കൊച്ചി: 13വയസുകാരിയുടെ ഗർഭച്ഛിദ്രത്തിന് ഹൈക്കോടതിയുടെ അനുമതി. സഹോദരനിൽനിന്ന് ഗർഭിണിയായെന്ന് കരുതുന്ന 13 വയസ്സുകാരിയുടെ 26 ആഴ്ച പിന്നിട്ട ഗർഭം അലസിപ്പിക്കാനാണ് അനുമിതി നൽകിയത്. മകളുടെ ഗർഭഛിദ്രത്തിന് അനുമതി തേടി പിതാവ് നൽകിയ ഹർജിയിലാണ് ഉത്തരവ്.
തിങ്കളാഴ്ച അവധിയായിരുന്നിട്ടും പ്രത്യേക സിറ്റിങ് നടത്തിയാണ് ജസ്റ്റിസ് ബെച്ചൻ കുര്യൻ തോമസ് പരിഗണിച്ചത്. 24 മണിക്കൂറിനകം അലസിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കാൻ കോടതി അനുമതി നൽകി.
മെഡിക്കൽ ബോർഡിന് രൂപം നൽകി കേസ് പരിഗണിക്കാൻ നേരത്തേ നിർദേശമുണ്ടായിരുന്നെങ്കിലും ആശുപത്രിയിലായിരുന്നതിനാൽ പെൺകുട്ടിക്ക് ബോർഡിന് മുന്നിൽ ഹാജരാകാനായില്ല. കോടതി നിർദേശ പ്രകാരം മെഡിക്കൽ ബോർഡ് കുട്ടിയെ പരിശോധിച്ച് കഴിഞ്ഞ ദിവസം റിപ്പോർട്ട് നൽകി. അപകട സാധ്യതകളുണ്ടെങ്കിലും ഗർഭഛിദ്രം നടത്താമെന്നായിരുന്നു റിപ്പോർട്ട്. 20 ആഴ്ച വരെ വളർച്ചയുള്ള ഭ്രൂണം നശിപ്പിക്കാനാണ് നിയമപരമായി വ്യവസ്ഥയുള്ളത്. നിയമഭേദഗതിയിലൂടെ ഇത് 24 ആഴ്ച വരെയാക്കി മാറ്റിയെങ്കിലും ഭ്രൂണവളർച്ച 26 ആഴ്ച പിന്നിട്ട കേസാണ് കോടതിയുടെ പരിഗണനക്കെത്തിയത്.
ഗർഭഛിദ്രം അനുവദിച്ചില്ലെങ്കിൽ പെൺകുട്ടിയുടെ ജീവിതത്തിലുടനീളം ഈ സംഭവം മുറിപ്പാടായി അവശേഷിക്കാനിടയുണ്ടെന്ന് വിലയിരുത്തിയ കോടതി പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് പീഡനത്തെത്തുടർന്ന് ഗർഭിണിയാകേണ്ടിവന്ന സാഹചര്യം കൂടി പരിഗണിച്ച് അനുമതി നൽകുകയായിരുന്നു. പീഡന സംഭവം പെൺകുട്ടിയെ മാത്രമല്ല, മാനസികാഘാതം മാതാപിതാക്കളെയും നിരന്തരം വേട്ടയാടുന്ന സ്ഥിതിവിശേഷമുണ്ടാകുന്നത് സാമൂഹ്യ താൽപര്യത്തിന് വിരുദ്ധമാകുമെന്ന് വിലയിരുത്തിയാണ് അനുമതി നൽകിയത്. ഭ്രൂണത്തിന്റെ ഡി.എൻ.എ പരിശോധനക്ക് തെളിവുകൾ ശേഖരിക്കണമെന്ന നിർദേശവും ഉത്തരവിലുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates