സിദ്ധാര്‍ഥന്‍ പരുത്തിക്കാട് 
Kerala

എന്നെ ദേശാഭിമാനിയില്‍ നിന്നും പുറത്താക്കിയതല്ല, ഞാന്‍ വിരമിച്ചതാണ്; സിദ്ധാര്‍ത്ഥന്‍ പരുത്തിക്കാട്

സമകാലിക മലയാളത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ ഉയര്‍ന്നുവന്ന ആരോപണങ്ങള്‍ക്ക് സിദ്ധാര്‍ഥന്‍ പരുത്തിക്കാട് മറുപടി പറയുന്നു.

ലക്ഷ്മി ആതിര

റിപ്പോര്‍ട്ടര്‍ ടിവിയിലെ 'മീറ്റ് ദി എഡിറ്റേഴ്സ്' പരിപാടിയില്‍ സ്മൃതി പരുത്തിക്കാട് വയനാട് ദുരന്തബാധിതര്‍ക്കെതിരെ നടത്തിയ പ്രസ്താവനയുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സ്മൃതിക്കെതിരെ ഇടതു സൈബറിടങ്ങളില്‍ വലിയ രീതിയിലുള്ള പ്രതിഷേധം നടന്നു വരികയാണ്. തെരഞ്ഞെടുപ്പ് സമയത്ത് വയനാട്ടിലെ ദുരന്തബാധിതരെ 'കൊണ്ടുവന്ന് നാടകം കളിച്ചു' എന്ന അവരുടെ പരാമര്‍ശമാണ് ഇടത് അനുകൂലികളെ ചൊടിപ്പിച്ചത്. എന്നാല്‍, കഴിഞ്ഞ ദിവസങ്ങളില്‍ ഈ പ്രതിഷേധങ്ങള്‍ സ്മൃതിയുടെ പിതാവും ദേശാഭിമാനി വാരികയുടെ മുന്‍ പത്രാധിപരുമായ സിദ്ധാര്‍ത്ഥന്‍ പരുത്തിക്കാടിനെതിരെയും തിരിഞ്ഞിരിക്കുകയാണ്. വി.എസ്.-പിണറായി വിഭാഗീയത നിലനിന്നിരുന്ന കാലത്ത് സിദ്ധാര്‍ത്ഥന്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്നും തുടര്‍ന്ന് സാമ്പത്തിക ക്രമക്കേട് ആരോപിച്ചു ദേശാഭിമാനിയില്‍ നിന്നും പുറത്താക്കിയെന്നുമാണ് അദ്ദേഹത്തിന്റെ മുന്‍ സഹപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ആരോപിക്കുന്നത്. എന്നാല്‍, സമകാലിക മലയാളത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ ഈ ആരോപണങ്ങളെ സിദ്ധാര്‍ത്ഥന്‍ പരുത്തിക്കാട് തള്ളിക്കളയുന്നു.

ചോദ്യം: പാര്‍ട്ടിയിലെ വിഭാഗീയതയുടെ കാലത്ത് ദേശാഭിമാനിയിലെ താങ്കളുടെ ഓഫീസ് പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായിരുന്നു എന്നും, എംഎന്‍ വിജയന്‍ മാഷിനെ പാര്‍ട്ടിക്കെതിരെ തിരിച്ചത് താങ്കളായിരുന്നു എന്നും തരത്തിലുള്ള ആരോപണങ്ങള്‍ ആണല്ലോ ഇപ്പോള്‍ പുറത്തു വരുന്നത്?

ഉത്തരം: തികച്ചും അടിസ്ഥാനരഹിതമായ ആരോപണങ്ങളാണിവ. പിണറായി വിജയന്റെ പ്രവര്‍ത്തനരീതികളോട് എനിക്ക് എതിര്‍പ്പുണ്ടായിരുന്നു എന്നത് സത്യമാണ്. അതിനര്‍ത്ഥം ഞാന്‍ ഒരു വിഎസ് പക്ഷക്കാരനായിരുന്നു എന്നല്ല. പാര്‍ട്ടിയിലെ വിഭാഗീയതയുടെ ഭാഗമാകാന്‍ ഞാന്‍ ശ്രമിച്ചിട്ടുമില്ല. എന്നാല്‍, പ്രൊഫ. എംഎന്‍. വിജയന്‍ മാഷിനോട് പാര്‍ട്ടി കാണിച്ചത് വഞ്ചനയായിരുന്നു. ശമ്പളം പോലും വാങ്ങാതെയായിരുന്നു അദ്ദേഹം ദേശാഭിമാനി വാരികയുടെ പത്രാധിപരായി പ്രവര്‍ത്തിച്ചത്. എന്നിട്ടും 2005-ലെ മലപ്പുറം സമ്മേളനത്തില്‍ അദ്ദേഹം കടുത്ത വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നു. ഇതില്‍ എനിക്ക് ഇന്നും വലിയ പ്രതിഷേധമുണ്ട്.

ചോദ്യം: സാമ്പത്തിക ക്രമക്കേട് നടത്തിയതിന് താങ്കളെ ദേശാഭിമാനിയില്‍ നിന്നും പുറത്താക്കിയതാണെന്നും ആരോപണമുണ്ടല്ലോ?

ഉത്തരം: അത് പച്ചക്കള്ളമാണ്. എന്നെ ദേശാഭിമാനിയില്‍ നിന്നും ആരും പുറത്താക്കിയതല്ല. ഔദ്യോഗികമായി വിരമിച്ചതാണ്. വിരമിച്ച ശേഷവും ഞാന്‍ പാര്‍ട്ടി അംഗമായി തുടര്‍ന്നു. 2005-ലെ മലപ്പുറം സമ്മേളനത്തിന് ശേഷമാണ് പാര്‍ട്ടിയില്‍ നിന്നും അകലാന്‍ തീരുമാനിച്ചത്. അപ്പോഴേക്കും മാനസികമായി ഞാന്‍ പാര്‍ട്ടിയില്‍ നിന്നും അകന്നിരുന്നു. ആ സമ്മേളനത്തിന് ശേഷം ഞാന്‍ പാര്‍ട്ടി അംഗത്വം പുതുക്കിയിട്ടില്ല.

ചോദ്യം: നിലവിലുള്ള സൈബര്‍ ആക്രമണങ്ങളോട് ഏതു തരത്തിലാണ് താങ്കള്‍ പ്രതികരിക്കുന്നത്?

ഉത്തരം: ചില സാമൂഹിക മാധ്യമ പോസ്റ്റുകള്‍ ഞാന്‍ ശ്രദ്ധിച്ചിരുന്നു. ഒരു പോസ്റ്റില്‍ എന്നെ ''ചെറ്റ'' എന്ന് വിളിച്ചതായി കണ്ടു. പിണറായിയുടെ ഏതെങ്കിലും ശിഷ്യന്മാരാകും ഇതൊക്കെ എഴുതി വിടുന്നത്. എനിക്കതില്‍ വിഷമമില്ല. 'അച്ഛന്‍ ഇതൊന്നും ശ്രദ്ധിക്കേണ്ടതില്ല' എന്ന് എന്റെ മകളും പറഞ്ഞിട്ടുണ്ട്.

ചോദ്യം: താങ്കളുടെ മകള്‍ ചൂരല്‍മല ദുരന്തബാധിതര്‍ക്കെതിരെ നടത്തിയ പരാമര്‍ശങ്ങളെയും അതിനുശേഷം നടക്കുന്ന സൈബര്‍ ആക്രമണങ്ങളെയും കുറിച്ച് എന്താണ് പറയാനുള്ളത്?

ഉത്തരം: ഞാന്‍ അതില്‍ അഭിപ്രായം പറയുന്നില്ല. അതിനുള്ള മറുപടി സ്മൃതി തന്നെ നല്‍കിക്കോളും.

ചോദ്യം: താങ്കളെ പാര്‍ട്ടിയില്‍ ഒതുക്കിയെന്നും, അതിലുള്ള വൈരാഗ്യമാണ് സ്മൃതിയില്‍ ഒരു ആന്റി-സിപിഎം മനോഭാവം ഉണ്ടാക്കിയതെന്നും കേള്‍ക്കുന്നുണ്ടല്ലോ?

ഉത്തരം: എന്നെ ആരും ഒതുക്കിയിട്ടില്ല. അങ്ങനെ ഒതുക്കാവുന്ന അത്ര വലിയ സ്ഥാനങ്ങളൊന്നും എനിക്ക് പാര്‍ട്ടിയില്‍ ഉണ്ടായിരുന്നില്ല. ദേശാഭിമാനി വാരികയുടെ പത്രാധിപര്‍ എന്നതിലുപരി പാര്‍ട്ടിയില്‍ എനിക്ക് പദവികളില്ലായിരുന്നു. ദേശാഭിമാനി ലോക്കല്‍ കമ്മിറ്റി മെമ്പര്‍ മാത്രമായിരുന്നു ഞാന്‍. പാര്‍ട്ടി ജില്ലാ കമ്മിറ്റിയുടെ അതെ അധികാരം തന്നെ പത്രത്തിന്റെ ലോക്കല്‍ കമ്മിറ്റിക്ക് ഉണ്ടായിരുന്നു എന്നതൊഴിച്ചാല്‍ മറ്റ് അധികാര സ്ഥാനങ്ങളൊന്നും ഞാന്‍ വഹിച്ചിട്ടില്ല. അതുകൊണ്ട് തന്നെ എന്നെ ഒതുക്കാന്‍ ആരും വരേണ്ടി വന്നില്ല.

എന്റെ മകള്‍ ഒരു കോണ്‍ഗ്രസ് അനുഭാവിയായതുകൊണ്ടാണ് സിപിഎമ്മിനെ വിമര്‍ശിക്കുന്നത് എന്ന സംസാരവും ശരിയല്ല. എന്റെ അറിവില്‍ അവള്‍ ഒരു പ്രോ-ലെഫ്റ്റ് (Pro-left) ചിന്താഗതിയുള്ള ആളാണ്. അതുകൊണ്ടാണ് അവളുടെ വിമര്‍ശനങ്ങള്‍ക്ക് ശക്തി കൂടുന്നത്. അല്ലാതെ എനിക്ക് വേണ്ടി പ്രതികാരം ചെയ്യേണ്ട ആവശ്യം മകള്‍ക്കില്ല.

ചോദ്യം: നിലവിലെ സിപിഎമ്മിന്റെ പ്രവര്‍ത്തന രീതികളെ എങ്ങനെയാണ് നോക്കിക്കാണുന്നത്?

ഉത്തരം: നിലവിലുള്ള സിപിഎം ഒരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയല്ല. ഒരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രം സിപിഎമ്മിന് എന്നോ നഷ്ടപ്പെട്ടു കഴിഞ്ഞു. ഇടതുപക്ഷമായി മുന്നോട്ട് പോകാന്‍ ഇനി അവര്‍ക്ക് കഴിയില്ല.

ചോദ്യം: പിണറായി വിജയന്റെ പത്തു വര്‍ഷം നീണ്ട ഭരണത്തെ എങ്ങനെ വിലയിരുത്തുന്നു?

ഉത്തരം: രാഷ്ട്രീയമായ അഭിപ്രായ പ്രകടനങ്ങള്‍ നടത്താന്‍ ഇപ്പോള്‍ താല്പര്യമില്ല.

"I was not expelled from Deshabhimani, I retired," says Sidharthan Paruthikkad.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സ്ത്രീകളെ ഭരണത്തിന്റെ ഭാഗമാക്കാനുള്ള വലിയ അവസരം; എതിര്‍ക്കുന്നവര്‍ക്ക് സ്ത്രീകള്‍ മാപ്പുനല്‍കില്ല; ലോക്‌സഭയില്‍ മോദി

പ്രകൃതി പൂര്‍ണ്ണതയില്‍ വിരിയുന്ന കാലം, ദാനം ചെയ്താല്‍ ശ്രേഷ്ഠം; മഹാവിഷ്ണുവിന് ഏറ്റവും പ്രിയങ്കരം, അറിയാം വൈശാഖ മാസത്തിന്റെ പ്രാധാന്യം

ജനനായകന്‍ സിനിമാ ചോര്‍ച്ച; മൂന്നു പേര്‍ കൂടി അറസ്റ്റില്‍, പിടിയിലായത് മുഖ്യപ്രതിയായ ഫ്രീലാന്‍സ് എഡിറ്റര്‍ ഉള്‍പ്പെടെ

ഭക്ഷണ ശേഷം ഹോട്ടലിൽ പെരുംജീരകം കൊടുക്കുന്നത് എന്തിന്?

'അയാൾ എന്നെ മോശമായി സ്പർശിച്ചു'; തെന്നിന്ത്യൻ സംവിധായകനിൽ നിന്നുണ്ടായ ദുരനുഭവത്തെക്കുറിച്ച് നടി ഡെയ്സി ഷാ

SCROLL FOR NEXT