മന്ത്രി വീണാ ജോർജ്/ എഎൻഐ ചിത്രം 
Kerala

മൂന്നാം തരം​ഗം ഒന്നും രണ്ടും തരംഗത്തില്‍ നിന്നും വ്യത്യസ്തം; നടപ്പാക്കുന്നത് ശാസ്ത്രീയമായ സ്ട്രാറ്റജി: മന്ത്രി വീണാ ജോർജ്

ആകെ 1,99,041 ആക്ടീവ് കേസുകളില്‍ 3 ശതമാനം മാത്രമാണ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കോവിഡ് പ്രതിരോധനത്തിന് സംസ്ഥാനം ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുന്നത് ശാസ്ത്രീയമായ സ്ട്രാറ്റജിയാണെന്ന് ആരോ​ഗ്യമന്ത്രി വീണാ ജോർജ്. സമ്പൂര്‍ണ അടച്ചിടല്‍ ജനങ്ങളുടെ ജീവിതത്തേയും ജീവിതോപാധിയേയും സാരമായി ബാധിക്കും. സംസ്ഥാനമാകെ അടച്ച് പൂട്ടിയാല്‍ ജനങ്ങളെല്ലാം സാമ്പത്തിക പ്രതിസന്ധിയിലേക്ക് പോകും. കടകള്‍ അടച്ചിട്ടാല്‍ വ്യാപാരികളെ ബാധിക്കും. വാഹനങ്ങള്‍ നിരത്തിലിറങ്ങാതെയിരുന്നാല്‍ അത് എല്ലാവരേയും ബാധിക്കും. അതിനാല്‍ തന്നെ ജനങ്ങളെ ബുദ്ധിമുട്ടിക്കാത്ത ശാസ്ത്രീയമായ സ്ട്രാറ്റജിയാണ് കേരളം ആവിഷ്‌ക്കരിച്ചിരിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. 

ജില്ലയിലെ ആശുപത്രികളിലെ രോഗികളുടെ എണ്ണം അനുസരിച്ചാണ് സംസ്ഥാനത്തെ ഇപ്പോഴത്തെ കോവിഡ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. നിലവില്‍ ആകെ 1,99,041 ആക്ടീവ് കേസുകളില്‍ 3 ശതമാനം മാത്രമാണ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. മെഡിക്കല്‍ കോളേജുകളിലെ ഐസിയുവില്‍ പ്രവേശിക്കുന്നവരുടെ എണ്ണവും കുറഞ്ഞിട്ടുണ്ട്. ഡെല്‍റ്റ വകഭേദത്തെ അപേക്ഷിച്ച് ഒമൈക്രോണ്‍ പെട്ടെന്ന് വ്യാപിക്കുമെങ്കിലും ഗുരുതരാവസ്ഥ കുറവാണ്. എങ്കിലും പ്രായമായവരിലും അനുബന്ധ രോഗമുള്ളവരിലും വാക്‌സിനെടുക്കാത്തവരിലും രോഗം ബാധിച്ചാല്‍ ഗുരുതരമാകാന്‍ സാധ്യതയുണ്ട്.

വ്യത്യസ്തമാണ് മൂന്നാം തരം​ഗം

ടിപിആര്‍ മാനദണ്ഡമാക്കുന്നത് വളരെ മുമ്പ് തന്നെ മാറ്റം വരുത്തിയിരുന്നു. ഇപ്പോള്‍ ടിപിആര്‍ മാനദണ്ഡമാക്കുന്നില്ല. കേന്ദ്ര സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച് രോഗലക്ഷണമുള്ളവര്‍ക്ക് കോവിഡ് പരിശോധന നടത്തിയാല്‍ മതി. അതിനാല്‍ പരിശോധന നടത്തുന്ന വലിയൊരു വിഭാഗത്തിനും കോവിഡ് വരാന്‍ സാധ്യതയുണ്ട്. അപ്പോള്‍ സ്വാഭാവികമായും ടിപിആര്‍ ഉയര്‍ന്നു നില്‍ക്കും.  കോവിഡ് ഒന്നും രണ്ടും തരംഗത്തില്‍ നിന്നും വ്യത്യസ്തമാണ് മൂന്നാം തരംഗമെന്ന് മന്ത്രി പറഞ്ഞു. 

ആദ്യ തരംഗത്തില്‍ കോവിഡ് ബാധിച്ച് തുടങ്ങുമ്പോള്‍ ലോകത്താകമാനം വ്യക്തമായ പ്രോട്ടോകോളില്ലായിരുന്നു. അതിനാലാണ് രാജ്യമാകമാനം ലോക് ഡൗണിലേക്ക് പോയത്. രണ്ടാം തരംഗ സമയത്ത് ജനുവരിയോടെ കോവിഡ് വാക്‌സിനേഷന്‍ ആരംഭിച്ചു.  ഇപ്പോള്‍ 18 വയസിന് മുകളിലുള്ളവരുടെ ആദ്യ ഡോസ് വാക്‌സിനേഷന്‍ 100 ശതമാനമാണ്. ഇതോടെ മഹാഭൂരിപക്ഷത്തിനും കോവിഡ് പ്രതിരോധ ശേഷി കൈവരിക്കാനായി.

മൂന്നാം തരം​ഗം മുന്നിൽ കണ്ട് വൻ സജ്ജീകരണങ്ങൾ ഒരുക്കി

മൂന്നാം തരംഗം മുന്നില്‍ കണ്ട് ഐസിയു, വെന്റിലേറ്റര്‍, ഓക്‌സിജന്‍, പീഡിയാട്രിക് സൗകര്യങ്ങള്‍ എന്നിവ വലിയ തോതില്‍ വര്‍ധിപ്പിച്ചു. 25 ആശുപത്രികളില്‍ 194 പുതിയ ഐസിയു യൂണിറ്റുകള്‍, 19 ആശുപത്രികളിലായി 146 എച്ച്ഡിയു യൂണിറ്റുകള്‍, 10 ആശുപത്രികളിലായി 36 പീഡിയാട്രിക് ഐസിയു യൂണിറ്റുകള്‍ എന്നിവ സജ്ജമാക്കി. ഇതുകൂടാതെ സെന്റര്‍ ഓഫ് എക്‌സലന്‍സിന്റെ ഭാഗമായി തിരുവനന്തപുരം എസ്എടി ആശുപത്രിയിലും എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും 12 കിടക്കകള്‍ വീതമുള്ള ഐസിയു, എച്ചിഡിയു കിടക്കളും സജ്ജമാക്കി. ആകെ 400 ഐസിയു, എച്ച്ഡിയു യൂണിറ്റുകളാണ് സജ്ജമാക്കിയത്. ചെറിയ കുഞ്ഞുങ്ങള്‍ മുതലുള്ള കുട്ടികള്‍ക്കുള്ള 99 വെന്റിലേറ്ററുകള്‍, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള 66 വെന്റിലേറ്ററുകള്‍, 100 പീഡിയാട്രിക് അഡള്‍ട്ട് വെന്റിലേറ്ററുകള്‍, 116 നോണ്‍ ഇന്‍വേസീവ് വെന്റിലേറ്ററുകള്‍ ഉള്‍പ്പെടെ ആകെ 381 പുതിയ വെന്റിലേറ്ററുകള്‍ സജ്ജമാക്കി. ഇതുകൂടാതെ 147 ഹൈ ഫ്‌ളോ വെന്റിലേറ്ററുകളുടെ വിതരണം പുരോഗമിക്കുന്നു.

മെഡിക്കല്‍ കോളേജുകളില്‍ 239 ഐസിയു, ഹൈ കെയര്‍ കിടക്കകള്‍, 222 വെന്റിലേറ്റര്‍, 85 പീഡിയാട്രിക് ഐസിയു കിടക്കകള്‍, 51 പീഡിയാട്രിക് വെന്റിലേറ്ററുകള്‍, 878 ഓക്‌സിജന്‍ കിടക്കള്‍, 113 സാധാരണ കിടക്കകള്‍ എന്നിവ ഉള്‍പ്പെടെ 1588 കിടക്കള്‍ പുതുതായി സജ്ജമാക്കിയിട്ടുണ്ട്. ലിക്വിഡ് ഓക്‌സിജന്റെ സംഭരണ ശേഷിയും വര്‍ധിപ്പിച്ചിട്ടുണ്ട്. സര്‍ക്കാര്‍ സ്വകാര്യ മേഖലകളിലായി നിലവില്‍ 1817.54 മെട്രിക് ടണ്‍ ലിക്വിഡ് ഓക്‌സിജന്‍ സംഭരണ ശേഷിയുണ്ട്. 159.6 മെട്രിക് ടണ്‍ അധിക സംഭരണശേഷി സജ്ജമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.

ഇ- സഞ്ജീവനി ടെലി മെഡിസിന്‍ സേവനങ്ങള്‍

ക്വാറന്റൈനിലുള്ള ഡോക്ടര്‍മാര്‍ പോലും ഇ- സഞ്ജീവനി ടെലി മെഡിസിന്‍ സേവനങ്ങള്‍ക്കായി മുന്നോട്ട് വരുന്നത് അഭിനന്ദനാര്‍ഹമാണ്. ഗൃഹ പരിചരണം സംബന്ധിച്ച് ആര്‍ആര്‍ടി, വാര്‍ഡ് സമിതി അംഗങ്ങള്‍, ആശാവര്‍ക്കര്‍മാര്‍, തദ്ദേശ സ്ഥാപന ജീവനക്കാര്‍, വനിത ശിശുവികസന വകുപ്പിന് കീഴിലുള്ള അങ്കണവാടി ഐസിഡിഎസ് പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് ശനിയാഴ്ച പരിശീലനം നല്‍കുന്നുണ്ട്. എല്ലാവരും കോവിഡ് മാനദണ്ഡങ്ങള്‍ ഉറപ്പാക്കണമെന്നും മന്ത്രി നിർദേശിച്ചു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മന്ത്രിസഭയിലും എല്‍ഡിഎഫിലും ശരിയായ ചര്‍ച്ച നടന്നില്ല; പിഎം ശ്രീയില്‍ വീഴ്ച സമ്മതിച്ച് സിപിഎം

കെ എസ് ശബരീനാഥന്‍ കവടിയാറില്‍; തിരുവനന്തപുരം കോര്‍പ്പറേഷനിലെ 48 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

'ജനങ്ങളുടെ അവകാശങ്ങള്‍ക്കുമേലുള്ള നിയന്ത്രണം'; എസ്‌ഐആറിനെതിരെ തമിഴ്‌നാട് സുപ്രീംകോടതിയിലേയ്ക്ക്

മുസ്ലീംലീഗ് കടലാസില്‍ പൊതിഞ്ഞ പൊട്ടാസ്യം സയനൈഡ്, ഗണേഷ് കുമാര്‍ തറ മന്ത്രി: വെള്ളാപ്പള്ളി

ഐഎസ്ആര്‍ഒയുടെ എല്‍വിഎം 3, സിഎംഎസ് 3 ഉപഗ്രഹ വിക്ഷേപണം വിജയകരം

SCROLL FOR NEXT