തിരുവനന്തപുരം: സർക്കാർ ആശുപത്രികളിലെ ഡോക്ടർമാരുടെ ഒപി സമയം കൂട്ടി ആരോഗ്യ വകുപ്പിന്റെ ഉത്തരവ്. ആശുപത്രികളുടെ പ്രവർത്തനം കാര്യക്ഷമമാക്കാനുള്ള ഡ്യൂട്ടി പരിഷ്കരണത്തിന്റെ ഭാഗമായാണിത്. സ്പെഷ്യലിസ്റ്റ് ഡോക്ടർമാർക്ക് ഒപി സമയം എട്ട് മുതൽ രണ്ട് വരെയാക്കി. നേരത്തെ ഇത് ഒരു മണി വരെയായിരുന്നു. അഡ്മിനിസ്ട്രേറ്റീവ് കേഡറിൽ സമയം കൂട്ടിയിട്ടില്ല.
സൂപ്രണ്ട്, ആർഎംഒ, കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർമാർ, അസിസ്റ്റന്റ് സർജൻ, ചീഫ് കൺസൾട്ടന്റ്, ജൂനിയർ കൺസൾട്ടന്റ്, കൺസൾട്ടന്റ്, മെഡിക്കൽ ഓഫീസർ, സ്പെഷ്യാലിറ്റി തുടങ്ങിയ വിവിധ വിഭാഗങ്ങളിലെ ഡോക്ടർമാരുടെ ജോലിയും ഉത്തരവാദിത്വവും പുനർനിർണയിച്ചുള്ള ഉത്തരവാണ് ആരോഗ്യ വകുപ്പ് പുറത്തിറക്കിയത്. മെഡിക്കൽ ഓഫീസർമാർ ഡ്യൂട്ടി ദിവസങ്ങളിൽ ആശുപത്രിയുടെ എട്ട് കിലോമീറ്ററിനുള്ളിൽ താമസിക്കണം. യാത്രയ്ക്ക് ആശുപത്രി വാഹനം നൽകും.
അതേസമയം ഒപി സമയം കൂട്ടാനുള്ള തീരുമാനത്തിനെതിരെ ഡോക്ടർമാരുടെ സംഘടനകൾ രംഗത്തെത്തി. എണ്ണം കൂട്ടുന്നതിനു പകരം ജോലി സമയം നീട്ടുന്നതു പോലെയുള്ള കുറുക്കു വഴികൾ അംഗീകരിക്കാനാകില്ലെന്നു കെജിഎംഒഎ വ്യക്തമാക്കി. ഒപി സമയം വർധിപ്പിച്ച ഉത്തരവ് പിൻവലിക്കണമെന്നു കേരള ഗവൺമെന്റ് സ്പെഷ്യലിസ്റ്റ് ഡോക്ടേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates