ബംഗളൂരു: അന്തര്‍ സംസ്ഥാന സ്വകാര്യബസുകളുടെ സമരം തുടങ്ങിയതോടെ മലയാളി യാത്രക്കാര്‍ ദുരിതത്തില്‍. കേരളത്തിന്റെ വിവിധയിടങ്ങളിലേക്ക് സര്‍വീസ് നടത്തുന്ന അന്തര്‍ സംസ്ഥാന സ്വകാര്യബസുകളില്‍ ഭൂരിഭാഗവും സമരത്തില്‍ പങ്കെടുത്ത് സര്‍വീസ് നിര്‍ത്തിവെച്ചതോടെ യാത്രക്കാര്‍ മറ്റു വഴികള്‍ തേടാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. കെഎസ്ആര്‍ടിസി ബസുകളിലും ടിക്കറ്റ് കുറവായിരുന്നു. കഴിഞ്ഞ ദിവസം വൈകുന്നേരമായപ്പോഴേക്കും കെഎസ്ആര്‍ടിസി മിക്ക ബസുകളിലും ടിക്കറ്റ് കിട്ടാത്ത സ്ഥിതിയാണ്.
എറണാകുളം, കോട്ടയം, കോഴിക്കോട്, കണ്ണൂര്‍, പാലക്കാട് തുടങ്ങിയ സ്ഥലങ്ങളിലേക്കായി 200-ലധികം അന്തര്‍ സംസ്ഥാന ബസുകളാണ് ബംഗളൂരുവില്‍ നിന്ന് സര്‍വീസ് നടത്തുന്നത്. ഇവരെല്ലാം സമരത്തില്‍ പങ്കെടുത്തതോടെ സ്ഥിതി പ്രശ്‌നമാകുകയായിരുന്നു. ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് വാഹനങ്ങള്‍ക്കെതിരെ തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ അന്യായമായി നികുതി ഈടാക്കുകയും കനത്തപിഴ ചുമത്തുകയും വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്യുന്നതിനെതിരെ ലക്ഷ്വറി ബസ് ഓണേഴ്‌സ് അസോസിയേഷനാണ് സമരം പ്രഖ്യാപിച്ചത്. കേരളത്തില്‍ നിന്ന് കര്‍ണാടകത്തിലേക്കുള്ള ബസുകളും ഓട്ടം നിര്‍ത്തിയിട്ടുണ്ട്. ഇതോടെ ഇവിടെ നിന്ന് ബംഗളൂരുവിലേക്ക് പോകേണ്ടവരും ബുദ്ധിമുട്ടിലായി.
തിങ്കളാഴ്ച യാത്ര നിശ്ചയിച്ച് ടിക്കറ്റ് ബുക്ക് ചെയ്തവരാണ് കുടുങ്ങിയത്. ചൊവ്വാഴ്ചയും വരുംദിവസങ്ങളിലും ഇത് തുടരാന്‍ സാധ്യതയുണ്ട്. ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് എടുത്ത് സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകളില്‍നിന്ന് റോഡ് നികുതിക്കുപുറമേ അയല്‍ സംസ്ഥാനങ്ങള്‍ നികുതിയീടാക്കുന്നതില്‍ പ്രതിഷേധിച്ചാണ് സമരം. ഓരോ സംസ്ഥാനത്തിനും പ്രത്യേകം നികുതിയടയ്ക്കുന്നത് ഒഴിവാക്കുന്നതിന് കേന്ദ്രം പ്രത്യേക പെര്‍മിറ്റ് അനുവദിക്കണമെന്നാണ് ഇവരുടെ ആവശ്യം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates