തിരുവനന്തപുരം: കേരളം വീണ്ടും മഴക്കെടുതി നേരിടുമ്പോള്‍, മഴ മുന്നറിയിപ്പുകളിലെ പോരായ്മകളും ചര്‍ച്ചയാകുകയാണ്. ഈ സന്ദര്‍ഭത്തില്‍ കേരളത്തിന്റെ ദുരന്ത നിവാരണ ശേഷി, അപകട മുന്നറിയിപ്പ് സംവിധാനം, നേരിടുന്ന വിമര്‍ശനങ്ങള്‍, എന്‍എച്ച്എഐ പദ്ധതികളെക്കുറിച്ചുള്ള ആശങ്കകള്‍, പരിഹരിക്കേണ്ട അടിസ്ഥാന പ്രശ്‌നങ്ങള്‍ തുടങ്ങിയവയെക്കുറിച്ച് ദി ന്യൂ ഇന്ത്യന്‍ എക്‌സപ്രസിന്റെ എക്‌സ്പ്രസ് ഡയലോഗ്‌സില്‍ തുറന്നു സംസാരിക്കുകയാണ്, കേരള ദുരന്ത നിവാരണ അതോറിറ്റി സെക്രട്ടറി ശേഖര്‍ കുര്യാക്കോസ്.
കേരളത്തിലെ ജനങ്ങള്‍ 13 നിയന്ത്രിത സോണുകളിലാണ് അധിവസിക്കുന്നത്. ഹൈവേകള്‍, റെയില്‍വേ ലൈനുകള്‍, സമുദ്ര തീരങ്ങള്‍, വനാതിര്‍ത്തികള്‍, ചതുപ്പ് നിലങ്ങള്‍, നദീ തീരങ്ങള്‍ തുടങ്ങിയ മേഖലകള്‍. അപകടപ്രദേശങ്ങളെ റെഡ്, ഓറഞ്ച്, ഇടത്തരം എന്നിങ്ങനെ തിരിച്ചിട്ടുണ്ട്. വെള്ളപ്പൊക്കത്തിന് സാധ്യതയുള്ള മേഖലകളില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ അനുവാദമില്ല. സംസ്ഥാനത്തിന്റെ 25 ശതമാനവും വനമാണ്. താമസയോഗ്യമായ സ്ഥലം കുറവാണ്. വിലക്കുറവോ സാമ്പത്തിക ലാഭമോ നോക്കിയാണ് ജനങ്ങള്‍ ഇത്തരം പ്രദേശങ്ങളില്‍ താമസമാക്കുന്നത്.
കേരള ദുരന്ത നിവാരണ അതോറിറ്റി ഇത്തരം പ്രദേശങ്ങളെപ്പറ്റിയുള്ള ഭൂപടം പ്രസിദ്ധീകരിച്ചതിനുശേഷമാണ്, തങ്ങള്‍ താമസിക്കുന്ന സ്ഥലങ്ങളുടെ അപകട സാധ്യതയെക്കുറിച്ച് ജനങ്ങള്‍ അറിയാന്‍ ഇടയായത്. മറ്റൊരു സംസ്ഥാനവും ഇത്തരം വിവരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടില്ല. ഈ റിപ്പോര്‍ട്ടിലെ റെഡ്, ഓറഞ്ച് സോണുകളെ അടിസ്ഥാനമാക്കി നിരവധി കേസുകളാണ് ഇപ്പോള്‍ വിവിധ കോടതികളിലുള്ളത്. ഇത്തരം പ്രദേശങ്ങളിലെ കെട്ടിടങ്ങളുടെ ഉയരത്തിനും തറവിസ്തീര്‍ണ്ണത്തിനും വയനാട് ജില്ലാ ദുരന്തനിവാരണ അതോറിറ്റി 2015 ല്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഈ നിയന്ത്രണങ്ങള്‍ ഹൈക്കോടതി ഇപ്പോള്‍ ഇടുക്കി ജില്ലയ്ക്കും ബാധകമാക്കിയിരിക്കുകയാണ്.
ഈ നിയന്ത്രണങ്ങള്‍ പാലിക്കുകയല്ലാതെ മറ്റ് വഴികളില്ലെന്ന് ശേഖര്‍ കുര്യാക്കോസ് വ്യക്തമാക്കി. ഇതനുസരിച്ച് കെട്ടിട നിര്‍മ്മാണ ചട്ടങ്ങളില്‍ ഭേദഗതി വരുത്തിയിട്ടുണ്ട്. നദികളെയോ, നീരൊഴുക്കുകളെയോ തടസ്സപ്പെടുത്തുന്ന ഏതൊരു നിര്‍മ്മണവും ദുരന്ത നിവാരണ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. പൊതു പദ്ധതികളില്‍ ദുരന്തസാധ്യത നിര്‍ണയിക്കണമെന്ന് വ്യവസ്ഥ ചെയ്തിരുന്നെങ്കിലും അത് നടപ്പിലായില്ല. അപകടസാധ്യതയുള്ള പ്രദേശങ്ങളില്‍ അധിവസിക്കുന്ന ജനങ്ങള്‍, തങ്ങളുടെ പ്രദേശത്തിന്റെ ദുര്‍ബലാവസ്ഥയെക്കുറിച്ച് ബോധവാന്മാരായിരിക്കണം. ഭൂമിയുടെ വിനിയോഗത്തിലും നിര്‍മ്മാണത്തിലും അതിനനുസരിച്ചുള്ള മാറ്റങ്ങള്‍ വരുത്തണം. ശേഖര്‍ കുര്യാക്കോസ് നിര്‍ദേശിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates