരുദ്ധവുമാണെന്നും ദേവസ്വം ബോര്‍ഡ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ബോര്‍ഡ് യോഗം പരിഗണിക്കുന്നതിന് മുമ്പ് തന്നെ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടി വന്നതിനാല്‍, നന്ദഗോവിന്ദം ഭജന്‍സ് സംബന്ധിച്ച തെറ്റുകള്‍ പോലുള്ള ചില പൊരുത്തക്കേടുകള്‍ റിപ്പോര്‍ട്ടില്‍ ഉണ്ടായിട്ടുണ്ട്. കോടതി നിശ്ചയിച്ച സമയപരിധി പാലിക്കേണ്ടതിനാലാണ് ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെ റിപ്പോര്‍ട്ട് കൂടുതല്‍ വിശദപരിശോധനയ്ക്കുമുമ്പ് സമര്‍പ്പിക്കേണ്ടി വന്നത്. അയ്യപ്പ സംഗമം ധൂര്‍ത്തോ അനാവശ്യ പരിപാടിയോ ആയിരുന്നില്ല. കാലത്തിന്റെ ആവശ്യമായ മഹത്തായ ഒരു സംരംഭമായിരുന്നു അത്. ശബരിമലയുടെ യശസ്സും മഹത്വവും ലോകമെമ്പാടും എത്തിക്കാനുള്ള ശ്രമത്തെ തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കരിവാരിത്തേക്കരുതെന്നും ദേവസ്വം ബോര്‍ഡ് പറയുന്നു.

കേന്ദ്ര മന്ത്രിമാരും ന്യായാധിപന്മാരും ഉള്‍പ്പെടെ എത്തുന്ന പമ്പയിലെ ഗസ്റ്റ് ഹൗസ് നവീകരണത്തിന്റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങളെ മുഖ്യമന്ത്രിക്കായി പ്രത്യേകം കട്ടില്‍ വാങ്ങിയെന്ന തരത്തില്‍ ദുഷ്പ്രചാരണം നടത്തുന്നത് അങ്ങേയറ്റം ദൗര്‍ഭാഗ്യകരവും പ്രതിഷേധാര്‍ഹവുമാണ്. 3,83,439 രൂപ ഗസ്റ്റ് ഹൗസ് നവീകരണത്തിന് വകയിരുത്തിയിരുന്നു. ദേവസ്വം ബോര്‍ഡിന്റെ ഗസ്റ്റ് ഹൗസിലേക്ക് വാങ്ങുന്ന ഏതൊരു സാധനവും ദേവസ്വത്തിന്റെ സ്വത്താണ്. അതിനെ തെറ്റായി വ്യാഖ്യാനിച്ചാണ് മുഖ്യമന്ത്രിക്ക് കട്ടില്‍ വാങ്ങാന്‍ ഒരു ലക്ഷം രൂപ ചെലവഴിച്ചു എന്ന വാര്‍ത്ത ചില മാധ്യമങ്ങള്‍ പ്രചരിപ്പിച്ചതെന്നും ദേവസ്വം ബോര്‍ഡ് പറയുന്നു.

നന്ദഗോവിന്ദം ഭജന്‍സ് സംഘത്തിന് തുക നല്‍കിയതായി ബോര്‍ഡിന്റെ ഓഡിറ്റര്‍ റിപ്പോര്‍ട്ടില്‍ പറയുന്നത് പിശകാണ്. തുക നല്‍കിയിരുന്നുവെങ്കില്‍ വൗച്ചര്‍ അല്ലെങ്കില്‍ ബാങ്ക് ഇടപാട് രേഖകള്‍ ഉണ്ടായിരിക്കണം. തുക പോയത് ഇഷാന്‍ ദേവിന്റെ അക്കൗണ്ടിലേക്കാണ്. ഇഷാന്‍ ദേവിന്റെ സംഘത്തിന്റെ അഞ്ച് ദിവസത്തെ താമസം, ഭക്ഷണം, റിഹേഴ്‌സല്‍ തുടങ്ങി എല്ലാ ചെലവുകളും ഉള്‍പ്പെടുത്തി 8 ലക്ഷം രൂപയാണ് ചെലവായത്. അന്നേ ദിവസം മറ്റ് പരിപാടികള്‍ ഉണ്ടായതിനാല്‍ നന്ദഗോവിന്ദം ഭജന്‍സ് സംഘം എത്താനാകില്ലെന്ന് അറിയിച്ചതോടെയാണ് പരിപാടി ഇഷാന്‍ ദേവിലേക്ക് എത്തിയത്. ഇവന്റ് മാനേജ്‌മെന്റ് ഏജന്‍സി ദേവസ്വം ബോര്‍ഡിന്റെ ചാര്‍ട്ടേഡ് അക്കൗണ്ടന്റിന് സമര്‍പ്പിച്ച സ്റ്റേറ്റ്‌മെന്റില്‍ അശ്രദ്ധ മൂലം ഉണ്ടായ പിശകാണ് നന്ദഗോവിന്ദം ഭജന്‍സ് പരിപാടി അവതരിപ്പിച്ചു എന്ന രീതിയിലുള്ള തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയത്.

ഇന്ത്യന്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷന്‍സ് ആയിരുന്നു പരിപാടിയുടെ ഇവന്റ് മാനേജ്‌മെന്റ് ഏജന്‍സി (ഐഐഐസി). സ്‌പോണ്‍സര്‍ഷിപ്പ് തുക വൈകിയാല്‍ പരിപാടിയുടെ നടത്തിപ്പിനെ ബാധിക്കാതിരിക്കാന്‍, 5 കോടി രൂപ ആഗോള അയ്യപ്പ സംഗമത്തിനായി ധനലക്ഷ്മി ബാങ്കില്‍ ആരംഭിച്ച പ്രത്യേക സേവിംഗ്‌സ് അക്കൗണ്ടിലേക്ക് നിക്ഷേപിച്ചു. ഇതില്‍ നിന്നും 3 കോടി രൂപ ഐഐഐസിയ്ക്ക് അഡ്വാന്‍സായി നല്‍കി. താമസസൗകര്യങ്ങള്‍ക്കായി വിവിധ ഹോട്ടലുകള്‍ക്ക് 12,76,440 രൂപയും, ജി.എസ്.ടി ഇനത്തില്‍ 15,25,424 രൂപയും നല്‍കി.

പരിപാടിയുടെ വരവ് ചെലവ് കണക്കുകള്‍ ഇതുവരെ അന്തിമമായിട്ടില്ല, എന്നാല്‍ മൂന്ന് കോടി രൂപ സ്‌പോണ്‍സര്‍ഷിപ്പ് ആയി ലഭിച്ചിട്ടുണ്ട്. ധനലക്ഷ്മി ബാങ്ക് ജി.എസ്.ടി ഒഴികെ 2 കോടി രൂപയും, കേരള ബാങ്ക് ജി.എസ്.ടി ഉള്‍പ്പെടുത്തി 1 കോടി രൂപയുമാണ് നല്‍കിയിട്ടുള്ളത്. ഇതിന് പുറമെ, അദാനി ഗ്രൂപ് ഒരു കോടി രൂപ നല്‍കുമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്.

ലഭിച്ച മൂന്ന് കോടി ദേവസ്വം ബോര്‍ഡ് ജനറല്‍ ഫണ്ടില്‍ നിക്ഷേപിച്ചു. ഇതോടെ ട അഡ്വാന്‍സായി നല്‍കിയ കോര്‍പ്പസ് ഫണ്ട് തിരിച്ചെത്തി്. പ്രത്യേക അക്കൗണ്ടില്‍ പലിശ ഉള്‍പ്പെടെ 1,74,40,912 രൂപ അവശേഷിക്കുന്നുണ്ടെന്നും ബോര്‍ഡ് വിശദീകരിക്കുന്നു. ഭക്ഷണവുമായി ബന്ധപ്പെട്ട ആരോപണങ്ങളും അടിസ്ഥാന രഹിതമാണെന്നും ബോര്‍ഡ് പറയുന്നു.

ശബരിമല ദര്‍ശനത്തിന് എത്തിയ അയ്യപ്പഭക്തര്‍, ദിവസവേതന തൊഴിലാളികള്‍, ഡോളി തൊഴിലാളികള്‍ തുടങ്ങി പമ്പയിലെ ഭക്ഷണശാലയില്‍ എത്തിയ എല്ലാവര്‍ക്കും ഭക്ഷണം നല്‍കി. കണക്കാക്കിയിരുന്ന സംഖ്യയുടെ ഇരട്ടിയിലധികം ആളുകള്‍ക്ക് ഭക്ഷണം വിതരണം ചെയ്തിട്ടുണ്ട്. സംഗമം അവസാനിച്ച ദിവസം കൂടുതല്‍ ആളുകള്‍ക്ക് ഭക്ഷണം നല്‍കിയതായി കണക്കാക്കി അനധികൃതമായി തുക എഴുതി എടുത്തുവെന്ന ആരോപണവും സത്യവിരുദ്ധമാണെന്നും പത്രക്കുറിപ്പ് പറയുന്നു.

Global Ayyappa Sangamam : Fake propaganda is going on, Devaswom Board refutes allegations by providing figures

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എതിരാളികളെ ഭയമില്ല, സമ്മർദ്ദം മനസിലുണ്ട്; ടീം തികഞ്ഞ ആത്മവിശ്വാസത്തിലെന്ന് സൂര്യകുമാർ യാദവ്

13 വയസ്സിന് താഴെയുള്ള വിദ്യാർത്ഥികളുടെ ജനറേറ്റീവ് എഐ ഉപയോഗം നിരോധിക്കും,സ്കൂളുകളിൽ കർശന നിയന്ത്രണവുമായി യുഎഇ

പാകിസ്ഥാന്റെ ആഗ്രഹം സാധിക്കട്ടെ, അഭിഷേക് ശർമ നാളെ കളിക്കും; സഞ്ജു പുറത്തേക്ക് ?

കോഴിക്കോട് ടൗണ്‍ എസ്‌ഐയ്ക്ക് നേരെ ആക്രമണം, വയറില്‍ കുത്തേറ്റു

ആലിന്‍ ഷെറിന്റെ സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ, കേരള ബ്ലാസ്റ്റേഴ്‌സ് തോറ്റു; ഇന്നത്തെ 5 പ്രധാനവാര്‍ത്തകള്‍

SCROLL FOR NEXT