ചെന്നൈ: നടന്‍ വിജയ്‌യുടെ രാഷ്ട്രീയ പാര്‍ട്ടിയായ ടിവികെയുടെ റാലിക്കിടെ കരൂര്‍ വേലുച്ചാമിപുരത്തുണ്ടായ ദുരന്തത്തില്‍ ജൂഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍. മുന്‍ ജഡ്ജി അരുണ ജഗദീശന്‍ അധ്യക്ഷയായ കമ്മീഷനാണ് അന്വേഷണ ചുമതല.
ദുരന്തത്തിന്റെ ഇരകള്‍ക്ക് ധനസഹായവും തമിഴ്‌നാട് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപയാണ് ധന സഹായമായി നല്‍കുക. പരിക്കേറ്റവര്‍ക്ക് ചികിത്സാ സഹായമായി ഒരു ലക്ഷം രൂപ അനുവദിക്കാനും മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ നിര്‍ദേശിച്ചു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി മന്ത്രിതല സംഘത്തെയും സ്റ്റാലിന്‍ കരൂരിലേക്ക് അയച്ചിട്ടുണ്ട്. തിരുച്ചി, സേലം, ഡിണ്ടിഗല്‍ കലക്ടര്‍മാരോടു ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ കരൂരിലെത്താന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. സെക്രട്ടേറിയറ്റില്‍ ചേര്‍ന്ന് അടിയന്തിര യോഗത്തിലാണ് സുപ്രധാന തീരുമാനങ്ങള്‍ കൈക്കൊണ്ടത്. അപകടം സംബന്ധിച്ച് കേന്ദ്ര സർക്കാരും റിപ്പോർട്ട് തേടിയിട്ടുണ്ട്.
അതേസമയം, പുലര്‍ച്ചെ ഒരുമണിയ്ക്കുള്ള വിമാനത്തില്‍ മുഖ്യമന്ത്രി എം കെ സ്റ്റാലിനും ചെന്നൈയില്‍ നിന്നും കരൂരിലേക്ക് തിരിക്കും. സ്റ്റാലിന് പുറമെ തമിഴ്‌നാട് രാഷ്ട്രീയത്തിലെ പ്രമുഖ നേതാക്കള്‍ എല്ലാം കരൂരിലേക്ക് തിരിച്ചതായാണ് റിപ്പോര്‍ട്ട്. എന്നാല്‍, ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ റാലി പാതിയില്‍ നിര്‍ത്തി പ്രദേശം വിട്ട വിജയ് ചെന്നൈയിലേക്ക് മടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. തിരുച്ചിറപ്പള്ളിയില്‍ നിന്നും വിമാനമാര്‍ഗമാണ് വിജയ് മടങ്ങിയത്. ദുരന്തത്തെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതെ ആയിരുന്നു വിജയ്‌യുടെ മടക്കം.
ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വിജയ്ക്ക് ഏതിരെ നിയമ നടപടി വേണമെന്ന ആവശ്യവും ശക്തമാണ്. ഡിഎംകെ ഉള്‍പ്പെടെയുള്ള പാര്‍ട്ടികകള്‍ ഇതിനോടകം ഇക്കാര്യം ആവശ്യപ്പെട്ടുകഴിഞ്ഞു. വിജയ്‌യെ അറസ്റ്റ് ചെയ്യണം എന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ദുരന്തത്തില്‍ മദ്രാസ് ഹൈക്കോടതി സ്വമേധയാ കേസെടുക്കണം എന്ന് സിപിഎമ്മും ആവശ്യപ്പെട്ടു. ദുരന്തത്തില്‍ പരിപാടിയുടെ സംഘാടകര്‍ക്കെതിരെ കേസെടുത്തതായും റിപ്പോര്‍ട്ടുകളുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates