പ്രതീകാത്മക ചിത്രം 
Kerala

ജിമ്മുകള്‍ അടയ്ക്കും, ലിഫ്റ്റുകളില്‍ രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്ക് മാത്രം പ്രവേശനം; ആലപ്പുഴയിലും നിയന്ത്രണം

ജില്ലയില്‍ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി 20 ശതമാനത്തിന് മുകളില്‍ എത്തിയ സാഹചര്യത്തില്‍ പ്രത്യേക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: ജില്ലയില്‍ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി 20 ശതമാനത്തിന് മുകളില്‍ എത്തിയ സാഹചര്യത്തില്‍ പ്രത്യേക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി കലക്ടര്‍ ഉത്തരവിറക്കി. ജില്ലയിലെ എല്ലാത്തരം സാമൂഹ്യ, രാഷ്ട്രീയ, സമുദായിക പൊതു പരിപാടികള്‍, മതപരമായ ചടങ്ങുകള്‍, വിവഹം, മരണാനന്തര ചടങ്ങുകള്‍ എന്നിവയില്‍ പരമാവധി അന്‍പതുപേരെ മാത്രം പങ്കെടുപ്പിച്ചേ നടത്താന്‍ പാടുള്ളു. ഇത്തരം പരിപാടികളില്‍ പങ്കെടുക്കുന്നവര്‍ നിര്‍ബന്ധമായും രണ്ടു ഡോസ് കോവിഡ് വാക്‌സിന്‍ എടുത്തിരിക്കണം. ഈ നിര്‍ദേശം ലംഘിക്കുന്ന പരിപാടിയുടെ സംഘാടകര്‍ക്കും കെട്ടിട ഉമടയ്ക്കും എതിരെ നിയമ നടപടികള്‍ സ്വീകരിക്കും.

എല്ലാ സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, സഹകരണ, പൊതുമേഖലാ, സ്വയംഭരണ സ്ഥാപനങ്ങളിലും യോഗങ്ങള്‍, പരിപാടികള്‍, ചടങ്ങുകള്‍ എന്നിവ ഓണ്‍ലൈനില്‍ മാത്രമേ നടത്താവൂ. ഷോപ്പിംഗ് മാളുകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, മറ്റ് വലിയ വ്യാപാര സ്ഥാപനങ്ങള്‍, എന്നിവിടങ്ങളില്‍ 25 ചതുരശ്ര അടിയില്‍ ഒരാള്‍ എന്ന ക്രമത്തില്‍ തിരക്ക് ഒഴിവാക്കി മാത്രം പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കാം. ഇവര്‍ക്ക് ആവശ്യമായ സാനിറ്റൈസര്‍ കടയുടമ സൗജന്യമായി നല്‍കണം. ശരീരോഷ്മാവ് പരിശോധിച്ച് പേരു വിവരം സൂക്ഷിക്കണം.

ഹോട്ടലുകകളില്‍ ഉള്‍പ്പെടെയുള്ള ജിംനേഷ്യങ്ങള്‍, നീന്തല്‍ക്കുളങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനം ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നതുവരെ നിരോധിച്ചു. ഹോട്ടലുകളില്‍ പൊതുവായി ഉപയോഗിക്കുന്ന സ്ഥലങ്ങള്‍ എല്ലാ ദിവസവും ഹോട്ടലുടമയുടെ ചിലവില്‍ സാനിറ്റൈസ് ചെയ്യണം. ഹോട്ടലുകളിലെ പാര്‍ട്ടി ഹാളുകളുടെ പ്രവര്‍ത്തനം ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ നിരോധിച്ചു. രണ്ടു ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്കു മാത്രമേ ലിഫ്റ്റുകളില്‍ പ്രവേശനം അനുവദിക്കാവൂ. 

ഹോട്ടലുകളില്‍ ഇരുത്തിയുള്ള ഭക്ഷണ വിതരണത്തില്‍ സാമൂഹിക അകലം കൃത്യമായി പാലിക്കണം. എല്ലാ വ്യാപാര സ്ഥാപനങ്ങളും ഓണ്‍ലൈന്‍ കച്ചവടം പ്രോത്സാഹിപ്പിക്കണം. ജില്ലയില്‍ രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ മാസ്‌ക് ധരിക്കാനും സാമൂഹിക അകലം പാലിക്കാനും എല്ലാവരും ജാഗ്രത പുലര്‍ത്തണം.

ഉത്തരവ് പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും ലംഘിക്കുന്നവര്‍ക്കെതിരെ സാംക്രമിക രോഗ നിയമപ്രകാരവും ദുരന്ത നിവാരണ നിയമപ്രകാരവും നിയമ നടപടികള്‍ സ്വീകരിക്കുന്നതിനും ജില്ലാ പോലീസ് മേധാവിയെ ചുമതലപ്പെടുത്തി. പൊതു ഇടങ്ങളിലും, വലുതും ചെറുതുമായ കടകളിലും കോവിഡ് പ്രതിരോധ മുന്‍കരുതല്‍ കൃത്യമായി പാലിക്കപ്പെടുന്നു എന്ന് ഉറപ്പാക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങളും ആരോഗ്യ വകുപ്പും പരിശോധന നടത്തും. ഇതിനായി ജില്ലാ മെഡിക്കല്‍ ഓഫീസറെയും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറെയും ചുമതലപ്പെടുത്തി.

ജില്ലയില്‍ കോവിഡ് ക്ലസ്റ്ററുകള്‍ കണ്ടെത്തുന്നതിനും തുടര്‍ നടപടികള്‍ക്കുമായി പ്രത്യേക സംഘത്തെ നിയോഗിക്കുന്നതിന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നടപടി സ്വീകരിക്കും.വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ക്ലസ്റ്ററുകള്‍ രൂപപ്പെട്ടാല്‍ അടിയന്തരമായി 15 ദിവസത്തേക്ക് അടച്ചിടുന്നതിന് പ്രിന്‍സിപ്പല്‍മാര്‍ക്കും ഹെഡ്മാസ്റ്റര്‍മാര്‍ക്കും അധികാരം നല്‍കി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

വീണ്ടും ഇന്ത്യ- പാക് ബ്ലോക്ക്ബസ്റ്റര്‍; വീണ്ടും കൈ കൊടുക്കാതെ ക്യാപ്റ്റന്‍മാര്‍

തിലക് വർമ തിരിച്ചെത്തുന്നു, സന്നാഹ മത്സരം കളിക്കും; ഇന്ത്യൻ ടീമിന് ആശ്വാസം

'ഭയപ്പെടുത്തുന്ന സിനിമ; വെറുപ്പും അക്രമവും ഡിഎന്‍എയുടെ ഭാഗം'; ധുരന്ധറിനെതിരെ ഷാസിയ ഇക്ബാല്‍

SCROLL FOR NEXT