

'96' എന്ന സിനിമയിലൂടെ തെന്നിന്ത്യയൊട്ടാകെ ആരാധകരെ നേടിയെടുത്ത സംഗീത സംവിധായകൻ ആണ് ഗോവിന്ദ് വസന്ത. ചിത്രത്തിലെ ഗോവിന്ദ് ഒരുക്കിയ പാട്ടുകളെല്ലാം സൂപ്പർ ഹിറ്റായിരുന്നു. ഗോവിന്ദ് വസന്ത ജനിക്കുന്നത് തന്നെ '96' സിനിമയ്ക്ക് ശേഷമാണെന്ന് പറയുകയാണ് അദ്ദേഹം. അതിന് മുൻപ് താൻ ഗോവിന്ദ് മേനോൻ ആയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
"ഗോവിന്ദ് വസന്ത ജനിക്കുന്നത് തന്നെ '96' സിനിമയ്ക്ക് ശേഷമാണ്. അതിന് മുൻപ് ഗോവിന്ദ് വസന്ത ഇല്ല, ഗോവിന്ദ് മേനോൻ ആയിരുന്നു. ഞാൻ ഇടയ്ക്ക് പേര് മാറ്റണമെന്ന് ആഗ്രഹിച്ചിരുന്നു. അതിന് മുൻപ് തന്നെ ഫെയ്സ്ബുക്കിലൊക്കെ മാറ്റിയെന്നാണ് എനിക്ക് തോന്നുന്നത്. ഔദ്യോഗികമായി എല്ലായിടത്തും ഗോവിന്ദ് മേനോൻ എന്ന് തന്നെയാണ്. എന്റെ പേരിൽ ജാതി വരുന്നത് എനിക്ക് താല്പര്യമില്ലായിരുന്നു.
ഞാനെപ്പോഴും അമ്മയുടെ പേര് വയ്ക്കണമെന്ന് ആഗ്രഹിച്ചിരുന്നു. ഞാനിപ്പോഴും ഒരു അമ്മ ഫാൻ ആണ്. അതുകൊണ്ടാണ് അമ്മയുമായി ബന്ധപ്പെട്ട എന്തെങ്കിലും വേണമെന്ന് തോന്നിയത്. അതിന് ഏറ്റവും ശരിയായ സമയം 96 റിലീസ് ചെയ്തപ്പോഴായിരുന്നു. 96 ന്റെ സംവിധായകൻ പ്രേമും ഞാനും മുൻപേ സുഹൃത്തുക്കളായിരുന്നു. ആ സമയത്ത് ഞാനൊരു ഫുൾടൈം സംഗീത സംവിധായകനൊന്നുമായിരുന്നില്ല.
എന്റെ സുഹൃത്ത് എന്നെ കാണാൻ വരുന്നു, എന്നോട് ഒരു കഥ പറയുന്നു, അത്രയേ ഉള്ളൂ. ഞാൻ സംഗീതത്തിലൂടെ അദ്ദേഹത്തെ സഹായിക്കുന്നു. അദ്ദേഹം നന്നായി കഥ പറഞ്ഞു, അതോടൊപ്പം അദ്ദേഹം നല്ലൊരു അഭിനേതാവ് കൂടിയാണ്. അതുകഴിഞ്ഞ ഉടനെ തന്നെ ഞങ്ങൾ കംപോസിങ് തുടങ്ങി. പ്രത്യേകിച്ച് ബുദ്ധിമുട്ടുകളൊന്നുമുണ്ടായിരുന്നില്ല. അത് വളരെ എളുപ്പമായിരുന്നു.
'അന്താതി...' എന്ന പാട്ടിനാണ് സമയമെടുത്തത്. അത് സിനിമയിൽ ഇല്ല. ലവ് ആന്തം ഉണ്ടാക്കാനായിരുന്നു അദ്ദേഹം എന്നോട് പറഞ്ഞത്. അതാണ് 'അന്താതി'. എന്നെ സംബന്ധിച്ച് ലവ് ആന്തം എന്ന് പറയുന്നത് വലിയൊരു ഉത്തരവാദിത്വമാണ്. അതൊരു ലവ് സോങ് അല്ല. പ്രണയത്തിന്റെ ആന്തം ആണ്.- ഗോവിന്ദ് വസന്ത പറഞ്ഞു.
അതോടൊപ്പം സിനിമയ്ക്ക് വേണ്ടത് എന്താണോ അതാണ് താൻ ചെയ്യുന്നതെന്നും ഗോവിന്ദ് കൂട്ടിച്ചേർത്തു. ലൈക്കബ്ലിറ്റി എന്റെ ക്രൈട്ടീരിയ അല്ല. ആ സിനിമയ്ക്ക് വേണ്ടത് എന്താണോ അത് ചെയ്യുക എന്നതാണ് എന്റെ ജോലി. മുൻപ് ഞാൻ ചെയ്ത സിനിമകളെക്കുറിച്ചൊന്നും അപ്പോൾ ഞാൻ ചിന്തിക്കാറില്ല. ഇപ്പോൾ ഒരു പടം ഉണ്ടെങ്കിൽ ആ പടത്തിന് വേണ്ട സംഗീതമൊരുക്കുക.
ആ സിനിമയിൽ കാതലേ കാതലേ... എന്ന പാട്ട് വേണ്ടെങ്കിൽ അത് ചെയ്യരുത്. അതല്ല എന്റെ ജോലി. നല്ല സംഗീതമൊരുക്കുക എന്നതാണ് എന്റെ ജോലി. എന്റെ ജോലി എന്താണെന്ന് വച്ചാൽ കഥയ്ക്കൊപ്പം ആ സീനിനെ ഉയർത്തുക എന്നതാണ്, അതിന് എവിടെ വരെ പോകാമോ അവിടെ വരെ പോകാം. ഇതൊരു ജോലിയായാണ് ഞാൻ കാണുന്നത്.
എന്റെ ജോലിയിലെ ഓരോ അസൈൻമെന്റുകളാണിതൊക്കെ. അതിൽ വേറെ ആശങ്കകളൊന്നുമില്ല. അടുത്ത പടത്തിൽ ഹിറ്റ് വേണം എന്നൊന്നുമുള്ള കാര്യങ്ങളില്ല. ചിലപ്പോൾ ഹിറ്റ് ആകണമെന്ന് അവർ ആവശ്യപ്പെടും. കറക്ഷൻസൊക്കെ പറഞ്ഞു തന്ന്, ഇതുപോലെ ഒരു പാട്ട് വേണമെന്ന് പറയും. അത് ഞാൻ ചെയ്യാറുണ്ട്.
കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ
ഇവിടെ ക്ലിക്ക് ചെയ്യുക
ഒരു പോയിന്റ് കഴിഞ്ഞപ്പോൾ അവർക്കിഷ്ടപ്പെടുന്ന രീതിയിലുള്ളത് നൽകാൻ ഞാൻ ശ്രമിക്കാറുണ്ട്. ഞാനത് ആസ്വദിക്കുന്നുണ്ട്. ആ പാട്ട് ഹിറ്റായാൽ, അതെന്തുകൊണ്ട് ഹിറ്റായി എന്ന് ഞാൻ മനസിലാക്കാൻ ശ്രമിക്കും. എന്റെ മാത്രമല്ല, മറ്റുള്ളവരുടെ അഭിപ്രായങ്ങളുമൊക്കെ ഞാൻ കേൾക്കും".- ഗോവിന്ദ് വസന്ത എസ് എസ് മ്യൂസിക് എന്ന യൂട്യൂബ് ചാനലിനോട് വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates