തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് സര്‍ക്കാര്‍ വളം വച്ചുകൊടുക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവും എംപിയുമായ കെ മുരളീധരന്‍. ഒരു ഗവര്‍ണര്‍ എത്രമാത്രം തരം താഴാമെന്നതിന്റെ ഉദാഹരണമാണ് ആരിഫ് മുഹമ്മദ് ഖാനെന്നും മുരളീധരന്‍ പറഞ്ഞു. രാജ്ഭവനില്‍ രാഷ്ട്രീയനിയമനം നടത്തുന്നത് ഇതാദ്യമായാണ്. നിയമിച്ച ഹരി എസ് കര്‍ത്ത രാഷ്ട്രീയം നിര്‍ത്തിയെന്നാണ് ഇപ്പോള്‍ ഇവര്‍ പറയുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കുമ്മനം രാജശേഖരന്റെ പ്രചാരണത്തിന്റെ ചുമതല അദ്ദേഹത്തിനായിരുന്നു. നിയമനത്തില്‍ സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് വഴങ്ങി കൊടുക്കരുതായിരുന്നു മുരളധീരന്‍ പറഞ്ഞു
ഗവര്‍ണരുടെ നടപടിക്ക് വഴങ്ങി കൊടുക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനാണോ മോദിയുടെ ജനാധിപത്യവിരുദ്ധ നടപടിക്കെതിരെ പോരാടുമെന്ന് പറയുന്നത്. കേന്ദ്രം പൗരത്വനിയമഭേദഗതി നടപ്പാക്കുമ്പോള്‍ അത് തടയും കേരളത്തിലെ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുമെന്നാണ് പിണറായി പറഞ്ഞത്. സ്വന്തം ഉത്തരവ് നടപ്പാക്കിയ ഒരു ഉദ്യോഗസ്ഥനെ ഗവര്‍ണറില്‍ നിന്ന് രക്ഷിക്കാന്‍ കഴിയാത്ത ഒരു മുഖ്യമന്ത്രിക്ക് എങ്ങനെ അമിത് ഷായുടെയും മോദിയുടെയും കൈയില്‍ നിന്ന് കേരളത്തിലെ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാന്‍ കഴിയുമെന്ന് മുരളീധരന്‍ ചോദിച്ചു. പൂച്ചയെ കണ്ട് പേടിച്ചാല്‍ പുലിയെ കണ്ടാലുള്ള അവസ്ഥയെന്താണ്?. ആരിഫ് മുഹമ്മദ് ഖാനെ കാണുമ്പോള്‍ പോലും പേടി, അപ്പം മോദിയെയും അമിത് ഷായെയും കണ്ടാലുള്ള അവസ്ഥയെന്താണെന്നും മുരളീധരന്‍ ചോദിച്ചു.
കിഴക്കമ്പലത്തെ ട്വന്റി 20 പ്രവര്‍ത്തകന്‍ ദീപുവിന്റെ കൊലപാതകം സിബിഐ അന്വേഷിക്കണമെന്നും മുരളീധരന്‍ പറഞ്ഞു. എല്‍ഡിഎഫിനെ കുന്നത്തുനാട് മണ്ഡലത്തില്‍ ജയിപ്പിച്ചതിന് പലിശയടക്കം സിപിഎം തിരിച്ചുനല്‍കിയെന്നും മുരളീധരന്‍ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates