തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ വിയോഗത്തിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ അനുശോചനം രേഖപ്പെടുത്തി. ആദർശങ്ങളിൽ ഉറച്ചുനിന്ന, സാധാരണ പ്രവർത്തകർക്കൊപ്പം നിന്ന യഥാർത്ഥ നേതാവ്. സമൂഹത്തിനും സംസ്ഥാന രാഷ്ട്രീയത്തിനും അദ്ദേഹം നൽകിയ സംഭാവനകൾ എന്നും ഓർമ്മിക്കപ്പെടുമെന്ന് ഗവർണർ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
സംസ്ഥാനത്ത് നിന്നും പ്രവർത്തിച്ച് ദേശീയ തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ട അപൂർവം നേതാക്കളിലൊരാളാണ് വി എസ് അച്യുതാനന്ദനെന്ന് മുൻമന്ത്രി ജി സുധാകരൻ അനുസ്മരിച്ചു. തത്വശാസ്ത്രവും അതിലുള്ള വിശ്വാസവും അതിന്റെ അടിസ്ഥാനത്തിലുള്ള വിഎസിന്റെ പ്രവർത്തനങ്ങൾ, പാർട്ടി രംഗത്തും സമരരംഗത്തും ഭരണരംഗത്തുമുള്ള പോരാട്ടങ്ങൾ അദ്ദേഹത്തെ ദേശീയ നേതാവായി ഉയർത്തിയെന്ന് ജി സുധാകരൻ അഭിപ്രായപ്പെട്ടു.
ഏത് ചുമതല ഏറ്റെടുത്താലും ജനപക്ഷത്തു നിൽക്കാനും പാവപ്പെട്ടവരുടെ വികാരത്തെ പരിഗണിക്കാനും നിതാന്ത ജാഗ്രത പുലർത്തിയ നേതാവാണ് വി എസ് അച്യുതാനന്ദനെന്ന് സ്പീക്കർ എ എൻ ഷംസീർ അനുശോചന സന്ദേശത്തിൽ പറഞ്ഞു. കേരളത്തെ നിലനിർത്തുന്നതിന് വേണ്ടി പാരിസ്ഥിതിക പ്രശ്നങ്ങൾ ഉയർത്തിപ്പിടിച്ച് വി എസിന്റെ നേതൃത്വത്തിൽ നടത്തിയ പോരാട്ടങ്ങൾ അവിസ്മരണീയങ്ങളാണ്.
നെൽപ്പാടങ്ങളും നീർത്തടങ്ങളും സംരക്ഷിക്കാൻ അന്ന് നടത്തിയ സമരങ്ങളെ പരിഹസിച്ച മാധ്യമങ്ങൾ വരെ വി.എസിന്റെയും തൊഴിലാളി പ്രസ്ഥാനത്തിന്റെയും നിലപാടിനെ ഇന്ന് പിന്തുടരുന്നു. അനീതിക്കെതിരെ നിലയ്ക്കാത്ത പോരാട്ടം നയിക്കുന്ന കമ്മ്യൂണിസ്റ്റുകാർക്കും പുരോഗമന വിശ്വാസികൾക്കും പ്രചോദനമായി നിലകൊണ്ട സമര ജീവിതത്തിന് തിരശ്ശീല വീഴുമ്പോൾ, പുരോഗമന പ്രസ്ഥാനത്തിനും കേരളത്തിന്റെ പൊതുമണ്ഡലത്തിനും തീരാനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ഷംസീർ കുറിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates