കൊച്ചി: കേരളത്തില്‍ യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ് (യുപിഐ) അധിഷ്ഠിത ഇടപാടുകള്‍ വലിയ അളവില്‍ വര്‍ധിക്കുന്നതായി കണക്കുകള്‍. നവംബറില്‍ മാത്രം കേരളത്തില്‍ 444.9 ദശലക്ഷം യുപിഐ ഇടപാടുകള്‍ നടന്നതായി നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) കണക്കുകള്‍ പറയുന്നു.
കേരളത്തില്‍ പ്രതിവര്‍ഷം യുപിഐ ഇടപാടുകളില്‍ 29.6 ശതമാനത്തിന്റെ വര്‍ധനവാണുണ്ടാകുന്നത്. ഇടപാടുകളുടെ മൂല്യമാകട്ടെ 28.6 ശതമാനം വര്‍ധിച്ച് 59,793 കോടി രൂപയായി. ആളോഹരി ഉപയോഗം പ്രതിമാസം 12.7 ഇടപാടുകളായി ഉയര്‍ന്നു, കഴിഞ്ഞ വര്‍ഷം ഇത് 9.8 ആയിരുന്നു. സംസ്ഥാനത്തിന്റെ യുപിഐ ഉപയോഗത്തിലുള്ള വലിയ കുതിച്ചുചാട്ടമാണ് ഇതു സൂചിപ്പിക്കുന്നത്.
കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ യുപിഐ ഇടപാടുകള്‍ക്ക് വ്യാപാര മേഖലയിലുണ്ടായ സ്വീകാര്യത, സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം, ക്യാഷ്‌ലസ് പേയ്‌മെന്റ് രീതികള്‍ തുടങ്ങിയവ കേരളത്തിലെ ദൈനംദിന പണ ഇടപാടുകളില്‍ മാറ്റം കൊണ്ടുവന്നിട്ടുണ്ട്. ദേശീയ തലത്തില്‍ യുപിഐ ഇടപാടുകളിലെ വലിയ വര്‍ധനവില്‍ കേരളം ഒരു പ്രധാന പങ്കുവഹിക്കുന്നു.
ഗ്ലോബല്‍ ഫിന്‍ടെക് ഫെസ്റ്റിവല്‍ 2025 ല്‍ പുറത്തിറക്കിയ എന്‍പിസിഐ-ബോസ്റ്റണ്‍ കണ്‍സള്‍ട്ടിങ് ഗ്രൂപ്പിന്റെ റിപ്പോര്‍ട്ട് ഇന്ത്യയിലുടനീളം യുപിഐ വ്യാപനത്തിന്റെ തോത് എടുത്തുകാണിക്കുന്നു. ഓഗസ്റ്റ് മാസത്തിലെ കണക്കനുസരിച്ച്, രാജ്യത്ത് 504 ദശലക്ഷം യുപിഐ ഉപയോക്താക്കളുണ്ട്. രാജ്യത്ത് പ്രായപൂര്‍ത്തിയായവരുടെ എണ്ണത്തിന്റെ പകുതിയും, ഏകദേശം 65 ദശലക്ഷം വ്യാപാരികളും യുപിഐ പേയ്‌മെന്റുകള്‍ നടത്തുന്നു. എല്ലാ ഡിജിറ്റല്‍ റീട്ടെയില്‍ പേയ്‌മെന്റുകളുടെ 84 ശതമാനവും യുപിഐ വഴിയാണ്.
രാജ്യവ്യാപകമായ യുപിഐ ഇടപാടുകളുടെ വര്‍ധനവില്‍ ഏകദേശം 4 ശതമാനവും കേരളത്തിന്റെ സംഭാവനയാണ്. യുപിഐ ഇടപാടുകളുടെ വര്‍ധനവില്‍ ദേശീയതലത്തില്‍ ഒമ്പതാം സ്ഥാനത്തിനും പതിനൊന്നാം സ്ഥാനത്തിനും ഇടയിലാണ് കേരളം. മഹാരാഷ്ട്ര, കര്‍ണാടക, ഉത്തര്‍പ്രദേശ്, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളാണ് മുന്നില്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates