കൊച്ചി: പൊതു ഇടങ്ങളിലോ അന്യപുരുഷന്മാരുടെ ഇടയിലോ സ്ത്രീകള്‍ വരാന്‍ പാടില്ലെന്ന കാന്തപുരം എപി അബൂബക്കര്‍ മുസലിയാരുടെ പ്രസ്താവനയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് ഡോ. ജിന്റോ ജോണ്‍. പൊതുയിടങ്ങളിലോ സ്ത്രീകളെ കൊണ്ടുവരാതെ അവരെ അത്ഭുത വിളക്കിലെ ഭൂതത്തെ പോലെ ഒളിച്ചു വയ്ക്കണമെന്നാണോ പറയുന്നതെന്ന് ജിന്റോ ജോണ്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ ചോദിച്ചു.
സൗകര്യമുള്ളപ്പോള്‍ പുറത്തെടുക്കാവുന്ന കുപ്പിയില്‍ നിന്ന് വരുന്ന ഭൂതങ്ങളല്ല സ്ത്രീകളെന്ന് നിങ്ങളെന്നാണ് ഇനി മനസ്സിലാക്കുക? ഇതൊരുമാതിരി മനുസ്മൃതിയുടെ കാന്തപുരം വേര്‍ഷനായിപ്പോയി. സത്യത്തില്‍ പൊതുയിടങ്ങളില്‍ സ്ത്രീകളെ കാണുമ്പോള്‍ കുഴപ്പമുണ്ടെന്ന് തോന്നുന്ന പുരുഷന്മാരെയല്ലേ ഒളിച്ചുവച്ച് ചികിത്സിക്കേണ്ടത്?. വൈകൃത മനോരോഗികളെ ഭയന്ന് സ്ത്രീകള്‍ ഇനി എത്രകാലം കൂടി അകത്തളങ്ങളിലും അറകളിലും ഒളിപ്പിക്കപ്പെടണം?
പൊതുയിടങ്ങളില്‍ പോലും സ്ത്രീകളെ കണ്ടാല്‍ അസ്‌കിത തോന്നുന്നവരെ സ്വകാര്യ സാഹചര്യങ്ങളിലും വീട്ടകങ്ങളിലും എത്രയധികം ഭയപ്പെടണം നമ്മുടെ സ്ത്രീകള്‍! വെച്ചുവിളമ്പാനും സന്താനനിര്‍മ്മിതിക്കും മാത്രമുള്ളവരോ സ്റ്റോക്ക്‌ഹോം സിന്‍ഡ്രോം ബാധിച്ച അടിമകളോ ആജ്ഞാനുസരണം പണിയെടുക്കുന്ന റോബോട്ടുകളോ അല്ല ഓരോ സ്ത്രീയുമെന്ന് ഏത് ദൈവമാണ് ഇനി ഭൂമിയില്‍ വന്ന് നിങ്ങളെ പഠിപ്പിക്കേണ്ടത് 'ജ്ഞാന പണ്ഡിതരേ'?. ജിന്റോ ജോണ്‍ കുറിപ്പില്‍ ചോദിക്കുന്നു.
ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
അന്യപുരുഷന്മാരുടെ സമീപത്തോ പൊതുയിടങ്ങളിലോ സ്ത്രീകളെ കൊണ്ടുവരാതെ അവരെ അത്ഭുത വിളക്കിലെ ഭൂതത്തെ പോലെ ഒളിച്ചു വയ്ക്കണമെന്നാണോ? സൗകര്യമുള്ളപ്പോള്‍ പുറത്തെടുക്കാവുന്ന കുപ്പിയില്‍ നിന്ന് വരുന്ന ഭൂതങ്ങളല്ല സ്ത്രീകളെന്ന് നിങ്ങളെന്നാണ് ഇനി മനസ്സിലാക്കുക? ഇതൊരുമാതിരി മനുസ്മൃതിയുടെ കാന്തപുരം വേര്‍ഷനായിപ്പോയി. ഗംഭീര (അ)നീതി വിചാരം!
ജീവിക്കുന്ന നാടിന്റെ, സാഹചര്യത്തിന്റെ, രാഷ്ട്രീയത്തിന്റെ, കാലത്തിന്റെ മാറ്റം മനസ്സിലാക്കാതെ എന്തുതരം വര്‍ത്തമാനമാണ് ഉസ്താദേ നിങ്ങളീ പൊതുയിടത്തില്‍ വിളമ്പികൊണ്ടിരിക്കുന്നത്? സത്യത്തില്‍ പൊതുയിടങ്ങളില്‍ സ്ത്രീകളെ കാണുമ്പോള്‍ കുഴപ്പമുണ്ടെന്ന് തോന്നുന്ന പുരുഷന്മാരെയല്ലേ ഒളിച്ചുവച്ച് ചികിത്സിക്കേണ്ടത്? വൈകൃത മനോരോഗികളെ ഭയന്ന് സ്ത്രീകള്‍ ഇനി എത്രകാലം കൂടി അകത്തളങ്ങളിലും അറകളിലും ഒളിപ്പിക്കപ്പെടണം? പൊതുയിടങ്ങളില്‍ പോലും സ്ത്രീകളെ കണ്ടാല്‍ അസ്‌കിത തോന്നുന്നവരെ സ്വകാര്യ സാഹചര്യങ്ങളിലും വീട്ടകങ്ങളിലും എത്രയധികം ഭയപ്പെടണം നമ്മുടെ സ്ത്രീകള്‍!
നിങ്ങളുടെയൊക്കെ വണ്ടി നൂറ്റാണ്ട് പിന്നില്‍ പഞ്ചറായി കിടക്കുകയാണെന്ന് കൃത്യമായി മനസ്സിലാക്കുന്ന ജെന്‍- സി പിള്ളേര്‍ തെരുവിലിറങ്ങി നരേന്ദ്രമോദിയെ വെല്ലുവിളിച്ച് മുട്ടുകുത്തിക്കുന്ന വാര്‍ത്തകള്‍ കൂടി കാണണം ഇടക്കൊക്കെ. അതുകൊണ്ട് ഈമാതിരി കാലഹരണപ്പെട്ട വര്‍ത്തമാനം പറഞ്ഞുകൊണ്ട് വരാതെ കുറേക്കൂടി സ്വസ്ഥമായി ദൈവനാമം ചൊല്ലിയിരിക്കുന്നതാണ് നല്ലതെന്ന് തോന്നുന്നു. കുറച്ച് വെട്ടം വീണാലോ ചിന്തകളിലും വാര്‍ത്തമാനങ്ങളിലും.
കുടുംബത്തിലും കൂട്ടത്തിലുമുള്ള സ്ത്രീകളോട് പോലും തുല്യ പരിഗണനയുടെ നീതിബോധമില്ലാതെ വര്‍ത്തമാനം പറയുന്നവര്‍ക്ക് എങ്ങനെയാണ് ഈ രാജ്യത്ത് ഫാസിസ്റ്റ് ഭരണകൂടത്താല്‍ നിഷേധിക്കപ്പെടുന്ന നീതിക്ക് വേണ്ടി സംസാരിക്കാന്‍ സാധിക്കുക? ന്യൂനപക്ഷ അവകാശ സംരക്ഷണവും കാസ്റ്റ് പൊളിറ്റിക്സും സോഷ്യല്‍ ഇന്‍ക്ലൂഷനും ഹരിത രാഷ്ട്രീയവും
പോലെ തന്നെ അതിനോടൊപ്പം അഡ്ഡ്രസ് ചെയ്യപ്പെടേണ്ടതാണ് ജെന്‍ഡര്‍ ഇക്വാളിറ്റിയുടെ രാഷ്ട്രീയവും.
അത് മനസ്സിലാകാത്തവര്‍ എന്ത് വര്‍ത്തമാനം പറഞ്ഞാലും അതൊട്ടും കാലികമാകില്ല. പകരം, കാലഹരണപ്പെട്ട വൃത്തികേടായി മാത്രം കണ്ടു തള്ളിക്കളയുകയുള്ളൂ പുതുകാല ജനത.
പൊതുയിടങ്ങളില്‍ കൊണ്ടുവരാതെ ചങ്ങലക്കിട്ട് അടുക്കളപ്പുറത്തെ തൂണിലും കോലായിലും പൂട്ടിയിടേണ്ടവരല്ല സ്ത്രീകള്‍. വെയ്ക്കാനും വിളമ്പാനും അലക്കിയിടുപ്പിക്കാനും സന്താനനിര്‍മ്മിതിക്കും മാത്രമുള്ളവരോ സ്റ്റോക്ക്‌ഹോം സിന്‍ഡ്രോം ബാധിച്ച അടിമകളോ ആജ്ഞാനുസരണം പണിയെടുക്കുന്ന റോബോട്ടുകളോ അല്ല അമ്മയും പെങ്ങളും പങ്കാളിയും മകളുമടങ്ങുന്ന ഓരോ സ്ത്രീയുമെന്ന് ഏത് ദൈവമാണ് ഇനി ഭൂമിയില്‍ വന്ന് നിങ്ങളെ പഠിപ്പിക്കേണ്ടത് 'ജ്ഞാന പണ്ഡിതരേ'? ഇന്ത്യന്‍ ഭരണഘടന പ്രകാരം നിങ്ങളെപ്പോലെ തന്നെ തുല്യാവകാശവും തുല്യാധികാരവുമുള്ള മനുഷ്യരും പൗരരുമാണ് അവരെന്ന് ഇനി ഏത് വെളിപാടാണ് നിങ്ങള്‍ക്കിനിയും കിട്ടേണ്ടത് 'ശ്രേഷ്ഠരേ'? മുറ്റത്തിനറ്റത്തെ മതിലുകള്‍ കടന്നാല്‍ വിശാലമായ ലോകമുണ്ടെന്ന് തിരിച്ചറിയുന്ന നെറിവിന്റെ കൂടെയേ പുതിയ കാലത്ത് മനുഷ്യരുണ്ടാകൂ എന്ന് മനസ്സിലാക്കുന്നതിന്റെ പേര് കൂടിയാണ് വകതിരിവ്
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates