

മലയാളിയ്ക്ക് ഒരിക്കലും മറക്കാന്‍ സാധിക്കാത്ത ഗാനമാണ് അമ്പലപ്പുഴെ ഉണ്ണിക്കണ്ണനോട് നീ. അദ്വൈതം എന്ന ചിത്രത്തിലെ ഈ ഗാനം പിറന്ന വഴി പങ്കിടുകയാണ് ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി. സംഗീത സംവിധാകയകന്‍ എംജി രാധാകൃഷ്ണന്റെ അനുസ്മരണ ദിനത്തില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് കൈതപ്രം ഓര്‍മ പങ്കിട്ടത്. ആ വാക്കുകളിലേക്ക്:
അമ്പലപ്പുഴേ എന്ന് തുടങ്ങുന്ന പ്രിയന്‍ ചിത്രത്തിലെ എന്റെ ഗാനം. എംജി. ശ്രീകുമാര്‍, ചിത്ര എന്നിവര്‍ ആലപിച്ച ഗാനം. സംഗീതം ചെയ്തത് എംജി രാധാകൃഷ്ണന്‍ ആണ്. എംജിആര്‍ എനിക്ക് രാധാകൃഷ്ണന്‍ ചേട്ടനാണ്. എന്റെ ലളിത-ഭക്തി-ഗാനങ്ങളുടെ ലോകത്തേക്ക് ആനയിച്ച ഗുരുനാഥന്‍. മദ്രാസിലായിരുന്നു കമ്പോസിങ്ങും റെക്കോര്‍ഡിങ്ങും.
പിവിജി ആണ് പ്രൊഡ്യൂസര്‍. മദ്രാസിലേക്കു പോകാനുള്ള ദിവസം ഞാന്‍ വേറൊരു പ്രോഗ്രാം ഏറ്റു പോയിരുന്നു. കരുനാഗപ്പള്ളി വെള്ളനാതുരുത്തില്‍ ഒരു സുബ്രഹ്മണ്യ ക്ഷേത്രത്തിലെ പ്രതിഷ്ഠയില്‍ ദക്ഷിണാമൂര്‍ത്തി സ്വാമിയോടൊപ്പം ഞാനും പങ്കെടുക്കുകയായിരുന്നു പരിപാടി. അവിടെ നിന്ന് മദ്രാസ് ട്രെയിനില്‍ കൊല്ലം സ്റ്റേഷനില്‍ നിന്ന് യാത്ര.
ചിത്രത്തിന്റെ പേര് അദ്വൈതം. എഴുതുന്നത് പ്രണയഗാനം. അമ്പലപ്പേര്-സ്ഥലപ്പേര് വെച്ച് തുടങ്ങാന്‍ തീരുമാനിച്ചു. 'താനിനാനിനാ' എന്ന് രാധാകൃഷ്ണന്‍ ചേട്ടന്‍ പാടിയപ്പോള്‍ 'അമ്പലപ്പുഴേ ഉണ്ണിക്കണ്ണനോടു നീ' എന്ന് കാമുകിയോട് പറയുന്ന വാക്യം കൃത്യമായി കിട്ടി.
രാത്രി തൊഴുതു മടങ്ങുമ്പോള്‍ മങ്ങി നില്‍ക്കുന്ന കല്‍വിളക്കുകളുടെ മുന്നില്‍ നിന്ന് പ്രാര്‍ത്ഥിക്കുക എന്റെയൊരു പതിവാണ്. പല്ലവിയില്‍ അങ്ങനെ പാടികയറി. അമ്പലപ്പുഴ നാടകശാല, വിവാഹരംഗം, നാലാളറിയേ കൈപിടിക്കുന്ന ആദ്യാനുഭൂതി ഇങ്ങനെ പാട്ട് കയറിക്കയറി പോകുമ്പോള്‍ പ്രിയന്, സ്വന്തം നാടിന്റെ പാട്ടായി അത് ഹൃദയം നിറച്ചു.
പിറ്റേന്ന് റെക്കോര്‍ഡിങ്ങിന് ശ്രീകുട്ടനും ചിത്രയും നേരിട്ട് പാടാനെത്തി. പാര്ഥസാരഥിയുടെ വീണ ആദ്യാവസാനം മിന്നി. എന്റെ മനസ്സ് പറഞ്ഞു: ഇത് എവര്‍ഗ്രീന്‍ ഹിറ്റായിരിക്കും. പ്രിയന്‍ പിന്നീട് പല ഇന്റര്‍വ്യൂവിലും ഈ ഗാനം പ്രിയന്റെ ഏറ്റവും പ്രിയതരമാണെന്ന് ആവര്‍ത്തിച്ചു പറഞ്ഞു.
സാക്ഷാല്‍ ചിത്രയോടൊപ്പം ഈ ഡ്യൂയറ്റ് വേദിയില്‍ പാടാന്‍ എനിക്ക് ഭാഗ്യമുണ്ടായിട്ടുണ്ട്.. വിദേശങ്ങളില്‍ ഒരുപാട് വേദികളില്‍ പല ഗായികമാരോടൊപ്പം പാടിയതില്‍ പ്രിയ ഗായിക സംഗീതയുടെ പേര് പ്രത്യേകം പറയാനുണ്ട്. ഈ ഗാനം സംഗീതചികിത്സയായി ഒരു കുട്ടിക്ക് ജീവിതം തിരിച്ചു നല്‍കിയിട്ടുണ്ട് എന്ന പ്രത്യേക അനുഭവം കൂടെ പറയാനുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates