പ്രതീകാത്മക ചിത്രം ഫയല്‍
Kerala

വിദ്യാർഥികൾക്കിടയിലെ ആത്മഹത്യ, ലഹരി, മാനസിക പ്രശ്നങ്ങൾ; സംസ്ഥാനത്ത് കൗൺസിലിങ് സൗകര്യം 1,012 സർക്കാർ സ്കൂളുകളിൽ മാത്രം

സംസ്ഥാനത്ത് 12,644 സ്കൂളുകളുണ്ട്. ഇതിൽ 4,504 എണ്ണം സർക്കാർ സ്കൂളുകളാണ്. 7,277 എയ്ഡഡ് സ്കൂളുകളും 863 അൺ എയ്ഡഡ് സ്കൂളുകളും ഉണ്ട്

ഷൈനു മോഹന്‍

തിരുവനന്തപുരം: സ്കൂൾ വിദ്യാർഥികൾക്കിടയിൽ ആത്മഹത്യ, ലഹരിമരുന്നു ഉപയോ​ഗം, മാനസിക ആരോ​ഗ്യ പ്രശ്നങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ സ്കൂളുകളിൽ മതിയായ കൗൺസിലിങ് സൗകര്യങ്ങൾ ഇല്ലാത്തത് ആശങ്കയാകുന്നു. സംസ്ഥാനത്ത് 12,644 സ്കൂളുകളുണ്ട്. ഇതിൽ 4,504 എണ്ണം സർക്കാർ സ്കൂളുകളാണ്. 7,277 എയ്ഡഡ് സ്കൂളുകളും 863 അൺ എയ്ഡഡ് സ്കൂളുകളും ഉണ്ട്. അതിൽ 1,012 സർക്കാർ സ്കൂളുകളിൽ മാത്രമാണ് നിലവിൽ കൗൺസിലർമാരുടെ സേവനമുള്ളത്. ഈ സ്കൂളുകളിലാകട്ടെ ഒരു കൗൺസിലർ മാത്രമാണ് ഉള്ളത്. സമീപകാലത്ത് സംസ്ഥാനത്തെ സ്കൂളുകളിൽ നിന്നു പുറത്തു വന്ന സംഭവങ്ങൾ കൗൺസിലിങ് സൗകര്യങ്ങൾ മെച്ചപ്പെടുത്തേണ്ടത് അനിവാര്യമാണെന്നു വ്യക്തമാക്കുന്നു.

2008ൽ കേന്ദ്ര സർക്കാർ നടപ്പിലാക്കിയ കിഷോരി ശക്തി യോജനയുടെ ഭാ​ഗമായി സംസ്ഥാന വനിതാ ശിശു വികസന വകുപ്പ് വിദ്യാർഥികൾക്കായി സൈക്കോ സോഷ്യൽ സേവനം ആരംഭിച്ചിരുന്നു. കേന്ദ്രം പിന്നീട് പദ്ധതി നിർത്തിയെങ്കിലും സംസ്ഥാന സർക്കാർ പദ്ധതി ഏറ്റെടുത്തു വ്യാപിപ്പിച്ചു. എന്നാൽ ഇത് എല്ലാ സർക്കാർ, എയ്ഡഡ് സ്കൂളുകളിലും നടപ്പാക്കാൻ സാധിച്ചില്ല.

സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലേക്കും കൗൺസിലിങ് പദ്ധതി സർക്കാർ വ്യാപിപ്പിക്കണമെന്ന് സൈക്യാട്രിസ്റ്റ് സിജെ ജോൺ പറഞ്ഞു. ഇത് അടിയന്തര ആവശ്യമായി മാറിയിരിക്കുന്നു. അതിനുമുമ്പ് സർക്കാർ നിലവിലെ പരിപാടിയുടെ ഫലപ്രാപ്തി വിലയിരുത്തണം. ശാസ്ത്രീയ കൗൺസിലിങിനു ഒരു പ്രോട്ടോക്കോൾ ഉണ്ട്. സ്കൂളുകൾ വിദ്യാർഥി കൗൺസിലർമാർക്ക് മതിയായ അടിസ്ഥാന സൗകര്യങ്ങൾ നൽകുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ട്. ഇപ്പോൾ, ഈ കൗൺസിലർമാരെ മറ്റ് ജോലികൾക്കായി ഉപയോഗിക്കുന്നു. പുതിയ കാലത്ത് വിദ്യാർഥികൾ നേരിടുന്ന പ്രശ്നങ്ങളുടെ സ്വഭാവം മാറിയിട്ടുണ്ട്. അതിനാൽ കൗൺസിലർമാരുടെ വൈദ​​ഗ്ധ്യം വർധിപ്പിക്കണമെന്നും ജോൺ പറയുന്നു.

കുറഞ്ഞ ശമ്പളവും അമിത ജോലിഭാരവുമാണ് കൗൺസിലർമാർക്കുള്ളത്. സ്കൂളുകളിൽ നിന്നുള്ള പിന്തുണയുടെ അഭാവം വിദ്യാർഥികളുടെ സാമൂഹിക മാനസിക പുനരധിവാസത്തെ ബാധിക്കുന്നു. അധ്യാപകരുടേയും പ്രിൻസിപ്പൽമാരുടേയും പിന്തുണയില്ലെങ്കിൽ ജോലി ചെയ്യാൻ പ്രയാസമാണ്. പ്രശ്നക്കാരായ വിദ്യാർഥികളെ ഒഴിവാക്കാനാണ് പലപ്പോഴും സ്കൂളുകൾ ശ്രമിക്കാറുള്ളത്. ഇത്തരം സമീപനങ്ങളും ശരിയല്ല. ഓർഗനൈസേഷൻ ഓഫ് സോഷ്യൽ വർക്കേഴ്സ് ആൻഡ് കൗൺസിലേഴ്സ് (ഒഎസ്ഡബ്ല്യുസി) സംസ്ഥാന ജനറൽ സെക്രട്ടറി ധന്യ അബിദ പറഞ്ഞു.

കുട്ടികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിനായി മുഖ്യമന്ത്രിയുടെ തലത്തിൽ ചർച്ചകൾ പുരോഗമിക്കുകയാണ്. വിദഗ്ധരുമായി നിരവധി യോഗങ്ങൾ നടന്നിട്ടുണ്ട്. സ്കൂൾ കൗൺസിലിങ് പദ്ധതി വിപുലീകരിക്കുന്നതിന് നയപരമായ തീരുമാനം ആവശ്യമാണ്-വനിതാ ശിശു വികസന സെക്രട്ടറി ഷർമിള മേരി ജോസഫ് വ്യക്തമാക്കി.

ഓരോ ജില്ലയിലെയും സ്കൂൾ കൗൺസിലർമാരുടെ എണ്ണം

തിരുവനന്തപുരം - 78

കൊല്ലം - 87

പത്തനംതിട്ട - 47

ആലപ്പുഴ - 58

കോട്ടയം - 61

ഇടുക്കി - 69

എറണാകുളം - 68

തൃശൂർ - 77

പാലക്കാട് - 79

മലപ്പുറം - 97

കോഴിക്കോട് - 79

വയനാട് - 60

കണ്ണൂർ - 94

കാസർക്കോട് - 58.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT