തിരുവനന്തപുരം: കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി ആരെന്ന ചര്‍ച്ചകള്‍ക്കിടെ മുതിര്‍ന്ന നേതാക്കളായ കെ സുധാകരനും കെ മുരളീധരനും തമ്മില്‍ കൂടിക്കാഴ്ച. പുതിയ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനുള്ള ചര്‍ച്ചകള്‍ ഒരു വശത്ത് പുരോഗമിക്കവെയാണ് മുരളീധരന്റെ ഓഫീസില്‍ സുധാകരന്‍ എത്തിയത്.
നേരത്തെ കെസി വേണുഗോപാലിനെ പിന്തുണച്ചുള്ള സുധാകരന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വലിയ ചര്‍ച്ചയായിരുന്നു. ഈ പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷമുള്ള മുതിര്‍ന്ന നേതാക്കളുടെ കൂടിക്കാഴ്ച. മുരളീധരനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ തന്റെ പഴയ നിലപാടില്‍ മാറ്റമുണ്ടെന്നാണ് സുധാകരന്‍ വ്യക്തമാക്കിയത്. പഴയ നിലപാടില്‍ തന്നെ ഉറച്ചുനില്‍ക്കാന്‍ താന്‍ 'പൂഴിയല്ല' എന്ന കടുത്ത പ്രയോഗമാണ് അദ്ദേഹം നടത്തിയത്.
കെ മുരളീധരന്റെ നിലപാടും ഈ ചര്‍ച്ചകളില്‍ അതീവ പ്രാധാന്യമര്‍ഹിക്കുന്നു. മുഖ്യമന്ത്രിയെ പാര്‍ട്ടിയും നേതൃത്വവും തീരുമാനിക്കട്ടെ എന്നാണ് മുരളീധരനും പ്രതികരിച്ചത്. ഓരോ എംഎല്‍എമാരെയും നേരിട്ട് കണ്ട് പരമാവധി പിന്തുണ ഉറപ്പാക്കാനാണ് ഇപ്പോള്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന നേതാക്കള്‍ ശ്രമിക്കുന്നത്. ഇന്ന് നടക്കുന്ന യോഗം കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം അതിനിര്‍ണ്ണായകമാണ്. വിവിധ പക്ഷങ്ങളിലായി നില്‍ക്കുന്ന നേതാക്കള്‍ എംഎല്‍എമാരുടെ പിന്തുണ നേടിയെടുക്കാന്‍ തിരക്കിട്ട നീക്കങ്ങള്‍ നടത്തുന്നുണ്ട്. ഹൈക്കമാന്‍ഡ് പ്രതിനിധികള്‍ ഓരോ എംഎല്‍എമാരുമായും നടത്തുന്ന ചര്‍ച്ചകളുടെ ഫലം കൂടി പുറത്തുവരേണ്ടതുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates