പത്മനാഭസ്വാമി ക്ഷേത്രത്തിലെ നിലവറകളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ വാര്‍ത്തകളില്‍ നിന്നാണ് മനസിലാക്കിയതെന്ന് തിരുവിതാംകൂര്‍ രാജകുടുംബാംഗവും സംഗീതജ്ഞനുമായ അശ്വതി തിരുനാള്‍ രാമ വര്‍മ്മ. '1994-ല്‍ ഞാന്‍ തിരുവനന്തപുരം വിട്ടു. കാസര്‍കോട് ഒരു മ്യൂസിക് ക്ലാസിനിടെ ഒരു സുഹൃത്തിന്‍റെ സന്ദേശം വന്നു. പഴയ വൈന്‍ കുപ്പി കിട്ടുകയാണെങ്കില്‍ തരണേ എന്ന് പറഞ്ഞു കൊണ്ടായിരുന്നു സന്ദേശം. എന്താണെന്ന് മനസിലായില്ലെന്ന് പറഞ്ഞപ്പോഴാണ് പത്മനാഭസ്വാമി ക്ഷേത്രത്തിൽ ഏതോ നിലവറ തുറന്നു എന്ന കാര്യം അറിയുന്നത്. പിന്നീട് വാര്‍ത്തകളില്‍ നിന്നാണ് ഇത് സംബന്ധിച്ച കാര്യങ്ങള്‍ മനസ്സിലാക്കുന്നതെന്നും അശ്വതി തിരുനാൾ രാമ വർമ്മ ദി ന്യൂ ഇന്ത്യൻ എക്സ്‌പ്രസിന്റെ എക്സ്‌പ്രസ് ഡയലോഗ്സിൽ പറഞ്ഞു.
'എന്നെ സംബന്ധിച്ചിടത്തോളം പഴയ കാലഘട്ടമാണ് നല്ലത്. ഉയര്‍ന്ന സുരക്ഷ ക്രമീകരണങ്ങളൊന്നുമില്ലാതെ സമാധാനമായി പത്മനാഭ സ്വാമിയെ ദര്‍ശിച്ചു വരാം. ദിവസവും വൈകുന്നേരം 7.30ന് രാജകുടുംബത്തിലെ അംഗങ്ങള്‍ക്ക് പത്മനാഭ സ്വാമിയെ തൊഴാനുള്ള പ്രത്യേകസമയമാണ്. ആ ഒരു പ്രത്യേക അവകാശം ഞാന്‍ ഉപയോഗിക്കാറുണ്ട്. തിരക്കും ആളുകളെയുമൊക്കെ ഒഴിവാക്കുന്നതിന് വേണ്ടിയാണത്. രാജകുടുംബാംഗങ്ങള്‍ ആസ്വദിക്കുന്ന മറ്റ് പ്രത്യേക അവകാശങ്ങള്‍ ഞാന്‍ പൊതുവെ ഉപയോഗിക്കാറില്ല.
ഇന്ത്യ ജനാധിപത്യ രാജ്യമായ ശേഷം 1968 ലാണ് ഞാൻ ജനിക്കുന്നത്. അപ്പോൾ തിരുവിതാംകൂർ രാജ്യം നിലവിലില്ല. ചിത്തിര തിരുനാൾ വളരെക്കാലം രാജ്യം ഭരിച്ചു. അദ്ദേഹത്തെ രാജാവ് എന്ന് വിളിക്കുന്നത് നല്ലതാണ്. പക്ഷേ, ഇപ്പോൾ നിലവിലില്ലാത്ത ഒരു രാജ്യത്തിൽ രാജകുമാരൻ എന്ന പദവി തരുന്നത് തമാശയായി തോന്നും. സ്കൂളിലും രാജകുമാരൻ എന്ന ടൈറ്റിൽ ആണ് നൽകിയത്. കച്ചേരികളിൽ പോലും എന്നെ പരിചയപ്പെടുത്തിയിരുന്നത് ഹിസ് ഹൈനസ് പ്രിൻസ് ശ്രീ പത്മനാഭ ദാസ അശ്വതി തിരുനാൾ രാമവർമ്മ എന്നാണ്. കാലക്രമേണ, അത് ചുരുക്കി, പ്രിൻസ് രാമവർമ്മ ഒരു ബ്രാൻഡ് ആയി. കാര്യങ്ങൾ ലളിതമായി സൂക്ഷിക്കാനാണ് എനിക്കിഷ്ടം. എൻ്റെ വിസിറ്റിങ് കാർഡുകളിലും ആധാർ കാർഡിലും പോലും ഞാൻ രാമവർമ്മ എന്ന് മാത്രമാണ് ഉപയോഗിക്കുന്നത്.
താന്‍ തന്നെ ഒരു വിമതനായി കണക്കാക്കുന്നില്ലെന്നും ഓരോത്തര്‍ക്കും ഓരോ ലക്ഷ്യങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ ബുദ്ധിയും കഴിവും പൂര്‍ണമായും ഉപയോഗിക്കേണ്ടത് ആ ഉത്തരവാദിത്തിലാണ്. മറ്റൊരാളുടെ മുഖത്ത് പുഞ്ചിരി കൊണ്ടു വരാന്‍ കഴിഞ്ഞാന്‍ അത് വലിയൊരു നേട്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'സംഗീതമാണ് എന്‍റെ പാഷന്‍, അതിനോട് ഞാന്‍ പ്രത്യേകം അര്‍പ്പണബോധമുള്ളവനായിരിക്കും. ശാസ്ത്രീയ സംഗീതം, പ്രത്യേകിച്ച് കര്‍ണാടക സംഗീതം കാലഹരണപ്പെട്ടില്ലെന്ന് അടുത്ത തലമുറയെ ബോധ്യപ്പെടുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നു. കര്‍ണാടക സംഗീതം ആസ്വാദ്യകരവും എല്ലാവര്‍ക്കും പഠിക്കാവുന്നതുമാണ്. കര്‍ണാടക സംഗീതത്തെ മനസ്സിലാക്കാന്‍ എളുപ്പമാണ്. ഇത് ആളുകളെ വിശ്വസിപ്പിക്കാന്‍ കഴിഞ്ഞാന്‍ അത് എന്‍റെ വിജയമായി കരുതുന്നു'.
'കര്‍ണാടക സംഗീതത്തിന് ചരിത്രത്തില്‍ ഒരു പ്രത്യേക സ്ഥാനമുണ്ട്. രാജ്യസഭകളിലും ക്ഷേത്രങ്ങളിലും കര്‍ണാടക സംഗീതത്തിന് നിയന്ത്രണമുണ്ടായിരുന്ന സമയത്താണ് മധുരൈ മണി അയ്യര്‍ മൈലാപ്പൂര്‍ ക്ഷേത്രത്തില്‍ കച്ചേരി അവതരിപ്പിച്ചത്. അന്ന് റിക്ഷാക്കാര്‍ മുതല്‍ ജമീന്ദാര്‍ വരെയും ഗവര്‍ണറും ഒരുമിച്ചിരുന്ന് സംഗീതം ആസ്വദിച്ചു. പിന്നീട് ആ മേഖലയിലേക്ക് കെ ബി സുന്ദരാംബാള്‍ വന്നു. അവര്‍ സ്വയം പഠിച്ചു വന്നതാണ്. അവരുടെ ശബ്ദത്തിന് ആരെയും ആകര്‍ഷിക്കാന്‍ കഴിയുമായിരുന്നു. ബ്രാഹ്മണര്‍ അല്ലാത്ത എംഎസ് സുബ്ബലക്ഷ്മി കര്‍ണാടക സംഗീതത്തിന്റെ നെറുകയില്‍ എത്തി'.
'കര്‍ണാടക സംഗീതത്തില്‍ ബ്രാഹ്മിണിക്കല്‍ സ്വാധീനം ഉണ്ടായിട്ടുണ്ട്. എന്നാല്‍ അത് ആ സംഗീതത്തെ എങ്ങനെ നോക്കികാണുന്നു എന്നതിനെ അടിസ്ഥാനപ്പെടുത്തി ആയിരിക്കും. അതില്‍ വിമര്‍ശനം ഉന്നയിക്കുന്നതിനെക്കാള്‍ പോസിറ്റീവ് ആകാനാണ് ശ്രമിച്ചിട്ടുള്ളത്. ഞാന്‍ എപ്പോഴും സാധ്യത നോക്കുന്നു. അതില്‍ ജാതിയോ മതമോ ഉത്ഭവ സ്ഥാനമോ പ്രസ്തമല്ലെന്നും' അദ്ദേഹം പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates