കൊച്ചി: യുകെ പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മറുടെ ഇന്ത്യ സന്ദര്‍ശനത്തിനിടെ കഥകളിയെ വികലമാക്കി അവതരിപ്പിച്ച സംഭവത്തില്‍ വ്യാപക വിമര്‍ശം. കഥകളി എന്ന പേരില്‍ തീര്‍ത്തും വികൃതമായ ഒരു നൃത്തരൂപം അവതരിപ്പിക്കപ്പെട്ടത് കലാരൂപത്തെ അപമാനിക്കലാണെന്ന് ഈ മേഖലയിലെ കലാകാരന്‍മാര്‍ പ്രതികരിച്ചു. വിദേശകാര്യ മന്ത്രാലയം ഒക്ടോബർ 8 ന് മുംബൈയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംഭവിച്ചത് വലിയ വീഴ്ചയാണെന്നാണ് പ്രധാന വിമര്‍ശനം. മുംബൈ കേന്ദ്രീകരിച്ച് നിരവധി കഥകളി കലാകാരന്‍മാര്‍ പ്രവര്‍ത്തിക്കുന്നുണ്ട് അവരെയോ, കേരള കലാമണ്ഡലത്തെയോ വിദേശകാര്യ മന്ത്രാലയത്തിന് സമീപിക്കാമായിരുന്നു എന്നും കലാകാരന്‍മാര്‍ പറയുന്നു.
സംഭവം ഞെട്ടിക്കുന്നതാണെന്ന് കേരള കലാമണ്ഡലും ചാന്‍സലര്‍ മല്ലിക സാരാഭായ് പ്രതികരിച്ചു. വിദേശകാര്യ മന്ത്രാലയം പങ്കുവച്ച വിഡിയോയിലെ കലാരൂപം ഞെട്ടിക്കുന്നതാണ്. രാജ്യത്തിന്റെ കലാപാരമ്പര്യത്തോടുള്ള അവബോധമില്ലായ്മയുടെ ഉദാഹരണമാണ് ആ സംഭവം. ഇത്തരം സാംസ്‌കാരിക അശ്ലീലങ്ങള്‍ക്ക് ആരാണ് അനുമതി നല്‍കിയത് എന്ന് അറിയേണ്ടതുണ്ടെന്നും മല്ലിക സാരാഭായ് ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പ്രതികരിച്ചു.
വിഷയത്തില്‍ കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തെയും ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍സിനെയും തങ്ങളുടെ അതൃപ്തി അറിയിച്ചിട്ടുണ്ടെന്ന് കലാമണ്ഡലം വൈസ് ചാന്‍സലര്‍ ബി. അനന്തകൃഷ്ണനും പ്രതികരിച്ചു.
വിദേശകാര്യ മന്ത്രാലയത്തിന് സംഭവിച്ചത് വലിയ പിഴവാണ്. ഇത് അംഗീകരിക്കാന്‍ കഴിയില്ല. നടപടിക്ക് എതിരെ കലാമണ്ഡലം പ്രമേയം പാസാക്കും. വിഷയത്തില്‍ വിയോജിപ്പ് അറിയിച്ചുകൊണ്ട് മന്ത്രാലയത്തിന് ഒരു കത്ത് അയയ്ക്കുമെന്നും അനന്തകൃഷ്ണന്‍ പറഞ്ഞു. മുംബെയിലെ സംഭവം ''കഥകളിക്ക് മാത്രമല്ല, കേരളത്തിനാകമാനം അപമാനമാണ്'' എന്നും അദ്ദേഹം പറഞ്ഞു. കഥകളിയെ ഇത്തരത്തില്‍ അശ്ലീലവത്കരിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല. കേരളത്തോടും നമ്മുടെ കലാപാരമ്പര്യത്തോടുമുള്ള അധികൃതരുടെ മനോഭാവം തെളിയിക്കുന്നതാണ് ഈ സംഭവമെന്നും അനന്തകൃഷ്ണന്‍ പറയുന്നു.
വിദേശകാര്യമന്ത്രാലയത്തിന്റെ വിഡിയോ കണ്ടപ്പോള്‍ സങ്കടം തോന്നിയെന്ന് ഇതിഹാസ കഥകളി കലാകാരന്‍ കലാമണ്ഡലം ഗോപി പറഞ്ഞു. എന്നാല്‍ ഇതിനെതിരെ പ്രതിഷേധം ഉയര്‍ത്താന്‍ ആഗ്രഹിക്കുന്നില്ല. ഒരു പരമ്പരാഗത കലാരൂപത്തെ ബഹുമാനിക്കാത്ത ആളുകളോട് തങ്ങള്‍ക്കുണ്ടായ വേദന പങ്കുവയ്ക്കുന്നതില്‍ അര്‍ഥമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യത്തിന്റെ വിശിഷ്ടാതിഥികള്‍ക്ക് മുന്നില്‍ അഭിമാനമായ ഒരു കലാരൂപത്തെ വക്രീകരിച്ച് അവതരിപ്പിച്ചതിലൂടെ രാജ്യത്തിന് അപമാനമുണ്ടാക്കുകയാണ് വിദേശകാര്യ മന്ത്രാലയം അധികൃതര്‍ ചെയ്തത് എന്ന് കഥകളി കലാകാരനായ പള്ളിപ്പുറം സുനില്‍ പറഞ്ഞു. 'സമ്പന്നമായ സാംസ്‌കാരിക പൈതൃകമുള്ള നാടാണ് കേരഴം അതിന്റെ പ്രതീകമായാണ് കഥകളിക്കും ലോകമെമ്പാടും അറിയപ്പെടുന്നത്. പാശ്ചാത്യ രാജ്യങ്ങളില്‍ ആയിരക്കണക്കിന് കഥകളി പ്രേമികളുണ്ട്, പലരും കലാമണ്ഡലത്തില്‍ നിന്ന് ബിരുദം നേടിയവരാണ്. കേരളത്തില്‍ നിന്നുള്ള താനുള്‍പ്പെടെയുള്ള കലാകാരന്‍മാന്‍ വിദേശ പര്യടനങ്ങള്‍ നടത്തുന്നവരാണ് ഇത്തരത്തില്‍ ലോകമറിയുന്ന കഥകളിയെ ആണ് സര്‍ക്കാര്‍ പരിപാടിയില്‍ തെറ്റായി ചിത്രീകരിച്ചിരിക്കുന്നത് എന്നും പള്ളിപ്പുറം സുനില്‍ ചൂണ്ടിക്കാട്ടുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates