കോണ്‍ഗ്രസിന്റെ 55 പേരുള്ള ആദ്യഘട്ട സ്ഥാനാര്‍ഥിപ്പട്ടിക പുറത്തു വന്നപ്പോള്‍ തന്റെ പേരില്ലാത്തത് പവര്‍ പൊളിറ്റിക്‌സിന്റെ ഭാഗമായിട്ടാണ് കാണുന്നതെന്ന് ദളിത് ആക്ടിവിസ്റ്റ് സണ്ണി എം കപിക്കാട്. ദളിത് വിഭാഗത്തിന്റെ വോട്ട് വേണ്ടേ അവര്‍ക്ക്?ഈ വിഭാഗത്തെ രാഷ്ട്രീയമായി പരിഗണിക്കണ്ടേ അവര്‍ക്ക്. അതോ അവര്‍ ദളിത് കോണ്‍ഗ്രസിനെ വെച്ച് പരിഹരിക്കുമോ? സി കെ ജാനുവിന് സീറ്റ് കൊടുക്കണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് കൊടുക്കുന്നത് എങ്ങനെയാണെന്നും സണ്ണി എം കപിക്കാട് ചോദിക്കുന്നു. സമകാലിക മലയാളത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസിന്റെ സ്ഥാര്‍ഥിപ്പട്ടിക പുറത്തു വന്നപ്പോള്‍ സണ്ണി എം കപിക്കാടിന്റെ പേരില്ല. എന്താണ് പറയാനുള്ളത്?
ഇത് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ലായിരുന്നില്ല. ഇങ്ങനെയും സംഭവിക്കാം. ഇതൊരു പവര്‍ പൊളിറ്റിക്‌സാണ്. പവര്‍ ഗെയിമാണ്. എപ്പോള്‍ വേണമെങ്കിലും മാറി മറിയാവുന്ന ഒരു കാര്യമാണെന്നാണ് തുടക്കം മുതലേ മനസിലാക്കിയിരുന്നത്. എന്നാല്‍ വലിയ നഷ്ടമുണ്ടാക്കിയെന്നൊന്നും കണക്കാക്കുന്നില്ല. അവിടെ ചെന്ന് പല നേതാക്കളെ കണ്ട് 'സംഘടിപ്പിച്ച ' സ്ഥാനാര്‍ഥിത്വമല്ല. ഈക്വല്‍ സ്റ്റാറ്റസില്‍ സംഭാഷണത്തില്‍ ഏര്‍പ്പെട്ട് ഉയര്‍ന്ന് വന്ന ഒരു പൊതുധാരണയാണ്. ഇന്ത്യയിലെമ്പാടുമുള്ള ദളിത്, ആദിവാസി വിഭാഗങ്ങള്‍ ബിജെപിയുടെ ഭീകരമായ ഭരണത്തില്‍ കീഴില്‍ കോണ്‍ഗ്രസിനോട് അടുക്കുന്ന നിരവധി ഉദാഹരണങ്ങളുണ്ട്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കേരളത്തിലും അത് സംഭവിച്ചു. അതിന്റെ ഭാഗമാണെന്നായിരുന്നു ഞങ്ങള്‍ വിലയിരുത്തിട്ടുള്ളത്. അല്ലാതെ എനിക്ക് കിട്ടിയ ഒരു സ്ഥാനാര്‍ഥിത്വമായിട്ടല്ല ഞാന്‍ അതിനെ കാണുന്നത്.
കോണ്‍ഗ്രസ് ഒരു വാഗ്ദാനം തന്നിരുന്നില്ലേ?
തീര്‍ച്ചയായിട്ടും. ഇടയ്ക്ക് കാണുന്ന നേതാക്കളുമായി സംഭാഷണത്തില്‍ ഏര്‍പ്പെട്ടപ്പോഴാണ് ഇങ്ങനെയൊരു നിര്‍ദേശം ഉയര്‍ന്നു വന്നത്. അതല്ലാതെ നമ്മള്‍ അവിടെ ചെന്ന് ഒരു സീറ്റ് തരാമോ എന്ന് ചോദിച്ചതല്ല. മറിച്ച്, സംഭാഷണത്തില്‍ ഒരു പൊതു ചോദ്യം ഉയര്‍ന്നു വരുന്നു. അത് എവിടെയാണ് സാധ്യമാവുക എന്ന് ആലോചിക്കുന്നു. വൈക്കം എന്റെ ജന്മദേശം കൂടിയായിരുന്നതുകൊണ്ട് എന്നെ സ്ഥാനാര്‍ഥിയാക്കാമെന്നായിരുന്നു അവര്‍ക്ക് താല്‍പ്പര്യമുണ്ടായിരുന്നത്. എന്റെ സ്ഥലം വൈക്കമായിരുന്നതുകൊണ്ട് പ്രധാനപ്പെട്ട പരിഗണനയിലേയ്ക്ക് വന്നു. സജീവ പരിഗണനയാണെന്ന സംഭവം വരുന്നു. അതെങ്ങനെയോ വാര്‍ത്തയായി തീരുന്നു. അപ്പോഴൊന്നും കോണ്‍ഗ്രസ് നിഷേധിക്കാത്തതുകൊണ്ട സജീവ പരിഗണനയിലാണെന്നാണല്ലോ നമ്മള്‍ വിചാരിക്കുന്നത്. അവസാന നിമിഷം വരെ സജീവ പരിഗണനയില്‍ തന്നെ ആണെന്നാണ് മനസിലാക്കിയിട്ടുള്ളത്. അതില്‍ താല്‍പ്പര്യമില്ലാത്തവരുമുണ്ടാവാം. അവരാണ് ആത്യന്തികമായി ആ തീരുമാനം എടുത്തത്. അതുകൊണ്ടാവാം എന്റെ സ്ഥാനാര്‍ഥിത്വം ഇല്ലാണ്ടായി. വ്യക്തി എന്ന നിലയ്ക്ക് അതൊരു പ്രശ്‌നമായിട്ട് എന്നെ ബാധിക്കുന്ന കാര്യമല്ല.
ഒരു വ്യക്തിയെന്ന നിലയിലാവില്ലല്ലോ, ഒരു സമൂഹത്തിന്റെ പ്രതിനിധി എന്ന നിലയിലാവില്ലേ കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് പോകാന്‍ തീരുമാനിച്ചത്?
തീര്‍ച്ചയായിട്ടും. സാധ്യതയാണ് അവര്‍ അടച്ചു കളഞ്ഞതെന്നതാണ് രാഷ്ട്രീയമായ ഒരു പ്രശ്‌നം. നമ്മള്‍ എത്ര പേരെ പ്രതിനിധാനം ചെയ്യുന്നു എന്നതല്ല വിഷയം.
സി കെ ജാനു ഉണ്ട്, സണ്ണി എം കപിക്കാട് ഉണ്ട്...ഒരു വിഭാഗത്തിലെ ആളുകളെ മാറ്റി നിര്‍ത്തിക്കൊണ്ടുള്ള സ്ഥാനാര്‍ഥി പട്ടികയല്ലേ ഇപ്പോള്‍ പുറത്ത് വന്നത്?
അതെ. അതിനൊക്കെ കോണ്‍ഗ്രസുകാരാണ് മറുപടി പറയേണ്ടത്. എന്തുകൊണ്ട് സി കെ ജാനുവിനെ പരിഗണിച്ചില്ല. സജീവ പരിഗണന പറഞ്ഞ സണ്ണി എം കപിക്കാടിന് എന്തുകൊണ്ട് സീറ്റ് കൊടുത്തില്ല, എന്ന ചോദ്യങ്ങള്‍ക്ക് കോണ്‍ഗ്രസുകാരാണ് മറുപടി പറയേണ്ടത്. ഞാനും സി കെ ജാനുവും അല്ലല്ലോ മറുപടി നല്‍കേണ്ടത്.
എന്തുകൊണ്ടാവാം അങ്ങനെ തഴഞ്ഞത്?
കോണ്‍ഗ്രസ് എന്ന് പറയുന്നത് ഒറ്റ പാര്‍ട്ടിയോ, ഒരു പ്രത്യയ ശാസ്ത്രമോ ഒരു നേതൃത്വമോ അല്ല. പല ധാരകള്‍ ആണ് ഏറ്റുമുട്ടുന്നത്. അതിനകത്ത് ഞാന്‍ സ്ഥാനാര്‍ഥിയാകണമെന്ന് ആഗ്രഹിച്ചവര്‍ പരാജയപ്പെട്ടുവെന്ന് മാത്രമാണ് ഞാന്‍ മനസിലാക്കുന്നുള്ളൂ. അതല്ലാതെ ഇതിനങ്ങനെ പ്രത്യേകമായ സംഘടനാ ഘടനയോ, ഒരു പ്രത്യയ ശാസ്ത്ര അടിത്തറയോ ഒന്നുമില്ല. എല്ലാ തരത്തിലുമുള്ള മനുഷ്യരുടെ വിശാലമായ കൂട്ടായ്മ മാത്രമാണ് കോണ്‍ഗ്രസ്. കോണ്‍ഗ്രസിന്റെ ഭാഗമായി വര്‍ഷങ്ങളായി നിന്നിരുന്ന സുധാകരന് സീറ്റ് കൊടുക്കാന്‍ പറ്റുന്നില്ല. പുള്ളി മത്സരിക്കുമെന്നാണ് പറയുന്നത്. അതാണ് കോണ്‍ഗ്രസിന്റെ അവസ്ഥ. ആര് പറഞ്ഞാലും കേള്‍ക്കില്ലെന്നാണ് അദ്ദേഹം പറയുന്നത്. ഇതാണ് കോണ്‍ഗ്രസ്. അങ്ങനെയുള്ള പല ധാരകളുടെ ഏറ്റുമുട്ടലില്‍ ഒരുപക്ഷേ, എനിക്ക് വേണ്ടി നിലകൊണ്ടവര്‍ക്ക് പരാജയപ്പെടേണ്ടി വന്നിരിക്കാം. എന്നാണ് ഞാന്‍ മനസിലാക്കുന്നത്.
കോണ്‍ഗ്രസുമായി ചേര്‍ന്ന് പോകാന്‍ തീരുമാനിച്ചത് തെറ്റായി പോയി എന്ന് തോന്നുന്നുണ്ടോ?
അങ്ങനെ എനിക്ക് തോന്നുന്നില്ല. അവര്‍ ഒരു ഓഫര്‍ മുന്നില്‍വെച്ചപ്പോള്‍ അത് സ്വീകരിച്ചത് തെറ്റായിപ്പോയി എന്ന് എനിക്ക് തോന്നുന്നില്ല. തോന്നേണ്ട കാര്യമില്ല. എന്തുകൊണ്ടെന്നാല്‍, കഴിഞ്ഞ 56 വര്‍ഷമായി മുന്നണി ഭരണം കേരളത്തില്‍ തുടങ്ങിയിട്ട്. ഒരിക്കല്‍ പോലും ഈ പാര്‍ട്ടിയുടെ ആള്‍ക്കാരല്ലാത്ത, പുറത്തുള്ള ഒരാള്‍ പോലും ഞങ്ങളെ ആരെയും പരിഗണിച്ചിട്ടില്ല. അതുകൊണ്ട് ആ പരിഗണന രാഷ്ട്രീയമാണെന്നാണ് ഞാന്‍ മനസിലാക്കുന്നത്. ആ രാഷ്ട്രീയത്തിന്റെ ഭാഗമായതില്‍ എന്തെങ്കിലും തെറ്റുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല.
കോണ്‍ഗ്രസിനോട് ഇപ്പോള്‍ വിരോധമില്ലെന്നാണോ?
ദളിത് വിഭാഗത്തിന്റെ വോട്ട് വേണ്ടേ അവര്‍ക്ക്?ഈ വിഭാഗത്തെ രാഷ്ട്രീയമായി പരിഗണിക്കണ്ടേ അവര്‍ക്ക്. അതോ അവര്‍ ദളിത് കോണ്‍ഗ്രസിനെ വെച്ച് പരിഹരിക്കുമോ? സി കെ ജാനുവിന് സീറ്റ് കൊടുക്കണ്ടേ? പകരം ഇവര്‍ ആര്‍ക്കാണ് കൊടുക്കുന്നത്. കോണ്‍ഗ്രസുകാരായ ആദിവാസികള്‍ക്ക് കൊടുത്താല്‍ മതിയോ. ഇത്തരം സങ്കീര്‍ണായ ചോദ്യങ്ങള്‍ക്ക് രാഷ്ട്രീയമായി മറുപടി പറയേണ്ടത് കോണ്‍ഗ്രസാണ്. സി കെ ജാനുവോ ഞാനോ അല്ല. അവര്‍ക്ക് ഇതൊക്കെ ഒരു പ്രധാനപ്പെട്ട കാര്യമാകണമെന്നില്ല.
ജാതി രാഷ്ട്രീയം ആണല്ലോ ഇത്തവണത്തെ സ്ഥാനാര്‍ഥിത്വത്തിലും നിഴലിച്ചത്?
കേരളത്തിലെ തെരഞ്ഞെപ്പുകളില്‍ മുഖ്യമായ പങ്ക് ജാതിരാഷ്ട്രീയത്തിനുണ്ടല്ലോ. മുഖ്യമായും മുന്നണികള്‍ സ്ഥാനാര്‍ഥികളെ പരിഗണിക്കുമ്പോള്‍ ആദ്യം പരിഗണിക്കുന്ന ഘടകം ജാതിയാണ്. രണ്ടാമത് മതമാണ്. മൂന്നാമത് വര്‍ഗമാണ്. തെരഞ്ഞെടുപ്പില്‍ നില്‍ക്കുന്ന സ്ഥാനാര്‍ഥികളില്‍ ബഹുഭൂരിപക്ഷവും സാമ്പത്തികമായി സുരക്ഷിതരാണ്. അതൊക്കെ ഇവിടെ പരിഗണിക്കുന്നുണ്ട്. ജാതി പരിഗണിക്കുമ്പോള്‍ എണ്ണം മാത്രമല്ല പരിഗണിക്കുന്നത്. അതൊരു തെറ്റിദ്ധാരണയാണ്. കേരളത്തിലെ ഒറ്റ മണ്ഡലത്തില്‍പ്പോലും നായര്‍ വിഭാഗത്തിന് ഭൂരിപക്ഷമില്ല. ഒരു മണ്ഡലം പോലും അത്തരത്തില്‍ ചൂണ്ടിക്കാണിക്കാനില്ല. അങ്ങനെയുണ്ടെന്ന് തെളിയിക്കട്ടെ ആരെങ്കിലും. പിന്നെ ഇവര്‍ക്ക് ഇത്രയും സീറ്റ് എവിടുന്നാണ് കിട്ടുന്നത്. ഇതൊക്കെ വെറുതെ പറയുന്നതാ. ഇതെല്ലാം പവര്‍ പൊളിറ്റിക്‌സിന്റെ ഭാഗമാണ്. അവര്‍ സമൂഹത്തിലെ പ്രബലരാണ്. പൈസയുള്ളവരാണ്. സാമൂഹിക അംഗീകാരമുള്ളവരാണ്. അവരെ കൂടെ നിര്‍ത്തിയാല്‍ ബാക്കി ദുര്‍ബല വിഭാഗങ്ങളെ കൂടി കൂടെ നിര്‍ത്താന്‍ പറ്റും. അതാണ് അതിന്റെ പൊളിറ്റിക്‌സ്.
ഭാവി തീരുമാനം?
ഇനിയിപ്പോള്‍ രാഷ്ട്രീയ തീരുമാനമാണല്ലോ. അങ്ങനെ പോകേണ്ടി വരും കേരളത്തിലെ മാര്‍ജിനല്‍ വിഭാഗത്തിന് പോകേണ്ടിവരും. കേരളത്തിന്റെ സവിശേഷ സാഹചര്യവുമായി ബന്ധപ്പെടുത്തി ഒരു മുന്നേറ്റം നടത്തേണ്ടി വരും.
കോണ്‍ഗ്രസുമായി ചേര്‍ന്ന് പോകില്ലെന്നാണോ ഇനി ?
അങ്ങനെ തീരുമാനിച്ചില്ല. കേരളത്തില്‍ സംഘപരിവാര്‍ ഒഴികെ ഏത് ശക്തിയുമായും ചേര്‍ന്ന് പോകുന്നതിന് കുഴപ്പമില്ല. കോണ്‍ഗ്രസില്‍ ചേര്‍ന്നിട്ടില്ല. സ്ഥാനാര്‍ഥിത്വത്തിന്റെ വിഷയം ഉയര്‍ന്നു വന്നപ്പോള്‍ തന്നെ ഞാന്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായിട്ടേ മത്സരിക്കൂ എന്ന് വ്യക്തമാക്കിയിരുന്നു. യുഡിഎഫിന്റെ പിന്തുണ തേടുമെന്നാണ് പറഞ്ഞിരുന്നു. ഇമാജിനറിയായിട്ടൊരു കാര്യം പറയാം, കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കാന്‍ പറഞ്ഞാല്‍ പറ്റില്ല എന്നേ ഞാന്‍ മറുപടി പറയൂ. അത്രയും വ്യക്തമായ ധാരണയിലാണ് ഇടപെട്ടത്. കോണ്‍ഗ്രസില്‍ ചേരാനായി ഉദ്ദേശിക്കുന്നുമില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates