തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ സിപിഎം സംസ്ഥാന സമിതി യോഗത്തില്‍ രൂക്ഷവിമര്‍ശനം. മൈക്കിനോടു പോലും കയര്‍ക്കുന്ന തരത്തിലുള്ള അസഹിഷ്ണുത അവമതിപ്പുണ്ടാക്കിയെന്ന് വിമര്‍ശനം ഉയര്‍ന്നു. യോഗത്തിലെ വിമര്‍ശനങ്ങള്‍ക്ക് മുഖ്യമന്ത്രിയും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും മറുപടി പറയും. ലോക്‌സഭ തെരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തിലുള്ള തെറ്റു തിരുത്തല്‍ മാര്‍ഗരേഖ അന്തിമമാക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്നു ചേരും.
രണ്ടു ദിവസമായി ചേരുന്ന സംസ്ഥാന കമ്മിറ്റിയില്‍ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ കൂടി പരിഗണിച്ചാണ് മാര്‍ഗരേഖ തയ്യാറാക്കുക. സംസ്ഥാന കമ്മിറ്റിയില്‍ മുഖ്യമന്ത്രിക്ക് നേരെ അംഗങ്ങള്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. മൈക്കിനോടു പോലും കയര്‍ക്കുന്ന അസഹിഷ്ണുത ശരിയല്ല. മുഖ്യമന്ത്രിയുടെ ശൈലി തിരുത്തിയേ തീരൂ എന്നും അംഗങ്ങള്‍ ആവശ്യപ്പെട്ടു. കേന്ദ്രക്കമ്മിറ്റി അംഗവും ഇടതുമുന്നണി കണ്‍വീനറുമായ ഇ പി ജയരാജനെയും അംഗങ്ങള്‍ വിമര്‍ശിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള നേതാക്കളുടെ പ്രവര്‍ത്തനശൈലിയും പെരുമാറ്റ രീതിയും ജനങ്ങളെ പാര്‍ട്ടിയില്‍ നിന്നും അകറ്റി. മുഖ്യമന്ത്രിയും 19 നിഴലുകളുമാണ് ഇപ്പോള്‍ ഭരിക്കുന്നത്. കഴിഞ്ഞ പിണറായി സര്‍ക്കാരുമായി താരതമ്യം ചെയ്യാന്‍ കഴിയാത്ത വിധം ദയനീയ പരാജയമാണ് കാഴ്ചവെക്കുന്നത്. ഭരണത്തിന്റെ ഉന്നത സ്ഥാനങ്ങളില്‍ നിന്നും പിന്നാക്ക-പട്ടിക വിഭാഗങ്ങളെ ആട്ടിപ്പായിക്കുന്ന സമീപനം സര്‍ക്കാരിനും മുന്നണിക്കും തിരിച്ചടിയായി എന്നും അംഗങ്ങൾ വിമർശിച്ചു.
ക്ഷേമപെന്‍ഷന്‍ കുടിശികയാകുന്നതും സപ്ലൈകോയില്‍ അവശ്യസാധനങ്ങള്‍ ഇല്ലാത്തതും സംഭവിക്കാന്‍ പാടില്ലാത്ത വിഴ്ചയായിരുന്നു. സാമ്പത്തിക പ്രതിസന്ധിക്കിടെ കേരളീയവും നവകേരള സദസും സംഘടിപ്പിച്ചത് വിപരീത ഫലമാണ് ഉണ്ടാക്കിയതെന്നും അംഗങ്ങള്‍ വിമര്‍ശിച്ചു. അഞ്ചു ദിവസമായി തുടര്‍ന്നു വരുന്ന സിപിഎം നേതൃയോഗങ്ങള്‍ ഇന്ന് അവസാനിക്കും. പാര്‍ട്ടിക്ക് എതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് എംവി ഗോവിന്ദനും സര്‍ക്കാരിന് എതിരെയുള്ള വിമര്‍ശനങ്ങള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയനും മറുപടി പറയും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates