തിരുവനന്തപുരം: കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് (കെ എ എസ് ജൂനിയര്‍ ടൈം സ്‌കെയില്‍) ഉദ്യോഗസ്ഥരുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും മന്ത്രിസഭാ യോഗം തീരുമാനിച്ചു. അടിസ്ഥാന ശമ്പളം 81,800 രൂപ (ഫിക്‌സഡ്) ആയിരിക്കും.
അനുവദനീയമായ ഡിഎ, എച്ച്ആര്‍എ എന്നിവയും 10% ഗ്രേഡ് പേയും അനുവദിക്കും. പരിശീലന കാലയളവില്‍ അടിസ്ഥാന ശമ്പളമായി നിശ്ചയിച്ച 81,800 രൂപ മാത്രമേ ഉണ്ടാകൂ. മുന്‍ സര്‍വീസില്‍ നിന്നു കെ എ എസില്‍ എത്തുന്നവര്‍ക്ക് പരിശീലന കാലയളവില്‍ അവര്‍ക്ക് അവസാനം ലഭിച്ച ശമ്പളമോ 81,800 രൂപയോ (ഏതാണോ കൂടുതല്‍ അത്) നല്‍കും. പരിശീലനം പൂര്‍ത്തിയാക്കി ജോലിയില്‍ പ്രവേശിക്കുമ്പോള്‍ മുന്‍ സര്‍വീസില്‍ നിന്നു വിടുതല്‍ ചെയ്തു വരുന്ന ജീവനക്കാര്‍ക്ക് ആ തീയതിയില്‍ ലഭിച്ച അടിസ്ഥാന ശമ്പളം ഇപ്പോള്‍ നിശ്ചയിച്ച അടിസ്ഥാന ശമ്പളത്തെക്കാള്‍ കൂടുതല്‍ ആണെങ്കില്‍ കൂടുതലുള്ള ശമ്പളം അനുവദിക്കും.
പുതിയതായി നിയമനം ലഭിച്ച കെ എ എസ് ഉദ്യോഗസ്ഥരുടെ പരിശീലനം തുടങ്ങേണ്ട സാഹചര്യത്തിലാണ് ശമ്പളവും ആനുകൂല്യങ്ങള്‍ സര്‍ക്കാര്‍ നിശ്ചയിച്ചത്. ഇവര്‍ക്കു സെക്രട്ടേറിയറ്റിലെ അണ്ടര്‍ സെക്രട്ടറി ഹയര്‍ തസ്തികയുടെ ശമ്പളം അനുവദിക്കാന്‍ ആദ്യം ആലോചിച്ചിരുന്നു. എന്നാല്‍ ഐ എ എസ് ഉദ്യോഗസ്ഥരുടെയും മറ്റും എതിര്‍പ്പിനെത്തുടര്‍ന്ന് പുതിയ സ്‌കെയില്‍ നിശ്ചയിക്കുകയായിരുന്നു. അണ്ടര്‍ സെക്രട്ടറി ഹയറിന്റെ ശമ്പള സ്‌കെയില്‍ 95,600-1,53,200 ആണ്. അണ്ടര്‍ സെക്രട്ടറിയുടേത് 63,700 1,23,700. ഡപ്യൂട്ടി കലക്ടര്‍ക്കും ഇതേ ശമ്പള സ്‌കെയിലാണ്. കെ എ എസ് ഉദ്യോഗസ്ഥര്‍ക്ക് ഇതിന്റെ രണ്ടിന്റെയും ഇടയിലുള്ള സ്‌കെയിലാണ് ഇപ്പോള്‍ അനുവദിച്ചത്.
18 മാസമാണ് പരിശീലനം. ഒരു വര്‍ഷം പ്രീ സര്‍വീസ് പരിശീലനവും സര്‍വീസില്‍ പ്രവേശിച്ചു പ്രബേഷന്‍ പൂര്‍ത്തിയാക്കുന്നതിന് മുന്‍പ് 6 മാസത്തെ പരിശീലനവും ഉണ്ടാകും. അതിനു ശേഷം ഡിഎ, എച്ച്ആര്‍എ എന്നിവയ്ക്കും 10% ഗ്രേഡ് പേയ്ക്കും അര്‍ഹത ലഭിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates