Dileep 
Kerala

നാല് ഗൂഢാലോചനാക്കുറ്റങ്ങള്‍, കോടതി അംഗീകരിച്ചത് ഒന്നു മാത്രം, പിഴച്ചതെവിടെ?

പള്‍സര്‍ സുനിയും മറ്റ് അഞ്ച് പ്രതികളും ചേര്‍ന്ന് ഇരയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യാന്‍ നടത്തിയെന്ന ഗൂഢാലോചന വാദം അംഗീകരിച്ചാണ് കേസിലെ ഒന്നുമുതല്‍ ആറ് വരെയുള്ള പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരിക്കുന്നത്

പി രാംദാസ്

കൊച്ചി: പ്രോസിക്യൂഷന്‍ ഉന്നയിച്ച ഗൂഢാലോചനാക്കുറ്റം തെളിയിക്കാന്‍ മതിയായ തെളിവുകളില്ലെന്ന് വ്യക്തമാക്കിയാണ് നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കുറ്റവിമുക്തനാക്കിയത്. കേസിന്റെ വിവിധ ഘട്ടങ്ങളിലാണ് പലതരത്തിലുള്ള ഗൂഢാലോചനകള്‍ പ്രോസിക്യൂഷന്‍ ഉന്നയിച്ചത്. നടന്‍ ദിലീപിന്റെ പങ്ക് ആരോപിച്ച് പ്രോസിക്യൂഷന്‍ ഉന്നയിച്ച ഗൂഢാലോചന വാദങ്ങള്‍ കോടതി തള്ളിയപ്പോള്‍ പള്‍സര്‍ സുനിയും മറ്റ് അഞ്ച് പ്രതികളും ചേര്‍ന്ന് ഇരയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യാന്‍ നടത്തിയെന്ന ഗൂഢാലോചന വാദം അംഗീകരിച്ചാണ് കേസിലെ ഒന്നുമുതല്‍ ആറ് വരെയുള്ള പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരിക്കുന്നത്.

നടിയെ ആക്രമിച്ച കേസില്‍ പ്രധാനമായും നാല് ഗൂഢാലോചന സിദ്ധാന്തങ്ങളാണ് പ്രോസിക്യൂഷന്‍ ഉന്നയിച്ചത്. നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്താന്‍ നടന്‍ ദിലീപ് ഒന്നാം പ്രതി പള്‍സര്‍ സുനിയുമായി ഗൂഢാലോചന നടത്തിയെന്നതാണ് ഇതില്‍ ആദ്യത്തേത്. കൊച്ചിയിലെ ഹോട്ടല്‍ അബാദ് പ്ലാസയില്‍ വച്ച് പള്‍സര്‍ സുനിയും ദിലീപും ഗൂഢാലോചന നടത്തി. നടിയുടെ നഗ്‌ന, ലൈംഗിക ദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തി അപകീര്‍ത്തിപ്പെടുത്താനും ഉപദ്രവിക്കാനും ഇരുവരും ക്രിമിനല്‍ ഗൂഢാലോചനയില്‍ ഏര്‍പ്പെട്ടെന്നാണ് കുറ്റപത്രത്തില്‍ പറഞ്ഞത്. 2013 മാര്‍ച്ച് 28 നും ഏപ്രില്‍ 2 നും ഇടയിലുള്ള ഒരു ദിവസം എറണാകുളം എംജി റോഡിലെ അബാദ് പ്ലാസയിലെ 410-ാം നമ്പര്‍ മുറിയിലേക്ക് ദിലീപ് സുനിയെ വിളിച്ചുവരുത്തി. അവിടെവെച്ചാണ് ആക്രണമ പദ്ധതിയില്‍ തീരുമാനം ഉണ്ടായത്. ഇതിനായി ദിലീപ് പള്‍സര്‍ സുനിക്ക് 1.5 കോടി രൂപ വാഗ്ദാനം ചെയ്തു. എന്നായിരുന്നു പ്രോസിക്യൂഷന്‍ കോടതിയില്‍ ഉന്നയിച്ചത്.

എന്നാല്‍, ഈ ആരോപണം ഉറപ്പിക്കാന്‍ ആവശ്യമായ തെളിവുകള്‍ പ്രോസിക്യൂഷന്റെ കൈവശം ഉണ്ടായിരുന്നില്ലെന്ന് ദിലീപിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ സുജേഷ് മേനോന്‍ പറയുന്നു. മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷനായിരുന്നു ഇതിനായി പ്രോസിക്യൂഷന്‍ ആശ്രയിച്ച പ്രധാന തെളിവ്. ദീലീപും പള്‍സര്‍ സുനിയും ഒരേ സമയം ഒരേ ടവര്‍ ലൊക്കേഷനില്‍ ഉണ്ടായിരുന്നു എന്നായിരുന്നു വാദം. സിനിമ ഷൂട്ടിങിന്റെ ഭാഗമായാണ് ദിലീപ് ഈ സമയത്ത് ഈ മേഖലയില്‍ എത്തിയത്. ഷൂട്ടിങ് സെറ്റില്‍ ഡ്രൈവറായിരുന്ന സുനിയും സെറ്റില്‍ എത്തിയിരുന്നിരിക്കാം. എന്നാല്‍ ഇരുവരും കൂടിക്കാഴ്ച നടത്തിയെന്ന തെളിയിക്കാന്‍ പ്രോസിക്യൂഷന്റെ പക്കല്‍ തെളിവുണ്ടായിരുന്നില്ല.

ആക്രമണത്തില്‍ ദിലീപിന്റെ പങ്ക് ആദ്യം സുനി മറച്ചുവച്ചു. ക്വട്ടേഷന്‍ ഒരു സ്ത്രീ നല്‍കിയത് ആണെന്ന് ഇരയെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചു തുടങ്ങിയ വാദങ്ങളും ദിലീപ് -സുനി ബന്ധം ഉറപ്പിക്കാന്‍ പ്രോസിക്യൂഷന്‍ ഉന്നയിച്ച വാദങ്ങളായിരുന്നു. പൊലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ നല്‍കിയ വിവരങ്ങള്‍, സുനി ദിലീപിന് അയച്ച കത്ത് എന്നിവയാണ് മറ്റ് തെളിവുകളായി ഉന്നയിക്കപ്പെട്ടത്. എന്നാല്‍ ഈ തെളിവുകള്‍ ദിലീപിനെ നിര്‍ണായകമായി ബന്ധിപ്പിക്കുന്നില്ലെന്ന് കോടതി നിലപാട് എടുക്കുകയായിരുന്നു.

2016 ഡിസംബര്‍ 26 ന് പത്മസരോവരം എന്ന ആലുവയിലെ ദിലീപിന്റെ വീട്ടില്‍ വച്ച് പള്‍സര്‍ സുനിയെ കണ്ടിട്ടുണ്ടെന്ന സംവിധായകന്‍ ബാലചന്ദ്ര കുമാറിന്റെ തുറന്നുപറച്ചിലായിരുന്നു ഗൂഢാലോചനയുടെ മറ്റൊരു ഘട്ടം. ദിലീപ് സുനിയുമായി അടുത്ത് ഇടപഴകുന്നത് കണ്ടെന്നായിരുന്നു ബാലചന്ദ്ര കുമാറിന്റെ ആരോപണം. നടിയെ ആക്രമിക്കാനുള്ള ആദ്യത്തെ ശ്രമം പരാജയപ്പെട്ട് ദിവസങ്ങള്‍ക്ക് ശേഷം ഗോവയില്‍ വച്ച് ഇരുവരും കൂടിക്കാഴ്ച നടത്തിയെന്നും പ്രോസിക്യൂഷന്‍ ആരോപിച്ചു. ബാലചന്ദ്ര കുമാര്‍ കുമാര്‍, നാദിര്‍ഷ, ജിന്‍സണ്‍, വിഷ്ണു (സുനിയുടെ ബന്ധു) എന്നിവരുടെ മൊഴികള്‍, ഫോറന്‍സിക് തെളിവുകള്‍ ഡിജിറ്റല്‍, രേഖകള്‍ എന്നിവ കൂടിക്കാഴ്ചയെ ശരിവയ്ക്കുന്നുവെന്ന് പ്രോസിക്യൂഷന്‍ അവകാശപ്പെട്ടു. എന്നാല്‍ ബാലചന്ദ്രകുമാര്‍ സമര്‍പ്പിച്ച ഓഡിയോ ക്ലിപ്പുകള്‍ തെളിവുകളായി കണക്കാക്കാന്‍ മൂല്യമുള്ളതല്ലെന്നും അവ റെക്കോര്‍ഡുചെയ്യാന്‍ ഉപയോഗിച്ച യഥാര്‍ത്ഥ ഫോണ്‍ അദ്ദേഹം ഹാജരാക്കിയിട്ടില്ലെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം.

ക്വട്ടേഷന്‍ നടപ്പാക്കിയതിന്റെ പ്രതിഫലം ലഭിക്കാന്‍ ഒന്നാം പ്രതി പള്‍സര്‍ സുനി ജയിലില്‍ വച്ച് ഗൂഢാലോചന നടത്തിയെന്നതാണ് പ്രോസിക്യൂഷന്റെ മറ്റൊരു വാദം. മറ്റ് കേസുകളില്‍ റിമാന്‍ഡില്‍ ആയിരുന്ന മറ്റ് പ്രതികളെ ഉപയോഗിച്ചായിരുന്നു ഇത്തരം ഒരു ശ്രമം നടന്നതെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ നിലപാട് ഏടുത്തിരുന്നു. കുറ്റകൃത്യത്തിന് ശേഷം തെളിവുകള്‍ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ദിലീപ് ഗൂഢാലോചന നടത്തിയെന്നതാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ ഉന്നയിച്ച നാലാമത്തെ വാദം. ഇതില്‍ നടിയെ ആക്രമിക്കാന്‍ പള്‍സര്‍ സുനിയും മറ്റ് പ്രതികള്‍ ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്ന വാദം മാത്രമാണ് കോടതി ശരിവച്ചത്.

2017 Kerala actor abduction case: Prosecution put forward several conspiracy theories to implicate actor Dileep, the trial court rejected them. However, the prosecution succeeded in establishing the second conspiracy, between Pulsar Suni and five other accused, to abduct and rape the survivor.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തദ്ദേശപ്പോരിന്റെ രണ്ടാം ഘട്ടത്തില്‍ ഏഴ് ജില്ലകള്‍; ഇന്ന് വിധിയെഴുതും

ജൂനിയർ ഹോക്കി ലോകകപ്പ്: ജർമ്മനി ചാംപ്യന്മാർ; സ്പെയിനെ തകർത്തു

രാഷ്ട്രപതി ദ്രൗപദി മുര്‍മു ഇന്ന് മണിപ്പൂരിലെത്തും, ആദ്യ സന്ദര്‍ശനം, കനത്ത സുരക്ഷ

എക്സൈസിൽ നിന്നും രക്ഷപ്പെടാൻ എംഡിഎംഎ കുടിവെള്ളത്തിൽ കലക്കി; എൻജിനീയർ അടക്കം മൂന്നുപേർ പിടിയിൽ

കുടുംബ ജീവിതത്തില്‍ തെറ്റിദ്ധാരണകള്‍ ഉണ്ടാകാം, സത്യസന്ധരാവുക

SCROLL FOR NEXT