പാലക്കാട്: കല്പാത്തി രഥോത്സവത്തിന് ഇന്ന് കൊടിയേറും. വിശാലാക്ഷീ സമേത വിശ്വനാഥസ്വാമി ക്ഷേത്രം, പുതിയ കല്പാത്തി മന്തക്കര മഹാഗണപതിക്ഷേത്രം, പഴയ കല്പാത്തി ലക്ഷ്മീനാരായണപ്പെരുമാള്‍ ക്ഷേത്രം എന്നിവിടങ്ങളിലാണ് 11നും 12നും ഇടയിലുള്ള മുഹൂര്‍ത്തത്തില്‍ കൊടിയേറ്റ് നടക്കുക.
അതേസമയം പാലക്കാട്ടെ സ്ഥാനാർത്ഥികളെല്ലാം ഇന്ന് ക്ഷേത്രത്തിലെത്തും. അതിനിടെ കല്പാത്തി രഥോത്സവം സമാധാനപരമായി നടത്തുമെന്ന് ജില്ല കലക്ടര്‍ അറിയിച്ചു. ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള മാതൃകപെരുമാറ്റചട്ട വേളയില്‍ നടക്കുന്ന രഥോത്സവം ബന്ധപ്പെട്ട വകുപ്പുകളുടെ സഹകരണത്തോടെയും ക്ഷേത്രഭാരവാഹികളുടെ പിന്തുണയോടെയും സമാധാനപരമായി നടത്തും.
കൃത്യമായ സുരക്ഷാക്രമീകരണങ്ങളും ഗതാഗതനിയന്ത്രണവും പൊലീസ് ഉറപ്പാക്കണമെന്ന് ജില്ല കലക്ടര്‍ നിർദേശം നല്‍കി. ഗതാഗത നിയന്ത്രണത്തില്‍ കൃത്യമായ ആക്ഷന്‍ പ്ലാനുണ്ടെന്ന് ജില്ലാ പൊലീസ് മേധാവി ആര്‍ ആനന്ദ് വ്യക്തമാക്കി. ഇടുങ്ങിയ റോഡ് ആയതിനാല്‍ 20 ഇടങ്ങളില്‍ സിസിടിവി സ്ഥാപിച്ചതായി ജില്ലാ പൊലീസ് മേധാവി യോഗത്തില്‍ അറിയിച്ചു.
ഏതെങ്കിലും തരത്തിലുള്ള പ്രശ്‌നം ശ്രദ്ധയില്‍പ്പെട്ടാല്‍ ക്ഷേത്ര കമ്മിറ്റികള്‍ക്ക് ജില്ല കലക്ടറേയൊ ജില്ല പൊലീസ് മേധാവിയോയൊ നേരിട്ട് ബന്ധപ്പെടാമെന്ന് ജില്ല കലക്ടര്‍ യോഗത്തില്‍ അറിയിച്ചു. രഥം സഞ്ചരിക്കുന്ന റോഡിന്റെ അറ്റകുറ്റപണികള്‍ സമയബന്ധിതമായി നിര്‍വഹിക്കാന്‍ ജില്ല കലക്ടര്‍ മുന്‍സിപ്പാലിറ്റി അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
ഒന്നാം തേര് നാളായ 13ന് രാവിലെ നടക്കുന്ന രഥാരോഹണത്തിന് ശേഷം വൈകിട്ട് രഥപ്രയാണം ആരംഭിക്കും. പതിനഞ്ചിനാണ് ദേവരഥസംഗമം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates