

ഭാഗ്യരാജിനെക്കുറിച്ചുള്ള ഓര്‍മകളില്‍ വികാരഭരിതയായി ഉര്‍വശി. ഉര്‍വശിയുടെ കരിയര്‍ ആരംഭിക്കുന്നത് ഭാഗ്യരാജിനൊപ്പമാണ്. താന്‍ നേടിയ നേട്ടങ്ങളെല്ലാം ഭാഗ്യരാജിനുള്ളതാണെന്നാണ് ഉര്‍വശി പറയുന്നത്. അദ്ദേഹം മരിച്ചപ്പോള്‍ താന്‍ കാണാന്‍ പോകാതിരുന്നത് എന്തുകൊണ്ടാണെന്നും ഉര്‍വശി പറയുന്നു. ഗലാട്ട തമിഴിന് നല്‍കിയ അഭിമുഖത്തിലാണ് ഉര്‍വശി മനസ് തുറന്നത്.
''തെറ്റായ വാര്‍ത്തയാണെന്നും അത് പറഞ്ഞവനെ കൊല്ലണമെന്നുമാണ് ആദ്യം തോന്നിയത്. ഒരു മീഡിയയില്‍ നിന്നും ഫോണ്‍ വിളിച്ചാണ് പറഞ്ഞത്. പ്ലെയ്ന്‍ ആയി, ഡയറക്ടായിട്ട് പറയുകയായിരുന്നു. ഞാനൊരു ഷൂട്ടിലായിരുന്നു. ഇങ്ങനൊരു വാര്‍ത്ത കേള്‍ക്കുന്നുണ്ടല്ലോ എന്നൊക്കെ മെല്ലെ മെല്ലെ പറയാമായിരുന്നു. പക്ഷെ നേരെ പറഞ്ഞിട്ട്, നിങ്ങള്‍ പ്രതികരിക്കുമോ ഞാന്‍ കണക്ട് ചെയ്യാമെന്ന് പറഞ്ഞു. എനിക്ക് ഷോക്കായിപ്പോയി. ഒരു നിമിഷം ഒന്ന് നില്‍ക്കൂ, നിങ്ങള്‍ ആരെക്കുറിച്ചാണ് പറയുന്നത്? ആള് മാറിപ്പോയതാണോ എന്ന് ഞാന്‍ ചോദിച്ചു'' താരം പറയുന്നു
''ഇല്ല മാഡം, ഇന്ന് രാവിലെ നടക്കാന്‍ പോയപ്പോള്‍ ഹൃദയാഘാതമുണ്ടായി, നിങ്ങള്‍ക്ക് അറിയില്ലേ എന്ന് ചോദിച്ചു. കുറച്ച് നേരത്തെ അനങ്ങാനായില്ല. ദേഹമാസകലം മുള്ള് തറച്ചു കയറുന്നത് പോലെ തോന്നി. ഭാരതിരാജ സാറിനൊക്കെ വയസായെന്നും ആരോഗ്യം മോശമാണെന്നുമൊക്കെ അറിയാമായിരുന്നു. ഇത് പക്ഷെ എല്ലാ പരിപാടിക്കും ചുറുചുറുക്കോടെ വരാന്‍ ആരംഭിച്ചിരുന്നു'' എന്നും ഉര്‍വശി പറയുന്നു. വിതുമ്പിക്കൊണ്ടായിരുന്നു ഉര്‍വശി സംസാരിച്ചത്.
''മറന്നാലല്ലേ ഓര്‍ക്കേണ്ടതുള്ളൂ. ഞാന്‍ ഏത് കഥാപാത്രം ചെയ്യുമ്പോഴും അദ്ദേഹത്തെ ഓര്‍ക്കും. നിങ്ങള്‍ എന്ത് അനായാസമായിട്ടാണ് അഭിനയിക്കുന്നത് എന്ന് കേള്‍ക്കുമ്പോള്‍ അദ്ദേഹത്തെ ഓര്‍ക്കും. എനിക്ക് ലഭിക്കുന്ന ഓരോ അഭിനന്ദനവും അദ്ദേഹത്തിനുള്ളതാണ്. എനിക്കുള്ളതല്ല. കാരണം അദ്ദേഹം എനിക്ക് വേണ്ടി അത്രയും ആത്മാര്‍ത്ഥമായി കൂടെ നിന്നിട്ടുണ്ട്. സാരിയുടുത്ത് നടക്കേണ്ടത് എങ്ങനെയാണെന്ന് പോലും പഠിപ്പിച്ചു തന്നത് അദ്ദേഹമാണ്. എനിക്ക് വേണ്ടി സാരിയുടുത്ത് നടന്ന് കാണിച്ചു തന്നിട്ടുണ്ട്. ലൊക്കേഷനിലുള്ളവരെല്ലാം വീണ് ചിരിക്കും'' താരം ഓര്‍ക്കുന്നു. എന്തുകൊണ്ട് ഭാഗ്യരാജിനെ അവസാനമായി കാണാന്‍ പോയില്ല എന്ന് ചോദിക്കുന്നവര്‍ക്കും താരം മറുപടി നല്‍കുന്നുണ്ട്.
''ആ അന്വേഷണങ്ങള്‍ക്ക് പിന്നില്‍ ക്രൂരമായൊരു താല്‍പര്യമുണ്ട്. പുറത്ത് വന്ന് പ്രതികരണം കൊടുത്തിട്ട് പോകണം. ആ പ്രതികരണം എന്തായിരിക്കുമെന്നും അവര്‍ക്ക് അറിയാം. അത് മറ്റുള്ളവരുടെ മുന്നില്‍ കാണിക്കാന്‍ എനിക്ക് താല്‍പര്യമില്ല. എന്നെ സാറിന്റെ ആത്മാവിന് അറിയാം. അദ്ദേഹത്തിന്റെ കുടുംബത്തിന് അറിയാം. എന്നെ സംബന്ധിച്ച് ഇതൊന്നും താങ്ങാനുള്ള ശക്തി ഇപ്പോള്‍ മനസിന് ഇല്ല. മീഡിയയ്ക്ക് മുന്നില്‍ വന്ന് ഇമോഷണല്‍ ഡ്രാമ കാണിക്കേണ്ട ആവശ്യമില്ല. അത് സത്യമാണെന്നും അല്ലെന്നും പലരും പറയും. ആ വിമര്‍ശനങ്ങള്‍ക്കൊന്നും ഇടമില്ല. ചില സമയത്ത് നമുക്ക് നമ്മുടെ വികാരങ്ങള്‍ നിയന്ത്രിക്കാനാകില്ല'' എന്നാണ് ഉര്‍വശി പറയുന്നത്.
''ഞാന്‍ എപ്പോഴും ചിരിച്ചു കാണാനാണ് അദ്ദേഹം ആഗ്രഹിച്ചിരുന്നത്. അദ്ദേഹത്തിന്റെ നല്ല ശിഷ്യയാണ് ഞാന്‍. ഞാന്‍ കരയുന്നത് അദ്ദേഹത്തിന് ഇഷ്ടമാകില്ല. അദ്ദേഹം അങ്ങനെ കിടക്കുന്നത് കാണാനുള്ള ശക്തി എനിക്കില്ല. എന്റെ മനസില്‍ അദ്ദേഹം കോട്ടും സ്യൂട്ടും ധരിച്ച് നല്ല ഭംഗിയോടെയാണുള്ളത്. അത് അങ്ങനെ തന്നെ ഇരുന്നോട്ടെ. മരിച്ചുകിടക്കുന്ന അദ്ദേഹത്തെ എനിക്ക് കാണണ്ട. സജീവമായി നടക്കുന്ന അദ്ദേഹം എന്റെ കണ്ണിലുണ്ട്. അത് മതി എനിക്ക്.'' എന്നും അവര്‍ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates