കാസര്‍കോട്: ടിക്കറ്റ് റദ്ദാക്കിയപ്പോള്‍ തിരിച്ചുകിട്ടിയ തുകയില്‍ ഒരു രൂപ കുറഞ്ഞതിനെ തുടര്‍ന്ന് ഒരു രൂപയ്ക്കായി ഉപഭോക്തൃ കമ്മിഷനെ സമീപിച്ച യാത്രക്കാരന് ഒടുവില്‍ നീതി. ഒരു രൂപയ്ക്കും ടിക്കറ്റ് റദ്ദാക്കിയ ദിവസംമുതല്‍ ഒന്‍പതുശതമാനം പലിശയ്ക്കും പുറമേ 100 രൂപ നഷ്ടപരിഹാരവും നിയമനടപടികളുടെ ചെലവായി 3000 രൂപയും നല്‍കാന്‍ ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷനോട് (ഐ.ആര്‍.സി.ടി.സി.) കാസര്‍കോട് ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മിഷന്‍ ഉത്തരവിട്ടു.
2024 ഓഗസ്റ്റ് 11-നാണ് മുളിയാര്‍ കാനത്തൂരിലെ യുവ അഭിഭാഷകനായ സഞ്ജയ് രാജ് 553 രൂപ നല്‍കി എസി ത്രീ ടയര്‍ ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്തത്. ഓഗസ്റ്റ് 20-ന് യാത്ര ചെയ്യാനായിരുന്നു തീരുമാനം. യാത്രയ്ക്ക് 48 മണിക്കൂറിലധികം ശേഷിക്കെ ഓഗസ്റ്റ് 17-ന് ടിക്കറ്റ് റദ്ദാക്കി. റദ്ദാക്കല്‍ ചാര്‍ജായി 180 രൂപയും അതിന്റെ അഞ്ചുശതമാനം ജിഎസ്ടിയായ ഒന്‍പതു രൂപയും കുറച്ചശേഷം യാത്രക്കാരന് തിരികെ ലഭിക്കേണ്ടിയിരുന്നത് 341 രൂപയായിരുന്നു. എന്നാല്‍ ഐആര്‍സിടിസി സഞ്ജയ് രാജിന്റെ അക്കൗണ്ടിലേക്ക് കൈമാറിയത് 340 രൂപ മാത്രം.
റീഫണ്ടില്‍ ഒരു രൂപയുടെ കുറവുണ്ടായി. തനിക്ക് ലഭിക്കേണ്ട തുക പൂര്‍ണമായി നല്‍കാത്തതിനെ ചോദ്യംചെയ്താണ് യാത്രക്കാരന്‍ ഉപഭോക്തൃ കമ്മിഷനെ സമീപിച്ചത്. പരാതി ഭാഗികമായി അംഗീകരിച്ച കമ്മിഷന്‍, കുറച്ച ഒരു രൂപ ഒന്‍പതുശതമാനം പലിശ സഹിതം തിരികെ നല്‍കാനും സേവനത്തിലെ വീഴ്ചയ്ക്കും അന്യായമായ വ്യാപാരരീതിക്കും 100 രൂപ നഷ്ടപരിഹാരം നല്‍കാനും നിര്‍ദേശിച്ചു. പരാതിക്കാരന് നിയമനടപടികള്‍ക്കായി ചെലവായ 3,000 രൂപയും നല്‍കണം. കമ്മിഷന്‍ പ്രസിഡന്റ് കെ. കൃഷ്ണന്‍, അംഗം കെ.ജി. ബീന എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates