കെ മുരളീധരന്‍ മാധ്യമങ്ങളോട് 
Kerala

പിണറായി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അമേരിക്കയില്‍ ഇരുന്ന് കാബിനറ്റില്‍ അധ്യക്ഷനായി; ആരോഗ്യവകുപ്പ് ഡയറക്ടറുടേത് തൊരപ്പന്‍ പണി'

നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചില്ലെന്ന ആരോപണത്തില്‍ മറുപടിയുമായി ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരന്‍.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

തിരുവനന്തപുരം: നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചില്ലെന്ന ആരോപണത്തില്‍ മറുപടിയുമായി ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരന്‍. 2018ല്‍ നിപ പടര്‍ന്ന് പിടിച്ചിരുന്നുവെന്നും അതുകൊണ്ടാണ് അന്നത്തെ മന്ത്രി അവിടെ ക്യാമ്പ് ചെയ്ത് പ്രവര്‍ത്തിച്ചതെന്നും കെ മുരളീധരന്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം.

'പേരാമ്പ്ര താലൂക്ക് മുഴുവന്‍ അന്ന് രോഗം വ്യാപിച്ചു. മറ്റെവിടേയും ഉണ്ടായിരുന്നില്ല രോഗം. അതുകൊണ്ട് അവിടെ കേന്ദ്രീകരിച്ചു. ഞാന്‍ ഇവിടെ തന്നെ ക്യാംപ് ചെയ്യണമായിരുന്നു എന്ന് പറഞ്ഞപ്പോള്‍ പ്രതിപക്ഷ നേതാവ് അങ്ങനെ പറഞ്ഞതിലാണ് എനിക്ക് അത്ഭുതം. അദ്ദേഹം മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അമേരിക്കയില്‍ ഇരുന്ന് ഇവിടത്തെ കാബിനറ്റില്‍ അധ്യക്ഷത വഹിച്ചു. അങ്ങനെ വരുമ്പോള്‍ തിരുവനന്തപുരത്ത് ഇരുന്ന് കെ മുരളീധരന്‍ കേരളത്തിലെ മുഴുവന്‍ കാര്യങ്ങള്‍ അവലോകനം ചെയ്യുന്നതില്‍ തെറ്റുണ്ടോ'- കെ മുരളീധരന്‍ ചോദിച്ചു.

ഇത്തവണ രോഗി അവശനായിട്ടാണ് ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയത്. നിപ ഇതുവരെ അപകടകാരിയല്ലെന്നും രോഗിയുടെ ജീവന്‍ നിലനിര്‍ത്താന്‍ ഉള്ള പോരാട്ടമാണ് ഡോക്ടര്‍മാര്‍ നടത്തുന്നതെന്നും മന്ത്രി വ്യക്തമാക്കി. ഇന്ന് നിപ മാത്രമല്ല, ഷിഗെല്ലയുമുണ്ട്. രോഗിയെ അഡ്മിറ്റ് ചെയ്യുന്നതടക്കം എല്ലാ കാര്യങ്ങളും ചെയ്ത ശേഷമാണ് താന്‍ മടങ്ങിയത്. സെന്‍ട്രലൈസഡ് പ്രവര്‍ത്തനത്തിന് കുറേ കൂടി സൗകര്യം തിരുവനന്തപുരത്താണ്. മാത്രവുമല്ല നിപ വ്യാപിച്ചിട്ടുമില്ല. കൂടുതല്‍ നിപ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നെങ്കില്‍ അന്ന് തന്നെ തിരികെ വരുമായിരുന്നുവെന്നും കെ മുരളീധരന്‍ പറഞ്ഞു.

മരുന്നുകള്‍ ലഭ്യമല്ല എന്നതടക്കം നിരവധി വാര്‍ത്തകള്‍ പുറത്തുവന്നു. തന്നെ രാഷ്ട്രീയമായി ആക്രമിക്കുന്നതില്‍ കുഴപ്പമില്ല. താന്‍ ഇത് കുറേ കണ്ടതാണ്. വെടിക്കെട്ടുകാരനെ ഉടുക്കുകൊട്ടി പേടിപ്പിക്കേണ്ട. എന്നാല്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്ന കുറേ ഡോക്ടര്‍മാരും സ്റ്റാഫുകളുമുണ്ട്. അവരെ കൂടി ബാധിക്കുന്ന നിലയിലേക്ക് കാര്യങ്ങള്‍ പോകരുത്. ശക്തമായ നടപടി സ്വീകരിച്ചിട്ടും മരുന്ന് കിട്ടുന്നില്ല എന്ന് പറയുന്നത് ദൗര്‍ഭാഗ്യകരമാണെന്നും മന്ത്രി പറഞ്ഞു. നിപ റിസള്‍ട്ടുമായി ബന്ധപ്പെട്ട് ഉണ്ടായ ആശയക്കുഴപ്പത്തിലും മന്ത്രി പ്രതികരിച്ചു. അന്ന് താന്‍ വാര്‍ത്താസമ്മേളനം നടത്തിയത് 5.30നായിരുന്നു. ആ സമയത്ത് റിസള്‍ട്ട് തനിക്ക് കിട്ടിയില്ല. പിന്നീട് ആണ് ഒരു മണിക്ക് വന്നിരുന്നു എന്ന് അറിഞ്ഞത്. ഡിഎച്ച്എസ് (ആരോഗ്യവകുപ്പ് ഡയറക്ടര്‍) അക്കാര്യം അറിഞ്ഞിരുന്നു. എന്നാല്‍ ഡിഎച്ച്എസ് തന്നെ അക്കാര്യം അറിയിക്കുന്നത് ആറ് മണിക്കാണ്. കളക്ടര്‍ വീഴ്ച വരുത്തിയിട്ടില്ല. ഡിഎച്ച്എസ് വിവരങ്ങള്‍ മറച്ചുവെയ്ക്കുകയായിരുന്നുവെന്നും മന്ത്രി പറഞ്ഞു. ഡിഎച്ച്എസ് സര്‍ക്കാരുമായി പൂര്‍ണ്ണമായി സഹകരിക്കുന്നില്ലെന്നും വകുപ്പില്‍ ചിലര്‍ തൊരപ്പന്‍ പണി കാണിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഇത്തരത്തില്‍ തൊരപ്പന്‍ പണി കാണിച്ചതുകൊണ്ടാണ് ഡിഎച്ച്എസ് റീനയെ മാറ്റിയതെന്നും ഇത്തരം ആളുകളെ ഇനിയും മാറ്റുമെന്നും ഇത് സര്‍ക്കാരിന്റെ വിവേചനാധികാരമാണെന്നും തുറന്നടിച്ചു.

നിപയില്‍ നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു. സമ്പര്‍ക്ക പട്ടികയില്‍ ലക്ഷണമുണ്ടായിരുന്ന പതിനൊന്ന് പേരുടെ പരിശോധനാഫലം നെഗറ്റീവാണ്. നിലവില്‍ സമ്പര്‍ക്ക പട്ടികയില്‍ 100 പേരാണുള്ളത്. അതില്‍ നാല് പേര്‍ ഹൈയെസ്റ്റ് റിസ്‌ക് വിഭാഗത്തില്‍പ്പെട്ടവരാണ്. 14 പേര്‍ ഹൈ റിസ്‌ക്കും 82 പേര്‍ ലോ റിസ്‌കിലുംപ്പെട്ടവരാണ്. സമ്പര്‍ക്ക പട്ടികയിലുള്ള 44 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. ഇതുവരെ മൊത്തം 30 ടെസ്റ്റുകള്‍ നടത്തി. അതില്‍ 29 ഉം നെഗറ്റീവാണെന്നും മന്ത്രി പറഞ്ഞു.

Health Minister K Muraleedharan responds to allegations that he did not focus on Kozhikode when Nipah was confirmed

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജപ്പാനാണ് എതിരാളി; ഇതുവരെ കിട്ടാത്ത ലോക കിരീടം തേടി ഓറഞ്ച് പട ഇറങ്ങുന്നു

ഡോക്ടറെ കാണാന്‍ പോയ എംബിബിഎസ് വിദ്യാര്‍ഥിനി തിരിച്ചെത്തിയില്ല; പരീക്ഷാ സമ്മര്‍ദമുണ്ടായിരുന്നുവെന്ന് സഹപാഠികള്‍, അന്വേഷണം

നോർക്ക ഐഡി കാർഡ്: ആർക്കൊക്കെ അപേക്ഷിക്കാം? ജൂലൈ 15 വരെ അവസരം

'അഭിനയിക്കാൻ ആർക്കും പറ്റും, പക്ഷേ എംഎൽഎ ആയി ജീവിക്കാൻ വല്ല്യ പാടാ'; രമേഷ് പിഷാരടിയോട് മമ്മൂട്ടി

ക്ഷേത്രത്തിലെ 20 പവനിലേറെ സ്വര്‍ണ ഉരുപ്പടി മോഷ്ടിച്ചു; മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറസ്റ്റില്‍

SCROLL FOR NEXT