തിരുവനന്തപുരം: സമാധാനപരമായ പ്രതിഷേധങ്ങൾ അരാജകത്വത്തിന്റെ പ്രഖ്യാപനമല്ലെന്നും മറിച്ച് അവ ഭരണഘടന ഉറപ്പുനൽകുന്ന അവകാശമാണെന്നും മുൻ കേരള ഹൈക്കോടതി ജഡ്ജിയും സുപ്രീം കോടതി സീനിയർ അഭിഭാഷകനുമായ ജസ്റ്റിസ് കെ ബാബു . തിരുവനന്തപുരം മാർ ഗ്രിഗോറിയോസ് കോളജ് ഓഫ് ലോ സംഘടിപ്പിച്ച ഡിജിറ്റൽ ഭീഷണികളും ലിംഗനീതിയും എന്ന വിഷയത്തിലുള്ള അന്താരാഷ്ട്ര സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യം അർത്ഥവത്താകാൻ വിദ്യാർഥികൾക്ക് സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശം അനിവാര്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു.
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ധർണ്ണ, നിരാഹാരം, സത്യാഗ്രഹം തുടങ്ങിയ രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് സ്ഥാനമില്ലെന്ന കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൻറെ സമീപകാല ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പരാമർശം. എന്നാൽ സമാധാനപരമായ പ്രതിഷേധങ്ങൾ നടത്താനുള്ള ഭരണഘടനാപരമായ തത്വം ഗൗരവമായി പരിശോധിക്കപ്പെടേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു. ഭരണഘടനാപരമായ വഴികൾ ലഭ്യമായിരിക്കെ ഇതിനു വിരുദ്ധമായ സമരരീതികളെയാണ് ഡോ ബിആർ അംബേദ്കർ അരാജകത്വമെന്ന് വിശേഷിപ്പിച്ചത്. സമാധാനപരമായ ഒത്തുകൂടലും പ്രകടനങ്ങളും ഭരണഘടനാപരമായ രീതികൾ തന്നെയാണെന്നും അവയെ അരാജകത്വമായി കാണാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ആർട്ടിക്കിൾ 19(1)(എ) പ്രകാരം അഭിപ്രായ സ്വാതന്ത്ര്യവും ആർട്ടിക്കിൾ 19(1)(ബി) പ്രകാരം ആയുധങ്ങളില്ലാതെ സമാധാനപരമായി ഒത്തുകൂടാനുള്ള അവകാശവും ഭരണഘടന ഉറപ്പുനൽകുന്നുണ്ടെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. പൊതുസമാധാനവും മറ്റുള്ളവരുടെ അവകാശങ്ങളും സംരക്ഷിക്കുന്നതിനായി പ്രതിഷേധത്തിന്റെ രീതികൾ നിയന്ത്രിക്കാമെങ്കിലും, പ്രതിഷേധിക്കാനുള്ള അവകാശം തന്നെ എടുത്തുകളയാനാകില്ല. സർവ്വകലാശാലകൾ വിവരങ്ങൾ കൈമാറുന്നതിനുള്ള ഇടങ്ങൾ മാത്രമല്ലെന്നും, മറിച്ച് പൗരന്മാരെ വാർത്തെടുക്കുന്ന ഇടങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വ്യത്യസ്തമായി ചിന്തിക്കുന്നവരുടെയും വിയോജിക്കുന്നവരുടെയും സ്വാതന്ത്ര്യമാണ് യഥാർത്ഥ സ്വാതന്ത്ര്യമെന്നും ജനാധിപത്യ സംവിധാനത്തെ സംബന്ധിച്ചിടത്തോളം വിയോജിപ്പുകളെ രോഗമായി കണക്കാക്കാനാകില്ലെന്നും, മറിച്ച് അവ ശക്തിയുള്ള പ്രതിരോധ സംവിധാനമാണെന്നും ജസ്റ്റിസ് കെ ബാബു അഭിപ്രായപ്പെട്ടു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates