കെ സുധാകരൻ വാർത്താസമ്മേളനത്തിൽ  ടിവി ദൃശ്യം
Kerala

'വെള്ളാപ്പള്ളി നടേശനെ നല്ല നടപ്പു നടത്താന്‍ നമുക്കൊന്നും കഴിയില്ലല്ലോ?; അദ്ദേഹം അതു പറയാന്‍ പാടില്ലായിരുന്നു'

'ജനങ്ങളെ സേവിച്ചും പാര്‍ട്ടിയെ സേവിച്ചും വളര്‍ന്നുവന്നയാളാണ് വി ഡി സതീശന്‍'

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍ : വി ഡി സതീശന്‍ അധികാരമോഹിയാണെന്ന വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയെ എതിര്‍ത്ത് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. വെള്ളാപ്പള്ളി അതു പറയാന്‍ പാടില്ലായിരുന്നു എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. വെള്ളാപ്പള്ളി നടേശനെ നല്ല നടപ്പു നടത്താന്‍ നമുക്കൊന്നും കഴിയില്ലല്ലോ. അതിനു പറ്റുമോയെന്ന് കെ സുധാകരന്‍ വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു.

പാര്‍ട്ടിക്കുള്ളില്‍ മുഖ്യമന്ത്രി സ്ഥാനത്തില്‍ ചര്‍ച്ചയൊന്നും തുടങ്ങിയിട്ടില്ല. അത്തരത്തില്‍ ചര്‍ച്ച തുടങ്ങിയെങ്കില്‍ മാധ്യമങ്ങള്‍ അറിയില്ലേയെന്നും കെ സുധാകരന്‍ ചോദിച്ചു. സാമുദായിക നേതാക്കള്‍ കേരളത്തിലെ പൗരന്മാരാണ്. അവര്‍ അവരുടേതായ കാഴ്ചപ്പാടില്‍ അഭിപ്രായം പറഞ്ഞു. അതിന് പൗരന്മാരെന്ന നിലയില്‍ അവര്‍ക്ക് സ്വാതന്ത്ര്യമുണ്ട്.

അവരും ഒരുപാട് സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവരാണ്. ഒരുപാട് ജനസമ്മതിയുള്ള ആള്‍ക്കാരാണ്. അവര്‍ക്കും അഭിപ്രായം പറയാനുള്ള അവകാശമുണ്ട്. വി ഡി സതീശന്‍ തറ നേതാവാണെന്നൊന്നും ആരും പറഞ്ഞിട്ടില്ല. അങ്ങനെ ആരും പറയാന്‍ നമ്മള്‍ സമ്മതിക്കുകയുമില്ല. വി ഡി സതീശന് രാഷ്ട്രീയ അംഗീകാരം കേരളത്തിലുണ്ട്.

വി ഡി സതീശന്‍ പ്രതിപക്ഷ നേതാവ് ആയത് വെറുതെ ആയതല്ല. അദ്ദേഹം ജനങ്ങളെ സേവിച്ചും പാര്‍ട്ടിയെ സേവിച്ചും വളര്‍ന്നുവന്നയാളാണ്. അല്ലാതെ ഇന്നലെ കടന്നുവന്ന ആളൊന്നുമല്ല വി ഡി സതീശന്‍. കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി ആരാകണം എന്നതിനെപ്പറ്റി ചര്‍ച്ച പോലും തുടങ്ങിയിട്ടില്ല. തുടങ്ങുന്നതിനു മുമ്പേ തര്‍ക്കം വരുമോ?. ഈ വിഷയത്തില്‍ ഒരു തര്‍ക്കവും വരില്ലെന്നും കെ സുധാകരന്‍ പറഞ്ഞു.

ഇതിനു മുമ്പും കേരളത്തില്‍ കോണ്‍ഗ്രസ് ഭരിച്ചിട്ടുണ്ട്. ഇതാദ്യമായിട്ടൊന്നുമല്ലല്ലോ ഭരിക്കാന്‍ പോകുന്നത്. വളരെ തഴക്കവും പഴക്കവുമുള്ള രാഷ്ട്രീയപാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ഇതൊന്നും പാര്‍ട്ടിക്ക് പുതുമയല്ല. ഞങ്ങള്‍ അധികാരവടംവലിയുള്ള പാര്‍ട്ടിയൊന്നുമല്ല. അധികാരത്തിനുവേണ്ടി എല്ലാം കളഞ്ഞുകുളിക്കുന്നവരല്ല. പക്വതയും രാഷ്ട്രീയ വിവേകവുമുണ്ട്. ആലോചിച്ച് ചര്‍ച്ച നടത്തി തീരുമാനമെടുക്കുമെന്നും കെ സുധാകരന്‍ പറഞ്ഞു.

മുഖ്യമന്ത്രിയാവാന്‍ കോണ്‍ഗ്രസ്സില്‍ എന്തുകൊണ്ടും യോഗ്യന്‍ രമേശ് ചെന്നിത്തലയാണെന്ന വെള്ളാപ്പള്ളിയുടെ പ്രസ്താവനയിലും സുധാകരൻ പ്രതികരിച്ചു. രമേശ് ചെന്നിത്തല ഇന്നലെ വന്ന നേതാവല്ല, വിദ്യാര്‍ഥി യൂണിയന്‍ കാലം മുതല്‍ക്കേ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ആളാണ്. മുഖ്യമന്ത്രിയാകാൻ ചെന്നിത്തലയ്ക്ക് എന്താണ് അയോ​ഗ്യത?. രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രിയാക്കണം എന്ന് കോണ്‍ഗ്രസ്സിലെ ഉത്തരവാദിത്തപ്പെട്ട ആരെങ്കിലും പറഞ്ഞോ?. പല പേരുകളും ഉയര്‍ന്നുവരുന്നത് സ്വാഭാവികമാണെന്നും കെ സുധാകരൻ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുതു ചരിത്രമെഴുതി ഇന്ത്യ! വനിതാ ലോകകപ്പ് കിരീടം സ്വന്തം; ഹര്‍മന്‍പ്രീതും പോരാളികളും ലോകത്തിന്റെ നെറുകയില്‍

മഞ്ഞുരുകുന്നു; സമസ്ത - ലീഗ് ഐക്യത്തിന് ആഹ്വാനവുമായി സാദിഖലി തങ്ങളും ജിഫ്രി മുത്തുക്കോയ തങ്ങളും

മമ്മൂട്ടിയോ ആസിഫ് അലിയോ?; സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും

'വെള്ളാപ്പള്ളി ശ്രീനാരായണ ഗുരുവിനെ പഠിക്കണം, എന്നാല്‍ നന്നാകും'

രണ്ടു ദിവസത്തെ സന്ദര്‍ശനം; ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണന്‍ ഇന്നു കേരളത്തിലെത്തും

SCROLL FOR NEXT