Year Ender 2025 SM ONLINE
Kerala

Year Ender 2025| കോടതി വഴി പുറത്തുവന്ന സ്വര്‍ണക്കൊള്ള, ഗതാഗതക്കുരുക്കില്‍പ്പെട്ട ടോള്‍..

ഹൈക്കോടതി വിധികളും സംഭവങ്ങളും ഓര്‍മകളിലേയ്ക്ക്...

സമകാലിക മലയാളം ഡെസ്ക്

2025ല്‍ ഹൈക്കോടതി നിരവധി വിധികള്‍ പുറപ്പെടുവിച്ചു. ഏറ്റവും കൂടുതല്‍ കേസുകള്‍ തീര്‍പ്പാക്കിയത് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണനാണ്. 1,09,239 കേസുകളാണ് അദ്ദേഹം തീര്‍പ്പാക്കിയത്. ശബരിമല സ്വര്‍ണക്കൊള്ള കേസ്, പെട്രോള്‍ പമ്പുകളിലെ ശുചിമുറി, നീലലോഹിതദാസന്‍ നാടാര്‍ കുറ്റവിമുക്തന്‍, ആനക്കൊമ്പ് കേസ്, സംവിധായകന്‍ രഞ്ജിത്തിനെതിരെയുള്ള ബലാത്സംഗ കേസ്... തുടങ്ങി വിവിധ വിഷയങ്ങളില്‍ ഹൈക്കോടതി വിധി പ്രസ്താവിക്കുകയും നിലപാട് വ്യക്തമാക്കുകയും ചെയ്തു. ഹൈക്കോടതി വിധികളും സംഭവങ്ങളും ഓര്‍മകളിലേയ്ക്ക്...

Sabarimala, unnikrishnan Potty

ശബരിമല സ്വര്‍ണക്കൊള്ള കേസ്

ശബരിമലയിലെ ദ്വാരപാലക പീഠങ്ങളിലെ സ്വര്‍ണപ്പാളികള്‍ അനുമതിയില്ലാതെ ഇളക്കി മാറ്റി, സ്വര്‍ണം പൂശുന്നതിനായി ചെന്നൈയിലേക്കു കൊണ്ടുപോയെന്ന സ്പെഷല്‍ കമ്മിഷണറുടെ റിപ്പോര്‍ട്ടാണ്, സംസ്ഥാന രാഷ്ട്രീയത്തില്‍ കോളിളക്കം സൃഷ്ടിച്ച ശബരിമല സ്വര്‍ണക്കൊള്ള കേസിന്‍റെ തുടക്കം. ശബരിമല സന്നിധാനത്ത് നടത്തുന്ന അറ്റകുറ്റപ്പണികള്‍ക്ക് ഹൈക്കോടതിയുടെ മുന്‍കൂര്‍ അനുമതി വേണമെന്ന് ഉത്തരവുണ്ട്. ഇതു ലംഘിച്ചതില്‍ ഹൈക്കോടതി നടത്തിയ ഇടപെടല്‍ സ്വര്‍ണക്കൊള്ള കേസില്‍ നിര്‍ണായകമായി.

സംഭവത്തില്‍ ദേവസ്വം വിജിലന്‍സ് അന്വേഷണം നടത്തണമെന്നാണ് ഹൈക്കോടതി ആദ്യം നിര്‍ദേശിച്ചത്. വിജിലന്‍സിന്റെ റിപ്പോര്‍ട്ടില്‍ കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വന്നു. 2019ല്‍ ശബരിമല ശ്രീകോവിലിന് മുമ്പിലെ ദ്വാരപാലക ശില്‍പ്പങ്ങളിലും കട്ടിളപ്പാളിയിലും നടത്തിയ അറ്റകുറ്റപ്പണികള്‍ കോടതിയുടേയോ സ്‌പെഷ്യല്‍ കമ്മീഷണറുടേയോ അനുമതിയില്ലാതെയാണ് നടത്തിയതെന്ന് കണ്ടെത്തി. വിജയ് മല്യ സംഭാവന ചെയ്ത സ്വര്‍ണം കൊണ്ട് പൊതിഞ്ഞ ദ്വാരപാലക ശില്‍പ്പങ്ങളും പിന്നീട് സ്വര്‍ണം പൂശിയ വിഗ്രഹങ്ങളും തമ്മില്‍ വ്യത്യാസമുണ്ടെന്ന് വിജിലന്‍സ് പരിശോധനയില്‍ കണ്ടെത്തിയതായും കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. ശബരിമലയിലെ സ്ട്രോങ് റൂമില്‍ അടക്കം വിജിലന്‍സ് സംഘം പരിശോധന നടത്തി. ശബരിമലയിലെ സ്വത്തുവകകള്‍, ആഭരണങ്ങള്‍ തുടങ്ങിയവ രേഖപ്പെടുത്തുന്ന രജിസ്റ്ററുകളില്‍ കൃത്രിമത്വം നടത്തിയിട്ടുണ്ടോയെന്നും വിജിലന്‍സ് പരിശോധന നടത്തിയിരുന്നു.

1998 ല്‍ ഒന്നര കിലോ സ്വര്‍ണം ശബരിമല ദ്വാരപാലക ശില്‍പ്പങ്ങള്‍ പൊതിയാന്‍ വിജയ് മല്യയുടെ യു ബി ഗ്രൂപ്പ് ഉപയോഗിച്ചിട്ടുണ്ട്. ഈ സ്വര്‍ണം എവിടെപ്പോയി എന്ന് കണ്ടെത്തേണ്ടതുണ്ടെന്ന് ദേവസ്വം വിജിലന്‍സ് എസ് പി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞു.

വിജിലന്‍സിന്റെ റിപ്പോര്‍ട്ട് പരിശോധിച്ച ഹൈക്കോടതി ശബരിമലയില്‍ ഗുരുതര കുറ്റകൃത്യം നടന്നിട്ടുണ്ടെന്ന് വിലയിരുത്തി. തുടര്‍ന്ന് ഹൈക്കോടതി സ്വര്‍ണപ്പാളി വിഷയത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. ക്രൈംബ്രാഞ്ച് മേധാവി എഡിജിപി എച്ച് വെങ്കിടേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. കേസില്‍ മുഖ്യപ്രതിയായ കേസില്‍ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റി, മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാരായ എ പത്മകുമാര്‍, എന്‍ വാസു, ദേവസ്വം ബോര്‍ഡ് അംഗം എന്‍ വിജയകുമാര്‍ എന്നിവരടക്കം അറസ്റ്റിലാകുകയും ചെയ്തു.

പാലിയേക്കര ടോള്‍ പിരിവില്‍ പലതവണ ഇടപെടല്‍

പാലിയേക്കര ടോള്‍ പ്ലാസയിലെ ടോള്‍ പിരിവുമായി ബന്ധപ്പെട്ട് 2025ല്‍ ഹൈക്കോടതിയില്‍ നിന്ന് നിര്‍ണായകമായ പല ഉത്തരവുകളും വന്നു. തൃശൂര്‍ -എറണാകുളം ദേശീയ പാതയില്‍ അടിപ്പാതകളുടേയും ഫ്‌ളൈ ഓവറുകളുടേയും നിര്‍മാണം കാരണം രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് ഓഗസ്റ്റ് 6ന് ഹൈക്കോടതി ടോള്‍ പിരിവ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചത്. റോഡ് മോശം അവസ്ഥയിലായിരിക്കുകയും യാത്രക്കാര്‍ മണിക്കൂറുകളോളം കുടുങ്ങുകയും ചെയ്ത സാഹചര്യത്തില്‍ ടോള്‍ പിരിക്കുന്നത് ശരിയല്ലെന്നായിരുന്നു കോടതിയുടെ നിലപാട്.

ഏകദേശം 72 ദിവസത്തോളം നീണ്ടുനിന്ന നിരോധനത്തിന് ശേഷം, 2025 ഒക്ടോബര്‍ 17-ന് ഹൈക്കോടതി ടോള്‍ പിരിവ് പുനരാരംഭിക്കാന്‍ കോടതി അനുമതി നല്‍കിയത്. ടോള്‍ പിരിക്കാമെങ്കിലും സെപ്റ്റംബര്‍ 1-ന് പ്രാബല്യത്തില്‍ വന്ന വര്‍ദ്ധിപ്പിച്ച ടോള്‍ നിരക്ക് ഈടാക്കാന്‍ പാടില്ലെന്നും പഴയ നിരക്കില്‍ തന്നെ തുടരണമെന്നും കോടതി കര്‍ശന നിര്‍ദ്ദേശം നല്‍കി.

Neelalohita Dasan Nadar

നീലലോഹിതദാസന്‍ നാടാരെ വെറുതെ വിട്ടു

26 വര്‍ഷം മുമ്പ് കേരളത്തില്‍ വലിയ വിവാദങ്ങള്‍ സൃഷ്ടിച്ച കേസായിരുന്നു ആര്‍ജെഡി നേതാവും മുന്‍മന്ത്രിയുമായ നീലലോഹിതദാസന്‍ നാടാര്‍ക്കെതിരെയുണ്ടായത്. 1999ല്‍ ലാണ് കേസിനാസ്പദമായ സംഭവം. അന്ന് വനം മന്ത്രിയായിരുന്ന നീലലോഹിതദാസന്‍ നാടാര്‍ ഫോണില്‍ നിര്‍ദേശിച്ച പ്രകാരം ഔദ്യോഗിക ചര്‍ച്ചയ്ക്കായി കോഴിക്കോട് ഗവ.ഗസ്റ്റ് ഹൗസിലെത്തിയ ഉദ്യോഗസ്ഥയെ ചര്‍ച്ച കഴിഞ്ഞ് മടങ്ങുന്ന സമയം ഒന്നാം നമ്പര്‍ മുറിയില്‍ വെച്ച് കടന്നുപിടിക്കുകയും അപമാനിക്കുകയും ചെയ്തുവെന്നായിരുന്നു പരാതി. കേസില്‍ നീലലോഹിതദാസന്‍ നാടാരെ വിചാരണ കോടതി ശിക്ഷിച്ചിരുന്നു.

ഈ കേസില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ഹൈക്കോടതി വെറുതെ വിട്ടുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. എറണാകുളം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ഒരു വര്‍ഷത്തേക്കാണ് ആദ്യം നീലലോഹിത ദാസന്‍ നാടാരെ ശിക്ഷിച്ചത്. പിന്നീട് മൂന്നുമാസത്തെ തടവുശിക്ഷയാക്കി ചുരുക്കി. ഇതിനെതിരെയായിരുന്നു നീല ലോഹിതദാസന്‍ നാടാര്‍ ഹൈക്കോടതിയെ സമീപിച്ചത്.

പെട്രോള്‍ പമ്പുകളിലെ ശുചിമുറി ഉപയോഗം

സാധാരണക്കാരായ യാത്രക്കാരെ വലിയോ തോതില്‍ ബാധിക്കുന്ന വിഷയമായിരുന്നു ഇത്. ദേശീയ പാതയ്ക്ക് സമീപത്തെ പെട്രോള്‍ പമ്പുകളിലെ ശുചിമുറികള്‍ പമ്പിന്റെ പ്രവര്‍ത്തന സമയങ്ങളില്‍ മുഴുവന്‍ പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ അനുവദിക്കണം എന്ന് കോടതി വ്യക്തമാക്കി. പെട്രോള്‍ പമ്പ് ഉടമകള്‍ നല്‍കിയ അപ്പീലിലാണ് ജസ്റ്റിസ് അമിത് റവാള്‍, ജ. പി വി ബാലകൃഷ്ണന്‍ എന്നിവടങ്ങുന്ന ബെഞ്ചിന്റെ വിധി.

24 മണിക്കൂറും പ്രവര്‍ത്തിക്കാത്ത പമ്പുകള്‍ പ്രവൃത്തി സമയങ്ങളിലെല്ലാം ശുചിമുറി സൗകര്യം നല്‍കണം എന്നും കോടതി അറിയിച്ചു. സംസ്ഥാനത്തെ ദേശീയപാതയോരത്ത് സ്ഥിതി ചെയ്യുന്ന റീട്ടെയില്‍ ഔട്ട്‌ലെറ്റുകള്‍ ദിവസം മുഴുവന്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ ഉപഭോക്താവ്, ജീവനക്കാര്‍, ട്രാന്‍സിറ്റ് യാത്രക്കാര്‍ എന്നിവര്‍ക്ക് ടോയ്‌ലറ്റ് സൗകര്യങ്ങള്‍ ഉപയോഗിക്കാന്‍ അവസരം ലഭിക്കണം. റീട്ടെയില്‍ ഔട്ട്‌ലെറ്റുകളുടെ പ്രവൃത്തി സമയങ്ങളില്‍ ടോയ്‌ലറ്റ് സൗകര്യങ്ങള്‍ ഉപയോഗിക്കാന്‍ അനുവദിക്കുകയും, ജലലഭ്യത, ടോയ്‌ലറ്റ് സൗകര്യങ്ങള്‍ എന്നിവ സൂചിപ്പിക്കുന്ന സൂചന ബോര്‍ഡ് പമ്പുകളില്‍ പ്രദര്‍ശിപ്പിക്കണം. ദേശീയ പാതയ്ക്ക് പുറത്തുള്ള പമ്പുകളില്‍ ഉപഭോക്താക്കള്‍, ദീര്‍ഘദൂര യാത്രക്കാര്‍ എന്നിവര്‍ക്ക് മാത്രം 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ടോയ്‌ലറ്റ് സൗകര്യങ്ങള്‍ ലഭ്യമാക്കണം. ഇതേ സൗകര്യങ്ങള്‍ പൊതുജനങ്ങളുടെ ആവശ്യത്തിനായി നല്‍കുന്നതില്‍ അധികാരികളുടെ വിവേചനാധികാരം ഉപയോഗിക്കുന്നതിന് അനുവദിക്കണമെന്നുമായിരുന്നു കോടതി ഉത്തരവ്.

സംവിധായകന്‍ രഞ്ജിത്തിനെതിരെയുള്ള ലൈംഗികാതിക്രമ കേസ് റദ്ദാക്കി

സിനിമാ മേഖലയെ ആകെ പിടിച്ചു കുലുക്കിയ കേസായിരുന്നു സംവിധായകന്‍ രഞ്ജിത്തിനെതിരെയുള്ള ലൈംഗികാതിക്രമ കേസ്. ബംഗാളി നടിയായിരുന്നു പരാതിക്കാരി. സ്ത്രീയുടെ അന്തസിനെ ഹനിക്കുന്ന രീതിയില്‍ പെരുമാറിയെന്നു കാണിച്ച് എറണാകുളം നോര്‍ത്ത് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് ജസ്റ്റിസ് സി പ്രതീപ് കുമാര്‍ ആണ് റദ്ദാക്കിയത്.

2009ല്‍ നടന്ന സംഭവത്തില്‍ കേസെടുക്കുന്നതിനു മജിസ്‌ട്രേറ്റ് കോടതിക്കുള്ള സമയപരിധി അവസാനിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനു പിന്നാലെയുണ്ടായ വെളിപ്പെടുത്തലുകളോടു അനുബന്ധിച്ചു 2024ലാണ് നടി പരാതി നല്‍കുന്നത്. 15 വര്‍ഷം മുമ്പ് സിനിമാ ചര്‍ച്ചയ്ക്കായി നടിയെ കൊച്ചിയിലെ ഫ്‌ളാറ്റില്‍ വിളിച്ചു വരുത്തി ലൈംഗിക താല്‍പ്പര്യത്തോടെ സ്പര്‍ശിക്കാന്‍ ശ്രമിച്ചെന്നാണ് കേസ്. ഐപിസി 354, 509 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. രണ്ട് വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന ഐപിസി പ്രകാരമുള്ള കുറ്റങ്ങളില്‍ 3 വര്‍ഷം വരെയാണ് മജിസ്‌ട്രേറ്റ് കോടതിക്കു കേസെടുക്കാവുന്നത്. ഈ സംഭവത്തില്‍ 15 വര്‍ഷത്തിനു ശേഷമാണ് കോടതി കേസെടുത്തത് എന്നതിനാല്‍ അതു നിയമപരമായി നിലനില്‍ക്കില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി വിധി.

Mohanlal

ആനക്കൊമ്പ് സൂക്ഷിക്കുന്നതിന് മോഹന്‍ലാലിന് അനുമതിയില്ല

ആനക്കൊമ്പ് സൂക്ഷിക്കുന്നതിന് മോഹന്‍ലാലിന് അനുമതി നല്‍കിയ സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കുകയായിരുന്നു. ആനക്കൊമ്പ് കേസ് പിന്‍വലിച്ച് ഉടമസ്ഥാവകാശം നല്‍കിയ നടപടിയാണ് ഹൈക്കോടതി റദ്ദാക്കിയത്. സര്‍ക്കാര്‍ ഉത്തരവ് നിലനില്‍ക്കില്ലെന്ന് വ്യക്തമാക്കിയാണ് കോടതി നടപടി സ്വീകരിച്ചത്.

ആനക്കൊമ്പിന്റെ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റുകള്‍ അസാധുവാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി, നടപടി നിയമ വിരുദ്ധമാണെന്നും പ്രഖ്യാപിച്ചു. ഉടമസ്ഥാവകാശം നല്‍കിക്കൊണ്ട് വിജ്ഞാപനം ചെയ്യാതെ ഉത്തരവ് മാത്രം പുറത്തിറക്കിയാല്‍ അതിന് നിയമ സാധുത ഉണ്ടാകില്ല. ആവശ്യമെങ്കില്‍ സര്‍ക്കാരിന് വിജ്ഞാപനം പുറപ്പെടുവിക്കാമെന്നും ജസ്റ്റിസ് എ കെ ജയശങ്കരന്‍ നമ്പ്യാര്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

മോഹന്‍ലാലിന്റെ എറണാകുളത്തെ വീട്ടില്‍ അനധികൃതമായി ആനക്കൊമ്പ് സൂക്ഷിച്ചത് സംബന്ധിച്ച് 2011-ല്‍ ആദായനികുതി വകുപ്പാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കേസ് പിന്നീട് വനം വകുപ്പിന് കൈമാറുകയായിരുന്നു. ആനക്കൊമ്പ് കേസില്‍ മോഹന്‍ലാല്‍ ഒന്നാംപ്രതിയാണെന്ന് വ്യക്തമാക്കി പെരുമ്പാവൂര്‍ കോടതിയില്‍ വനംവകുപ്പ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. പിന്നീട് പ്രത്യേക ഉത്തരവിലൂടെ ആനക്കൊമ്പിന്റെ ഉടമസ്ഥാവകാശം മോഹന്‍ലാലിന് പതിച്ചുനല്‍കുകയും കേസ് പിന്‍വലിക്കുകയുമായിരുന്നു.

ഹൈക്കോടതി

ഹിന്ദു കുടുംബങ്ങളിലെ പൂര്‍വികസ്വത്തില്‍ പെണ്‍മക്കള്‍ക്ക് തുല്യാവകാശം

സ്വത്തവകാശത്തിന്റെ കാര്യത്തില്‍ നിര്‍ണായക വിധിയാണ് ഈ വര്‍ഷം ഹൈക്കോടതിയില്‍ നിന്നുമുണ്ടായത്. ഹിന്ദു കുടുംബങ്ങളിലെ പൂര്‍വികസ്വത്തില്‍ കേരളത്തിലും പെണ്‍മക്കള്‍ക്കു തുല്യാവകാശം ഉറപ്പിച്ചു ഹൈക്കോടതി. 2005ലെ ഹിന്ദു പിന്തുടര്‍ച്ചാവകാശ (ഭേദഗതി) നിയമം അനുസരിച്ച് 2004 ഡിസംബര്‍ 20നു ശേഷം മരിച്ചവരുടെ സ്വത്തുക്കളില്‍ പെണ്‍മക്കള്‍ക്കും തുല്യാവകാശമുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇതിനു തടസമായി നിന്ന 1975ലെ കേരള കൂട്ടുകുടംബ വ്യവസ്ഥ (നിര്‍ത്തലാക്കല്‍) നിയമത്തിന് പ്രാബല്യമില്ലെന്നും ജസ്റ്റിസ് എസ്.ഈശ്വരന്‍ ഉത്തരവില്‍ വ്യക്തമാക്കി.

കോഴിക്കോട് സ്വദേശികളായ സഹോദരിമാരാണ് പിതാവിന്റെ സ്വത്തില്‍ അവകാശം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുന്നത്. കീഴ്ക്കോടതി ആവശ്യം തള്ളിയതിനെ തുടര്‍ന്ന് അവര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്നു വിവിധ നിയമങ്ങള്‍ പരിശോധിച്ച കോടതി ഇതിലെ പൊരുത്തക്കേടുകള്‍ ചൂണ്ടിക്കാട്ടി. 1975ലെ കേരള കൂട്ടുകുടംബ വ്യവസ്ഥ (നിര്‍ത്തലാക്കല്‍) നിയമത്തിലെ സെക്ഷന്‍ 3, 4 എന്നിവ 2005ലെ ഹിന്ദു പിന്തുടര്‍ച്ചാവകാശ (ഭേദഗതി) നിയമവുമായി ചേര്‍ന്നു പോകുന്നില്ല. സെക്ഷന്‍ 3 അനുസരിച്ച് പാരമ്പര്യ സ്വത്തില്‍ ആര്‍ക്കും ജന്മാവകാശമില്ല എന്നു പറയുമ്പോള്‍ സെക്ഷന്‍ 4 പറയുന്നത് ഹിന്ദു അവിഭക്ത കുടുംബത്തിലുള്ളവര്‍ക്ക് സ്വത്ത് പങ്കിട്ട് കൂട്ടവകാശം ഉണ്ടായിരിക്കും എന്നാണ്. എന്നാല്‍ 2005ലെ ഹിന്ദു പിന്തുടര്‍ച്ചാവകാശ ഭേദഗതി നിയമം എല്ലാ മക്കള്‍ക്കും തുല്യാവകാശം ഉണ്ടായിരിക്കുമെന്നു പറയുന്നു. ഈ സാഹചര്യത്തില്‍ 1975ലെ കൂട്ടുകുടുംബ വ്യവസ്ഥ നിര്‍ത്തലാക്കല്‍ നിയമം നിലനില്‍ക്കില്ല എന്നും കോടതി വ്യക്തമാക്കി.

ശാന്തി നിയമനത്തില്‍ ജാതിയും പാരമ്പര്യവും മാനദണ്ഡല്ല

ശാന്തിക്കാരുടെ നിയമനത്തിലും ഹൈക്കോടതിയുടെ ഇടപെടല്‍ വലിയൊരു വഴിത്തിരിവാണ്. ശാന്തി നിയമനത്തില്‍ ജാതിയും പാരമ്പര്യവും മാനദണ്ഡമല്ലെന്നായിരുന്നു കോടതിയുടെ നിലപാട്. പാരമ്പര്യ തന്ത്രിമാരുടെ കീഴില്‍ പൂജ പഠിച്ചവരെയെ പാര്‍ട്ട് ടൈം ശാന്തിമാരായി നിയമിക്കാവൂയെന്ന വാദവും കോടതി നിരാകരിച്ചു. മാത്രമല്ല

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളിലെ ശാന്തി നിയമനത്തിനായി തന്ത്ര വിദ്യാലയങ്ങളുടെ സര്‍ട്ടിഫിക്കറ്റ് യോഗ്യതയായി അംഗീകരിക്കുകയും ചെയ്തു. ദേവസ്വം ബോര്‍ഡും കേരള ദേവസ്വം റിക്രൂട്‌മെന്റ് ബോര്‍ഡും അംഗീകരിച്ച തന്ത്ര വിദ്യാലയങ്ങള്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് യോഗ്യതയായി നിഷ്‌കര്‍ഷിച്ച നടപടി ഹൈക്കോടതി ശരിവെക്കുകയായിരുന്നു. സ്റ്റിസുമാരായ വി രാജ വിജയരാഘവന്‍, ജസ്റ്റിസ് കെ വി ജയകുമാര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്.

പോറ്റാന്‍ പണമില്ലെങ്കില്‍ ഒന്നിലേറെ വിവാഹം കഴിക്കാന്‍ മുസ്ലീം വ്യക്തി നിയമം അനുവദിക്കുന്നില്ല

മുസ്ലീം വിവാഹത്തില്‍ എപ്പോഴും പ്രശ്‌നം സൃഷ്ടിക്കുന്നതാണ് തലാഖും അതു സംബന്ധിച്ചുള്ള നിയമപ്രശ്‌നങ്ങളും. ഈ കാര്യത്തിലും ഈ വര്‍ഷം ഹൈക്കോടതി കൃത്യമായ ഇടപെടല്‍ നടത്തി. പോറ്റാന്‍ പണമില്ലെങ്കില്‍ ഒന്നിലേറെ വിവാഹം മുസ്ലിം വ്യക്തി നിയമം അനുവദിക്കുന്നില്ലെന്ന് അസന്നിഗ്ദ്ധമായി ഹൈക്കോടതി പറഞ്ഞു.

അന്ധനും ഭിക്ഷാടകനുമായ ഭര്‍ത്താവില്‍ നിന്ന് ജീവനാംശം ആവശ്യപ്പെട്ട് 39 കാരി സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ നിരീക്ഷണമുണ്ടായത്. കുടുംബക്കോടതി ഉത്തരവിനെ തുടര്‍ന്ന് കുറ്റിപ്പുറം സ്വദേശിയായ 49 കാരനെതിരെ ആണ് യുവതി കോടതിയെ സമീപിച്ചത്. താന്‍ രണ്ടാമത്തെ ഭാര്യയാണെന്നും തലാഖ് ചൊല്ലി വീണ്ടും വിവാഹം കഴിക്കാന്‍ ഭര്‍ത്താവിന് പദ്ധതിയുണ്ടെന്നുമായിരുന്നു യുവതിയുടെ ആരോപണം. കുടുംബ കോടതിയുടെ ഉത്തരവിന് സമാനമായി ഭാര്യയ്ക്ക് ജീവനാംശം നല്‍കാന്‍ യാചകനോട് കോടതിക്ക് നിര്‍ദ്ദേശിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടി ഹര്‍ജി തീര്‍പ്പാക്കിയ കോടതി ഭാര്യമാര്‍ക്ക് നീതി ലഭ്യമാകണമെന്നും വിലയിരുത്തി. കേരളത്തില്‍ ആരും ഉപജീവനത്തിനായി യാചിക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് സംസ്ഥാനത്തിന്റെയും സമൂഹത്തിന്റെയും കോടതിയുടെയും കടമയാണെന്നും കോടതി ഓര്‍മിപ്പിച്ചു.

പണമില്ലെങ്കില്‍ ചികിത്സ നിഷേധിക്കരുത്

പണമില്ലാതെ വരുമ്പോള്‍ ചികിത്സ നിഷേധിക്കുന്ന നിരവധി സംഭവങ്ങളുണ്ട്. ഇക്കാര്യത്തില്‍ കോടതി വളരെ വ്യക്തമായി വിധി പറഞ്ഞു. രോഗികള്‍ക്ക് പണമില്ലാത്തതോ രേഖകകളില്ലാത്തതോ ചികിത്സാ നിഷേധത്തിന് കാരണമാകരുതെന്ന് ഹൈക്കോടതി വ്യക്തമാക്കി. ആശുപത്രികളുടെ പ്രവര്‍ത്തനത്തിന് കേരള ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ് ആക്റ്റ് പ്രകാരമുള്ള മാനദണ്ഡങ്ങള്‍ പാലിക്കണം എന്നും ഹൈക്കോടതി നിര്‍ദേശിച്ചു. വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടി 30 ദിവസത്തിനകം അറിയിക്കണം എന്നും ആശുപത്രി മാനേജുമെന്റുകളുടെ ഹര്‍ജി തള്ളിക്കൊണ്ട് ഹൈക്കോടതി വ്യക്തമാക്കി.

രോഗികളുടെ അവകാശങ്ങള്‍ സുതാര്യമായ ചികിത്സാ രീതിയിലൂടെ ഉറപ്പാക്കണം എന്നതാണ് ഹൈക്കോടതിയുടെ പ്രധാന നിര്‍ദേശം. അത്യാഹിതത്തില്‍ എത്തുന്ന രോഗികളെ പരിശോധിക്കണം. പണമോ രേഖകളോ ഇല്ലാത്തതിനാല്‍ ചികിത്സ നിഷേധിക്കരുത്. തുടര്‍ചികിത്സ വേണമെങ്കില്‍ ആശുപത്രി മാറ്റണം. ഇതിനുള്ള ഉത്തരവാദിത്വം പ്രാഥമികമായി പ്രവേശിപ്പിക്കുന്ന ആശുപത്രിയുടേതാണെന്നും ഹൈക്കോടതി പറഞ്ഞു. 2018 ല്‍ നിലവില്‍ വന്ന ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ് ആക്റ്റിനെതിരെ ആയിരുന്നു ആശുപത്രി മാനേജുമെന്റുകള്‍ ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജി നേരത്തെ സിംഗിള്‍ ബെഞ്ച് തള്ളിയിരുന്നു. ഈ നടപടി ചോദ്യം ചെയ്താണ് ഹര്‍ജിക്കാര്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്.

ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ഥിക്ക് എന്‍സിസിയില്‍ ചേരാനാവില്ല

നിലവിലുള്ള നിയമപ്രകാരം ട്രാന്‍സ്ജെന്‍ഡര്‍ വിദ്യാര്‍ഥിയെ എന്‍സിസി(നാഷണല്‍ കേഡറ്റ് കോര്‍പ്സ്)യില്‍ ചേര്‍ക്കാന്‍ കഴിയില്ലെന്നായിരുന്നു ഹൈക്കോടതിയുടെ കണ്ടെത്തല്‍. 1948 നാഷണല്‍ കേഡറ്റ് കോര്‍പ്സ് ആക്ട് പ്രകാരം ഇതിന് അര്‍ഹതയില്ല. സ്ത്രീ, പുരുഷ വിദ്യാര്‍ഥികള്‍ക്ക് മാത്രമാണ് അനുവാദമെന്നും കോടതി വ്യക്തമാക്കി. ട്രാന്‍സ്ജെന്‍ഡറായിട്ടുള്ളവര്‍ക്ക് എന്‍സിസിയില്‍ ചേരാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ട്രാന്‍സ്മെന്‍ ആയ ഒരാളാണ് കോടതിയെ സമീപിച്ചത്. എന്നാല്‍ ഈ അപേക്ഷ ജസ്റ്റിസ് എന്‍ നാഗരേഷ് തള്ളി.

ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്ക് എന്‍സിസിയില്‍ ചേരാന്‍ അവസരം നല്‍കേണ്ടതാണെങ്കിലും അനുവാദം നല്‍കണമെങ്കില്‍ നിയമനിര്‍മാണം നടത്തേണ്ടിവരുമെന്നും ജഡ്ജി കൂട്ടിച്ചേര്‍ത്തു. എന്‍സിസിയില്‍ ട്രാന്‍സ്ജെന്‍ഡറുകള്‍ക്ക് തുല്യ അവകാശം ലഭിക്കണമെന്നതാണ് ആവശ്യം. എന്നാല്‍ അവ നയപരമായ കാര്യങ്ങളാണ്. ഇതിന് മതിയായ പഠനങ്ങള്‍ ആവശ്യമാണെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

High Court verdicts and incidents -2025

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടിയില്‍ സിപിഎം ബന്ധമുള്ള സിഐമാര്‍; ശബരിമല അന്വേഷണം അട്ടിമറിക്കാന്‍ നീക്കമെന്ന് വിഡി സതീശന്‍

മുഹമ്മയില്‍ പൊലീസുകാരന്‍ സ്റ്റേഷനില്‍ തൂങ്ങിമരിച്ച നിലയില്‍; സാമ്പത്തിക ബാധ്യതയെന്ന് ആത്മഹത്യാകുറിപ്പ്

'പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കാനാണ് വീട്ടിലെത്തിയത്'; ജാമ്യം ലഭിച്ചതിനു പിന്നാലെ പ്രതികരിച്ച് മലയാളി വൈദികന്‍

പൊലീസ് തലപ്പത്ത് അഴിച്ചുപണി; ആര്‍ നിശാന്തിനി പൊലീസ് ആസ്ഥാന ഐജി, സ്പര്‍ജന്‍ കുമാര്‍ ദക്ഷിണ മേഖല ഐജി

ന്യൂ ഇയർ രാത്രി മേശയ്ക്ക് അടിയിലിരുന്ന് 12 മുന്തിരി കഴിച്ചാൽ ഭാഗ്യം വരുമോ?

SCROLL FOR NEXT