കൊച്ചി: ഹീനമായ കുറ്റകൃത്യമാണ് തനിക്കു നേരെ ഉണ്ടായതെന്നും അതില്‍ കുറ്റം ചെയ്തവര്‍ ശിക്ഷിക്കപ്പെടണം എന്നതു മാത്രമാണ് തന്റെ താത്പര്യമെന്നും ആക്രമിക്കപ്പെട്ട നടി ഹൈക്കോടതിയില്‍. സത്യം കണ്ടെത്തുകയാണ് തുടര്‍ അന്വേഷണത്തിന്റെ ലക്ഷ്യമെന്ന്, കേസില്‍ പ്രതിയായ ദിലീപിന്റെ ഹര്‍ജിയെ എതിര്‍ത്തുകൊണ്ട് നടി ബോധിപ്പിച്ചു.
പ്രതിയുടെ അടുത്ത സുഹൃത്ത് എന്നു പറയുന്നയാളുടെ വെളിപ്പെടുത്തലുകള്‍ മാധ്യമങ്ങളില്‍ കണ്ടതിനെ തുടര്‍ന്ന് ഉടന്‍തന്നെ അന്വേഷണ ഉദ്യോഗസ്ഥനെ അറിയിച്ചിരുന്നു. ഗൂഢാലോചന നടത്തിയോ ഇല്ലേ എന്ന് അറിയേണ്ടതുണ്ട്. അതിന് അന്വേഷണം ആവശ്യമാണ്. ഹീനമായ കുറ്റകൃത്യമാണ് തനിക്കെതിരെയുണ്ടായത്. ഇതിനു പിന്നില്‍ ആരൊക്കെയാണെന്ന് അറിയണമെന്നും നടി അറിയിച്ചു.
കോടതി ഉത്തരവിനു പിറ്റേന്ന് ഫോണുകള്‍ ഫോര്‍മാറ്റ് ചെയ്തു
ഗൂഢാലോചന കേസില്‍ ഫോണുകള്‍ ഹാജരാക്കാന്‍ ദിലീപ് അടക്കമുള്ള പ്രതികള്‍ക്ക് നിര്‍ദേശം നല്‍കിയതിന്റെ പിറ്റേന്നു ഫോണുകള്‍ ഫോര്‍മാറ്റ് ചെയ്യപ്പെട്ടതായി പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ അറിയിച്ചു. ഫോണ്‍ ടാംപറിങ് സംബന്ധിച്ച ഫൊറന്‍സിക് റിപ്പോര്‍ട്ട് ലഭിച്ചെന്നും പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ ടിഎ ഷാജി അറിയിച്ചു.
ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികളുടെ 6 മൊബൈല്‍ ഫോണുകള്‍ ജനുവരി 31ന് രാവിലെ 10.15ന് റജിസ്ട്രാര്‍ ജനറലിന് മുദ്രവച്ച കവറില്‍ കൈമാറാന്‍ ജനുവരി 29നാണ് ഹൈക്കോടതി ഉത്തരവിട്ടത്. എന്നാല്‍ 30ന് ഫോണുകളിലെ വിവരങ്ങള്‍ ഡിലീറ്റ് ചെയ്‌തെന്നും ഫോര്‍മാറ്റ് ചെയ്‌തെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു. എന്നാല്‍ ഫോണില്‍നിന്നു ചില വിശ്വസനീയമായ വിവരങ്ങള്‍ തിരിച്ചെടുക്കാനായിട്ടുണ്ടെന്നും ഇതില്‍ വളരെ നിര്‍ണായകമായ വിവരങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു.
അന്വേഷണം അനന്തമായി നീട്ടികൊണ്ടുപോകാനാവില്ലെന്നും ഈ കേസിന് എന്താണ് ഇത്ര പ്രത്യേകതയെന്നും ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് ആരാഞ്ഞതിനെ തുടര്‍ന്നായിരുന്നു പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ വിശദീകരണം നല്‍കിയത്.
മാര്‍ച്ച് ഒന്നിന് അന്തിമ റിപ്പോര്‍ട്ട് നല്‍കിക്കൂടെ എന്നു കോടതി ആരാഞ്ഞു. സമയപരിധി ഹൈക്കോടതി നിശ്ചയിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates