പത്തനംതിട്ട: ശബരിമല തീര്‍ഥാടകര്‍ക്ക് വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങിനൊപ്പം കെഎസ്ആര്‍ടിസി ഓണ്‍ലൈന്‍ ടിക്കറ്റ് സംവിധാനവും ഏര്‍പ്പാടാക്കുമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍. ദര്‍ശനം ബുക്ക് ചെയ്യുമ്പോള്‍ ടിക്കറ്റെടുക്കാനുള്ള ലിങ്കും അതിനൊപ്പം ലഭിക്കും. ശബരിമല ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ചേര്‍ന്ന അവലോകനയോഗത്തിലാണ് തീരുമാനം.
40 പേരില്‍ കുറയാത്ത സംഘത്തിന് 10 ദിവസം മുമ്പ് സീറ്റ് ബുക്ക് ചെയ്യാം. സ്റ്റേഷനില്‍ നിന്ന് 10 കിലോമീറ്ററിന് ഉള്ളിലാണെങ്കില്‍ അവിടെയെത്തി ഭക്തരെ കയറ്റും. നിലയ്ക്കല്‍ ടോളില്‍ ഫാസ്റ്റ് ടാഗ് സംവിധാനം ഏര്‍പ്പെടുത്തും. വാഹനങ്ങളുടെ കൃത്യമായ എണ്ണം ശേഖരിക്കും. ഇതിനായി ഓട്ടോമേറ്റഡ് വെഹിക്കിള്‍ കൗണ്ടിങ് സിസ്റ്റം, ഓട്ടോമേറ്റഡ് വെഹിക്കിള്‍ നമ്പര്‍ പ്ലേറ്റ് ഡിറ്റക്ഷന്‍ സിസ്റ്റം എന്നിവ സജ്ജമാക്കും.
തീര്‍ഥാടനത്തിന്റെ ആദ്യഘട്ടം 383 ബസും രണ്ടാംഘട്ടം 550 ബസും ക്രമീകരിച്ചിട്ടുണ്ട്. തിരക്കനുസരിച്ച് ബസുകളുടെ എണ്ണം കൂട്ടും. അരമിനിറ്റ് ഇടവിട്ട് 200 ബസുകള്‍ നിലയ്ക്കല്‍- പമ്പ സര്‍വീസ് നടത്തും. ത്രിവേണി യു ടേണ്‍, നിലയ്ക്കല്‍ സ്റ്റേഷനുകളില്‍ തീര്‍ഥാടകര്‍ക്ക് ബസില്‍ കയറാന്‍ പാര്‍ക്കിങ്ങ് സ്ഥലത്തുതന്നെ ബാരിക്കേഡ് സ്ഥാപിക്കും. പമ്പ യു ടേണ്‍ മുതല്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റേഷന്‍ വരെ റോഡിന്റെ ഇരുവശത്തും സ്വകാര്യവാഹനങ്ങളുടെ അനധികൃതപാര്‍ക്കിങ് നിരോധിക്കും.
പമ്പയില്‍നിന്ന് ആവശ്യത്തിന് തീര്‍ഥാടകര്‍ കയറിയാല്‍ നിലയ്ക്കലില്‍ പോകാതെ നേരിട്ട് ലക്ഷ്യസ്ഥാനത്തേക്ക് തിരിക്കും. മോട്ടോര്‍ വാഹന വകുപ്പിന്റെ 20 സ്‌ക്വാഡുകള്‍ 2.50 കിലോമീറ്റര്‍ ദൂരം ഉണ്ടാകും. അപകടം സംഭവിച്ചാല്‍ ഏഴ് മിനിറ്റിനകം സംഭവസ്ഥലത്തെത്തും. അപകടരഹിത യാത്രയ്ക്കായി ഡ്രൈവര്‍മാരെ ബോധവല്‍ക്കരിക്കാന്‍ ആറു ഭാഷകളില്‍ വീഡിയോ പ്രദര്‍ശിപ്പിക്കും. അപകടമേഖലയായ വിളക്കുവഞ്ചി, മണ്ണാറക്കുളഞ്ഞി എന്നിവിടങ്ങളില്‍ റിഫ്‌ലക്ടറുകള്‍ സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക