ആലപ്പുഴ: കരുവാറ്റയില്‍ വയോധികനായ ശിവന്‍കുട്ടിയെ തലയില്‍ വലിയ കല്ലിട്ടു കൊലപ്പെടുത്താനായിരുന്നു പ്രതികളായ കൗമാരസംഘം പദ്ധതിയിട്ടിരുന്നതെന്ന് പൊലീസ്. 2017-ല്‍ പുറത്തിറങ്ങിയ 'സ്‌പൈഡര്‍' എന്ന തമിഴ് സിനിമയാണ് ഇതിന് പ്രതികള്‍ക്ക് പ്രചോദനമായത്. മുകളില്‍നിന്നു കല്ലിട്ട് ആളുകളെ കൊല്ലുന്ന കുട്ടിയുടെ കഥയാണ് ഈ സിനിമയുടെ ഇതിവൃത്തം. പ്രതികളില്‍ ഒരാളാണ് ഈ ആശയം മുന്നോട്ടു വെച്ചത്. നേരിട്ടു കൊല്ലുമ്പോഴുള്ള പ്രശ്‌നങ്ങള്‍ ഇതുവഴി ഒഴിവാക്കാനാകുമെന്നും പ്രതികള്‍ കണക്കുകൂട്ടി.
വീടിനടുത്ത് വലിയ കല്ലുണ്ടെന്ന് ക്വട്ടേഷന്‍ നല്‍കിയ 13 കാരി പെണ്‍കുട്ടി ഉറപ്പാക്കിയിരുന്നു. ഇക്കാര്യം പ്രതികളെ അറിയിക്കുകയും ചെയ്തു. എന്നാല്‍ ഓടിട്ട വീടിന്റെ മച്ചാണ് പ്രതികളുടെ പ്ലാന്‍ നടപ്പാക്കുന്നതിന് തടസ്സമായത്. ശനിയാഴ്ച രാത്രി ഒന്‍പതരയോടെയെത്തിയ പ്രതികള്‍ ശിവന്‍കുട്ടി താമസിക്കുന്ന വാടകവീടിന്റെ പുരപ്പുറത്തു കയറി. പലഭാഗങ്ങളില്‍ ഓടിളക്കി നോക്കി. മച്ചുള്ളതിനാല്‍ കല്ലിട്ടു കൊല്ലാന്‍ കഴിയില്ലെന്ന് മനസ്സിലാക്കി. മച്ചില്ലാത്ത ഭാഗത്തുകൂടി ഉള്ളിലിറങ്ങാന്‍ ശ്രമിച്ചെങ്കിലും അതും ഫലം കണ്ടില്ല.
ഇതേത്തുടര്‍ന്നാണ് ശൗചാലയത്തിന്റെ വെന്റിലേറ്ററിലൂടെ അകത്തു കടന്നത്. തുടര്‍ന്ന് തലയ്ക്ക് അടിച്ചുവീഴ്ത്തി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു. ശനിയാഴ്ച രാത്രി ഒമ്പതരയ്ക്കും പുലര്‍ച്ചെ മൂന്നു മണിക്കും ഇടയിലായിരുന്നു കൊലപാതകം നടത്തിയത്. കൊലപാതകം എങ്ങനെ നടപ്പാക്കണമെന്ന് പെണ്‍കുട്ടിയും കൂട്ടാളികളായ സംഘവും സാമൂഹികമാധ്യമങ്ങളിലൂടെ അടക്കം നിരന്തരം ചര്‍ച്ചചെയ്തിരുന്നു.
'പല മാർഗങ്ങളും ചർച്ച ചെയ്തു'
വിഷം കൊടുക്കുന്നതും വാഹനാപകടത്തില്‍പ്പെടുത്തുന്നതും ഉള്‍പ്പെടെ പലവഴികളും ചര്‍ച്ച ചെയ്തിരുന്നു.
ഇതിനിടെയാണ് ശിവന്‍കുട്ടിയുടെ മകളെ പ്രസവത്തിനായി വണ്ടാനം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുന്നത്. ഭാര്യയും ആശുപത്രിയിലേക്ക് പോയതോടെ ശിവന്‍കുട്ടി തനിച്ചായിരുന്നു താമസം. കൂട്ടുകാരിയുടെ വീട്ടിലേക്ക് മാറി താമസിച്ച പെണ്‍കുട്ടി, ഈ അവസരം വിനിയോഗിക്കാന്‍ കൗമാര സംഘത്തിനോട് ആവശ്യപ്പെടുകയായിരുന്നു.
ട്രെയിനിൽ വന്നു, ബസിൽ മടക്കം
ശനിയാഴ്ച രാത്രി ഏഴേമുക്കാലോടെ കൊല്ലത്തുനിന്നുള്ള ട്രെയിനിലാണ് പ്രതികള്‍ ഹരിപ്പാട്ടെത്തുന്നത്. റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഓട്ടോറിക്ഷയില്‍ കരുവാറ്റ കന്നുകാലിപ്പാലത്തിനു സമീപമെത്തി. അവിടെ നിന്ന് നടന്നാണ് ശിവന്‍കുട്ടിയുടെ വീട്ടിലെത്തുന്നത്. കൊലപാതകം നടത്തിയശേഷം ഇതേ വഴിയിലൂടെ തന്നെ പുലര്‍ച്ചെ ഇവർ ഹരിപ്പാട് നഗരത്തിലെത്തി
തട്ടുകടയിലെ ആഘോഷം
കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിന് അടുത്തുള്ള തട്ടുകടയില്‍ നിന്ന് ആഘോഷപൂര്‍വം ഭക്ഷണം കഴിച്ചു. ആസൂത്രണം ചെയ്തപോലെ കൃത്യം നടത്തിയതിന്റെ ആവേശത്തിലായിരുന്നു അവര്‍. സിസിടിവി ദൃശ്യങ്ങളില്‍ നിന്നും കടയിലുണ്ടായിരുന്നവരുടെ മൊഴിയില്‍ നിന്നുമാണ് പൊലീസിന് ഈ വിവരം ലഭിച്ചത്. ഭക്ഷണം കഴിച്ചശേഷം ബസിലാണ് ഇവര്‍ കൊല്ലത്തേക്ക് മടങ്ങിയത്. തിങ്കളാഴ്ച രാവിലെ വരെ പിടിക്കപ്പെടില്ലെന്ന വിശ്വാസത്തിലായിരുന്നു ഇവര്‍. പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ പൊലീസ് പിടിച്ചെടുത്തതോടെയാണ് ഇവര്‍ ആശങ്കയിലായത്.
തിങ്കളാഴ്ച രാത്രിയാണ് ഹരിപ്പാട് പൊലീസ് സംഘം പരവൂരിലെ പ്രതികളുടെ വീടുകളിലെത്തുന്നത്. നിര്‍ധന കുടുംബാംഗങ്ങളാണ് പിടിയിലായ മൂന്നുപേരും. ക്വട്ടേഷന്‍ നല്‍കിയ പെണ്‍കുട്ടിയുമായി ഇതിലൊരു പ്രതിക്കുള്ള ബന്ധമാണ് മറ്റു രണ്ടുപേരെയും കൃത്യത്തില്‍ പങ്കാളികളാക്കിയതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. മുന്‍പ് പരവൂരില്‍ താമസിക്കുന്ന കാലത്ത് സ്‌കൂളില്‍വെച്ചാണ് ഇയാളുമായി പെണ്‍കുട്ടി പരിചയത്തിലാകുന്നത്.പരവൂരു കാരായ ശിവന്‍കുട്ടി ചെട്ടിയാരും ഭാര്യയും രണ്ടു വര്‍ഷം മുമ്പാണ് കരുവാറ്റയില്‍ താമസമാക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates