തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയുടെ സ്പീക്കറായി മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ തിരുവഞ്ചൂർ രാധാകൃഷ്ണനെ ഔദ്യോഗികമായി തിരഞ്ഞെടുത്തു. വെള്ളിയാഴ്ച സഭയിൽ നടന്ന രഹസ്യ ബാലറ്റ് വോട്ടെടുപ്പിൽ 101 വോട്ടുകൾ നേടിയാണ് അദ്ദേഹം നിയമസഭയുടെ നാഥനായി ചുമതലയേറ്റത്. പ്രോടേം സ്പീക്കറായിരുന്ന ജി സുധാകരൻ വോട്ട് രേഖപ്പെടുത്തിയില്ല. യുഡിഎഫ് പിന്തുണയോടെ അമ്പലപ്പുഴ മണ്ഡലത്തിൽ നിന്നും സ്വതന്ത്രനായി വിജയിച്ച മുൻ സിപിഎം നേതാവ് ജി സുധാകരൻ പുതിയ സ്പീക്കർ ചുമതലയേറ്റതോടെ പ്രോടേം സ്പീക്കർ പദവിയിൽ നിന്നും ഒഴിഞ്ഞു. 140 അംഗ നിയമസഭയിൽ കോൺഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫിന് 102 അംഗങ്ങളുടെ ഭൂരിപക്ഷമുണ്ട്.
സിപിഎം നേതൃത്വത്തിലുള്ള ഇടതുമുന്നണി (LDF) സ്ഥാനാർത്ഥിയായി മത്സരിച്ച എ.സി. മൊയ്തീന് 35 വോട്ടുകളും, ബിജെപി സ്ഥാനാർത്ഥിയായി രംഗത്തിറങ്ങിയ ബി.ബി. ഗോപകുമാറിന് 3 വോട്ടുകളുമാണ് ലഭിച്ചത്. സഭയിൽ എൽഡിഎഫിന് 35 അംഗങ്ങളും ബിജെപിക്ക് 3 അംഗങ്ങളുമാണുള്ളത്. തിരുവഞ്ചൂർ രാധാകൃഷ്ണൻ രാഷ്ട്രീയ, പാർലമെന്ററി രംഗങ്ങളിൽ ദശാബ്ദങ്ങളുടെ പ്രവർത്തന പരിചയമുള്ള സമുന്നത നേതാവാണെന്ന് വോട്ടെടുപ്പ് ഫലം പ്രഖ്യാപിച്ചുകൊണ്ട് ജി സുധാകരൻ പറഞ്ഞു. ലളിത ജീവിതം നയിക്കുന്നതും ഏവർക്കും എളുപ്പത്തിൽ പ്രാപ്യനുമായ മുൻ ആഭ്യന്തര മന്ത്രിക്ക് എല്ലാവിധ ഭാവുകങ്ങളും നേർന്ന സുധാകരൻ, പ്രോടേം സ്പീക്കർ എന്ന നിലയിലുള്ള തന്റെ ദൗത്യം വിജയകരമായി പൂർത്തിയാക്കാൻ സഹകരിച്ച എല്ലാ സഭാംഗങ്ങൾക്കും നന്ദി രേഖപ്പെടുത്തി.
തിരഞ്ഞെടുപ്പ് ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചതിന് പിന്നാലെ സഭയിലെ മുഴുവൻ ജനപ്രതിനിധികളും തിരുവഞ്ചൂർ രാധാകൃഷ്ണന്റെ സീറ്റിലെത്തി അദ്ദേഹത്തെ നേരിട്ട് അഭിനന്ദിച്ചു. തുടന്ന് മുഖ്യമന്ത്രി വിഡി സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും ചേർന്ന് തിരുവഞ്ചൂരിന്റെ കൈകൾ പിടിച്ച് സഭയുടെ മുൻനിരയിൽ നിന്നും സ്പീക്കറുടെ ഔദ്യോഗിക കസേരയിലേക്ക് ആനയിക്കുകയായിരുന്നു. പ്രോടേം സ്പീക്കർ ജി. സുധാകരനെ ആലിംഗനം ചെയ്ത ശേഷം തിരുവഞ്ചൂർ സ്പീക്കർ പദവിയിൽ ഉപവിഷ്ടനായി. തുടർന്ന് സുധാകരൻ സഭയിലെ തന്റെ സാധാരണ സീറ്റിലേക്ക് മടങ്ങി.
തിരുവഞ്ചൂർ രാധാകൃഷ്ണന് നിയമസഭയിൽ മൂന്ന് പതിറ്റാണ്ടിലേറെയുള്ള പാർലമെന്ററി പരിചയമുണ്ടെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ തന്റെ അനുമോദന പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു. കെഎസ്‌യു, യൂത്ത് കോൺഗ്രസ് തുടങ്ങിയ വിദ്യാർത്ഥി-യുവജന പ്രസ്ഥാനങ്ങളിലൂടെ ഉയർന്നുവന്ന തിരുവഞ്ചൂർ വിവിധ യുഡിഎഫ് സർക്കാരുകളുടെ കാലത്ത് കൈകാര്യം ചെയ്ത സുപ്രധാന വകുപ്പുകളെക്കുറിച്ചും മുഖ്യമന്ത്രി എടുത്തുപറഞ്ഞു.
മുഖ്യമന്ത്രിയുടെ വാക്കുകളോട് പൂർണ്ണമായി യോജിച്ച പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, പുതിയ സ്പീക്കർ സഭയുടെ കാവലാളായും സഭയുടെ പൊതുശബ്ദമായും പ്രവർത്തിക്കുമെന്ന് പ്രത്യാശിച്ചു. പ്രതിപക്ഷത്തിന്റെ ശബ്ദം കൂടി മാനിച്ചുകൊണ്ട് മാത്രമേ സ്പീക്കർക്ക് സഭയുടെ പൊതുശബ്ദമാകാൻ കഴിയൂ എന്നും ജനാധിപത്യപരമായ രീതിയിലുള്ള സഭാ നടത്തിപ്പിന് പ്രതിപക്ഷത്തിന്റെ പൂർണ്ണമായ പിന്തുണ ഉറപ്പുനൽകുന്നതായും പിണറായി വിജയൻ വ്യക്തമാക്കി. മന്ത്രി പികെകുഞ്ഞാലിക്കുട്ടി, കെ രാജൻ, ബിജെപി പ്രതിനിധി രാജീവ് ചന്ദ്രശേഖർ തുടങ്ങിയവരും തിരുവഞ്ചൂരിനെ അനുമോദിച്ചു. തങ്ങളെ തിരഞ്ഞെടുത്ത ജനങ്ങളുടെ പ്രശ്നങ്ങൾ സഭയിൽ അവതരിപ്പിക്കാൻ എല്ലാവർക്കും തുല്യ അവസരം നൽകണമെന്ന് ബിജെപി അംഗങ്ങൾക്ക് വേണ്ടി രാജീവ് ചന്ദ്രശേഖർ സ്പീക്കറോട് അഭ്യർത്ഥിച്ചു
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates