Pinarayi Vijayan 
Kerala

രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലയളവില്‍ ജനാധിപത്യ ചര്‍ച്ചകള്‍ക്ക് സമയം കുറഞ്ഞോ? സഭ കൂടിയത് 204 നാളുകള്‍ മാത്രം

കോവിഡ്-19 പ്രതിസന്ധി നേരിട്ട ഘട്ടത്തില്‍ പോലും ഒന്നാം പിണറായി സര്‍ക്കാര്‍ സഭാസമ്മേളനം മുടക്കിയിട്ടില്ലെന്നത് ശ്രദ്ധേയമാണ്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: 2021 മുതല്‍ 2026 വരെയുള്ള രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഭരണകാലത്ത് സംസ്ഥാന നിയമസഭ മുന്‍കൂട്ടി നിശ്ചയിച്ചതിനേക്കാള്‍ കുറഞ്ഞ ദിവസങ്ങളിലാണ് സമ്മേളിച്ചതെന്ന് റിപ്പോര്‍ട്ട്. അഞ്ച് വര്‍ഷത്തിനിടെ 16 സെഷനുകളിലായി 204 ദിവസം മാത്രമാണ് സഭ സമ്മേളിച്ചത്. അതായത്, ഒരുവര്‍ഷം ശരാശരി 41 ദിവസങ്ങളില്‍ മാത്രമാണ് സഭാനടപടികള്‍ നടന്നതെന്ന് പഠന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

മുന്‍ ചീഫ് വിപ്പ് ഡോ. ജയരാജ്, അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറി ഡോ. റല്‍ഫി പോള്‍ എന്നിവര്‍ ചേര്‍ന്ന് തയ്യാറാക്കിയ 'ഡിമോക്രസി ഇന്‍ പ്രാക്ടീസ്: ആന്‍ ഇവാല്വേഷന്‍ ഓഫ് ദ് ഫിഫ്റ്റീന്‍ത് കേരള ലെജിസ്ലേറ്റിവ് അസംബ്ലി' എന്ന പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വിശദീകരിക്കുന്നത്. 14-ാം നിയമസഭയേക്കാള്‍ 28 ദിവസം കുറവാണ് അവസാന നിയമസഭ സമ്മേളിച്ചത്. അഞ്ച് വര്‍ഷത്തിനിടെ 300 ദിവസത്തോളം (വര്‍ഷം 60 ദിവസം) സിറ്റിങ് നടത്താന്‍ മുന്‍കൂട്ടി നിശ്ചയിച്ചിരുന്നെങ്കിലും 204 ദിവസങ്ങളില്‍ മാത്രമാണ് സഭ സമ്മേളിച്ചത്.

22 സെഷനിലായി 232 ദിവസമാണ് 14-ാം നിയമസഭ ചേര്‍ന്നത്. കോവിഡ്-19 പ്രതിസന്ധി നേരിട്ട ഘട്ടത്തില്‍ പോലും ഒന്നാം പിണറായി സര്‍ക്കാര്‍ സഭാസമ്മേളനം മുടക്കിയിട്ടില്ലെന്നത് ശ്രദ്ധേയമാണ്. 14-ാം നിയമസഭയുടെ ആകെ പ്രവൃത്തി സമയം 1265 മണിക്കൂറായിരുന്നു. എന്നാല്‍ 2021-26 കാലഘട്ടത്തില്‍ ഇത് 1192 മണിക്കൂറായി കുറഞ്ഞു. 73 മണിക്കൂറിന്റെ കുറവാണുണ്ടായത്. എന്നാല്‍ പ്രതിദിന ശരാശരി സിറ്റിങ് സമയം 5.3 മണിക്കൂറില്‍ നിന്ന് 5.5 മണിക്കൂറായി ഉയര്‍ന്നു.

മറ്റു സംസ്ഥാനങ്ങളിലെ സമ്മേളന കാലയളവും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. പശ്ചിമ ബംഗാളില്‍ അഞ്ച് വര്‍ഷത്തിനിടെ 166 സിറ്റിങ് ദിനങ്ങളാണുണ്ടായിരുന്നത്. വര്‍ഷം ശരാശരി 33 ദിവസം. എന്നാല്‍ പ്രതിദിനം ശരാശരി 2.5 മണിക്കൂര്‍ മാത്രമാണ് സമ്മേളനം നീണ്ടത്. തമിഴ്‌നാട്ടില്‍ 155 ദിവസങ്ങളില്‍ സഭ സമ്മേളിച്ചു. വര്‍ഷം ശരാശരി 32 ദിവസം. അഞ്ച് മണിക്കൂറാണ് ഓരോ ദിവസത്തേയും ശരാശരി സിറ്റിങ്. ഇക്കാര്യത്തില്‍ ഏറ്റവും മോശം പ്രകടനം കാഴ്ചവെച്ചത് അസമാണ്. അഞ്ച് വര്‍ഷ കാലയളവില്‍ 102 ദിവസം മാത്രമാണ് അസമില്‍ സഭാസമ്മേളനം നടന്നത്.

രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ കാലയളവില്‍ പല സമ്മേളനങ്ങളും മുന്‍കൂട്ടി പ്രഖ്യാപിച്ചിരുന്ന ദിവസങ്ങള്‍ക്കുമുമ്പ് അവസാനിപ്പിക്കുകയോ ദിവസങ്ങള്‍ ചുരുക്കുകയോ ചെയ്തതായി പഠനം ചൂണ്ടിക്കാട്ടുന്നു. നിയമനിര്‍മാണ പ്രക്രിയകള്‍, സര്‍ക്കാര്‍ നയങ്ങള്‍ സംബന്ധിച്ച ചര്‍ച്ചകള്‍, പൊതുതാല്‍പര്യ വിഷയങ്ങളിലെ വിശദമായ സംവാദങ്ങള്‍ എന്നിവയ്ക്ക് നിയമസഭയാണ് പ്രധാന വേദി. എന്നാല്‍ സമ്മേളന ദിവസങ്ങള്‍ കുറയുന്നത് പ്രതിപക്ഷത്തിന്റെയും അംഗങ്ങളുടെയും ചര്‍ച്ചാ അവസരങ്ങളെ ബാധിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട് വിലയിരുത്തുന്നത്.

പഠനത്തില്‍ നിയമസഭയുടെ പ്രവര്‍ത്തന സമയവും ചോദ്യോത്തര വേളയും അടിയന്തര പ്രമേയങ്ങള്‍ പരിഗണിക്കുന്ന രീതിയും വിശകലനം ചെയ്തിട്ടുണ്ട്. നിശ്ചയിച്ചിരുന്ന മുഴുവന്‍ ദിവസങ്ങളും ഉപയോഗിക്കാത്തത് ജനാധിപത്യപരമായ ചര്‍ച്ചകള്‍ക്ക് തിരിച്ചടിയാകാമെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. നിയമസഭയുടെ കാര്യക്ഷമത വിലയിരുത്തുമ്പോള്‍ പാസാക്കിയ ബില്ലുകളുടെ എണ്ണം മാത്രമല്ല, അവ ചര്‍ച്ച ചെയ്യാന്‍ അനുവദിച്ച സമയം, അംഗങ്ങള്‍ക്ക് ലഭിച്ച പങ്കാളിത്ത അവസരങ്ങള്‍, പൊതുപ്രശ്‌നങ്ങള്‍ ഉയര്‍ത്താനുള്ള സൗകര്യം എന്നിവയും പരിഗണിക്കേണ്ടതുണ്ടെന്നാണ് വിലയിരുത്തല്‍. നിയമസഭയുടെ പ്രവൃത്തിദിനങ്ങള്‍ വര്‍ധിപ്പിക്കുകയും കൂടുതല്‍ വിശദമായ ചര്‍ച്ചകള്‍ക്ക് സമയം അനുവദിക്കുകയും ചെയ്യേണ്ടതുണ്ടെന്ന നിര്‍ദേശവും പഠനം മുന്നോട്ടുവയ്ക്കുന്നു.

The 15th Kerala Legislative Assembly, which functioned during the second consecutive term of the CPI(M)-led LDF government from 2021 to 2026, met for 204 sitting days across 16 sessions between May 2021 and February 2026, averaging 41 sitting days a year, according to a new evaluation report.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍-എക്‌സാലോജിക് കേസ്: തുടര്‍ നടപടി പാടില്ലെന്ന് ഹൈക്കോടതി, വിധി വെള്ളിയാഴ്ച

'ഡമ്മി ടു ഡമ്മി'; ത്വിഷാ ശർമ്മയുടെ മരണം പുനസൃഷ്ടിക്കാൻ 80 കിലോ ഡമ്മിയുമായി സിബിഐ

സി-ഡാകിൽ വൻ അവസരം! 951 ഒഴിവുകൾ; പ്രവൃത്തി പരിചയം വേണ്ട, കേരളത്തിലും നിയമനം

നൂര്‍ബിനയുടെ തോല്‍വി മതസംഘടനകളുടെ എതിര്‍പ്പു കൊണ്ടായിരുന്നില്ല, എനിക്ക് എല്ലാവരുടെയും പിന്തുണ കിട്ടി: ഫാത്തിമ തഹിലിയ

തൃശൂർ മെഡിക്കൽ കോളജിൽ ഡോക്ടർക്ക് പാമ്പുകടിയേറ്റു

SCROLL FOR NEXT