കോഴിക്കോട്: ബിജെപിക്ക് എതിരെ സിപിഎമ്മും ഒരുവിഭാഗം മാധ്യമങ്ങളും കള്ളപ്രചരണങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. കൊടകരയില്‍ നടന്ന ഒരു പണം കവര്‍ച്ചാ കേസുമായി ബന്ധപ്പെട്ടാണ് ഇത്തരത്തിലുള്ള അര്‍ധസത്യങ്ങളും അസത്യങ്ങളും ആസൂത്രിതതമായിട്ടുള്ള കള്ളപ്രചാരണം നടത്തുന്നത്. പണം ബിജെപിയുടെതാണ്, തെരഞ്ഞെടുപ്പ് ആവശ്യത്തിനായി കൊണ്ടുവന്നതാണ് ബിജെപി നേതാക്കളെ മുഴുവന്‍ ചോദ്യം ചെയ്യുന്നു എന്നരീതിയില്‍ ഒരുവിഭാഗം മാധ്യമങ്ങള്‍ പുകമറ സൃഷ്ടിക്കുകയാണെന്ന് സുരേന്ദ്രന്‍ പറഞ്ഞു. കൊടകരയിലെ കുഴല്‍പ്പണവുമായി ബന്ധപ്പെട്ട് അന്ന് തന്നെ പറഞ്ഞിരുന്നു ഞങ്ങള്‍ക്ക് ഒരുതരത്തലിമുള്ള ബന്ധമില്ലെന്ന്. അതുകൊണ്ടാണ് പൊലീസില്‍ കേസ് കൊടുത്തതെന്നും സുരേന്ദ്രന്‍ പറഞ്ഞു.
തെരഞ്ഞടുപ്പ് കാലത്ത് 38 കോടിയുടെ കള്ളപ്പണം കേരളത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കണ്ടെടുത്തിട്ടുണ്ട്. ഒരു രാഷ്ട്രീയ പാര്‍ട്ടിയും കേസ് കൊടുത്തിട്ടില്ല. ഇതില്‍ സിപിഎമ്മിന്റെയും ലീഗിന്റെയും പണം ഉണ്ട്. 5 സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞടുപ്പില്‍ ഏറ്റവും കൂടുതല്‍ കള്ളപ്പണം വന്നത് തമിഴ്‌നാട്ടിലാണ്. ഡിഎംകെ 25 കോടിയാണ് സിപിഎമ്മിന് നല്‍കിയത്. ഇത് കള്ളപ്പണമാണോ, വെള്ളപ്പണമാണോ എന്ന് പറയേണ്ടത് വിജയരാഘവനും പിണറായി വിജയനുമാണെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു.
കൊടകര കേസുമായി ബന്ധപ്പെട്ട് ആവശ്യമില്ലാത്ത രീതിയില്‍ ബിജെപി നേതാക്കളെ വിളിപ്പിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ ഞങ്ങളെല്ലാവരും അന്വേഷണത്തോട് സഹകരിക്കുകയാണ് ചെയ്യുന്നത്. ഒരു ബിജെപി നേതാവ് പോലും തലയില്‍ മുണ്ടിട്ടല്ല അന്വേഷണത്തിന് പോയത്. ഈ കള്ളപ്പണം ബിജെപിക്ക് വേണ്ടിവന്നതല്ല. അതുകൊണ്ടാണ് പൊലീസ് അന്വേഷണത്തെയും സ്വാഗതം ചെയ്തത്. ഇനി ആരെ വിളിച്ചാലും അന്വേഷണസംഘവുമായി സഹകരിക്കുമെന്ന് സുരേന്ദ്രന്‍ പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സികെ ജാനുവിന് പണം നല്‍കിയിട്ടില്ലെന്ന് സുരേന്ദ്രന്‍ പറഞ്ഞു. ആരോ ഒരാളുടെ ശബ്ദരേഖയാണെന്ന് പറഞ്ഞ് മാധ്യമങ്ങള്‍ ആക്ഷേപിക്കുന്നത് കേരളത്തിലെ പാവപ്പെട്ട ആദിവാസികള്‍ക്കും ദളിതര്‍ക്കും വേണ്ടി വലിയ പോരാട്ടം നടത്തിയ സാമൂഹ്യപ്രവര്‍ത്തകയെയാണ്. സികെ ജാനു എന്നോട് പണം ചോദിക്കുകയോ, താന്‍ പണം നല്‍കുകയോ ചെയ്തിട്ടില്ല. തെരഞ്ഞെടുപ്പില്‍ അവര്‍ ഞങ്ങളുടെ സ്ഥാനാര്‍ത്ഥിയായിരുന്നു. ബത്തേരിയില്‍ തെരഞ്ഞടുപ്പ് സംബന്ധിച്ച് ചിലവുകള്‍ ഉണ്ടായിട്ടുണ്ട്. അത് വ്യവസ്ഥാപിതമായ സംവിധാനം അനുസരിച്ച മാത്രമെ കാര്യങ്ങള്‍ ചെയ്തിട്ടുള്ളുവെന്നും സുരേന്ദ്രന്‍ പറഞ്ഞു.
തെരഞ്ഞെടുപ്പ സമയത്ത് നൂറ് കണക്കിനാളുകള്‍ വിളിക്കും. അതൊന്നും ഞാന്‍ ഓര്‍ത്തുവെക്കുന്നില്ല. ഇപ്പോഴത്തെ കാലത്ത് ഒരു ഓഡിയോ ക്ലിപ്പ് പുറത്തുവന്നു എന്ന് പറയുന്നത് വലിയ കാര്യമൊന്നുമല്ല. എന്നെ വിളിച്ചിട്ടില്ലെന്ന് ഞാന്‍ പറയുന്നില്ല. ആവശ്യമായ ഭാഗങ്ങള്‍ കട്ട് ചെയ്യാനും ആവശ്യമുള്ളത് ചേര്‍ക്കാനോ ഈ കാലത്ത് വലിയ ബുദ്ധിമുട്ടില്ലെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates